Home & Garden

വാസ്തു ശാസ്ത്രവും വീടിന്റെ ഐശ്വര്യവും

പുരാതന കാലം മുതല്‍ക്കേ വീട് പണിയുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന പദമാണ് വാസ്തു ശാസ്ത്രമെന്നത്. താമസിക്കാന്‍ ഉദ്ദേശിക്കുന്ന വീട് പഞ്ച ഭൂതങ്ങളുടെ അനുഗ്രഹ പ്രകാരം നിര്‍മ്മിയ്ക്കുക എന്നതാണ് പ്രധാനമായും വസ്തു ശാസ്ത്രം കൊണ്ട് അര്‍ത്ഥമാക്കുന്നത്.

വീട് വയ്ക്കാനുള്ള ഭൂമി കണ്ടെത്തുന്നത് മുതല്‍ ആരംഭിക്കും വാസ്തു ശാസ്ത്രത്തിന്റെ ജോലി. പഞ്ചഭൂതങ്ങളില്‍ ഉള്‍പ്പെട്ട ജലം, വായു, അഗ്‌നി, എന്നിവയുടെ ലഭ്യതയ്ക്ക് വാസ്തു പ്രകാരം പ്രത്യേക സ്ഥാനം നിശ്ചയിച്ചിട്ടുണ്ട്. സമചതുര ആകൃതിയിലുള്ള സ്ഥലമാണ് പ്രധാനമായും വീട് വയ്ക്കുന്നതിനായി വാസ്തു ശാസ്ത്രം നിഷ്‌കര്‍ഷിക്കുന്നത്. പ്രത്യേകിച്ച് , പടിഞ്ഞാറ് നിന്നും കിഴക്ക് ദിക്കിലേക്ക് അല്പം ചരിവുള്ള പ്രദേശം വളരെ ശുഭകരമായി കരുതുന്നു.
അത് പോലെ തന്നെ വാസ്തു പ്രകാരം വീടിന്റെ വലുപ്പത്തിന്റെ കാര്യത്തിലും ചില നിബന്ധനകള്‍ ഉണ്ട്. വീടിന്റെ നീളവും വീതിയും തമ്മിലുള്ള അനുപാതം എപ്പോഴും 1:1 എന്നാകണം. പരമാവധി 1:2 , അതിനപ്പുറം പോകുന്ന വീടുകള്‍ ശുഭകരമായി കണക്കാക്കുന്നില്ല.

ഇനി ,ദിക്കുകളുടെ കാര്യം നോക്കിയാലാകട്ടെ, കിഴക്കും വടക്കുമാണ് ഐശ്വര്യ ദായകമായി കണക്കാക്കപ്പെടുന്നത്. അതായത് ഈ രണ്ടു ദിശയിലുമാണ് വീടിന്റെ മുഖം വരേണ്ടത്. വീടിന്റെ വാതിലുകളുടെയും ജനലുകളുടെയും എണ്ണം ഇരട്ട സംഖ്യ ആകുന്നതാണ് ഉത്തമമായി കണക്കാക്കപ്പെടുന്നത്.

വാസ്തു ശാസ്ത്ര പ്രകാരം വീട് പണിയുന്നതിലൂടെ, താമസക്കാരുടെ ഊര്‍ജ്ജ നിലയും പ്രാപഞ്ചിക ഊര്‍ജ്ജവും തമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച്, ഐശ്വര്യം വര്‍ദ്ധിക്കാന്‍ ഇട വരും എന്ന് വാസ്തു വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ഊര്‍ജ്ജ സ്ഥാനങ്ങളെ വീടിന്റെ മൂലകളില്‍ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ , വീടിന്റെ നാല് മൂലയും എന്നും പ്രകാശം കടന്നു ചെല്ലുന്ന ഇടങ്ങളായി സംരക്ഷിക്കണം. വീടിന്റെ മൂലകള്‍ ഇരുളടഞ്ഞു കിടക്കുന്നത് താമസക്കാരുടെ ആരോഗ്യത്തിനും സമ്പത്തിനും ദോഷം ചെയ്യുമെന്ന് പറയപ്പെടുന്നു.

വീട്ടില്‍ പൂജാമുറിയുടെ സ്ഥാനം എപ്പോഴും വടക്ക് കിഴക്ക് ദിശയില്‍ വരുന്നതാണ് ഉത്തമം. പൂജാമുറിയ്ക്ക് അടുത്തായി കുളിമുറി കക്കൂസ് എന്നിവ വരുന്നത് അശുഭകരമാണ്. കിടപ്പ് മുറികളില്‍ ജലാംശം , സസ്യങ്ങള്‍ വളര്‍ത്തല്‍ എന്നിവ അശുഭകരമായി പറയപ്പെടുന്നു. കിഴക്ക് വശത്തായി അടുക്കളയുടെ സ്ഥാനം നിഷ്‌കര്‍ഷിച്ചിരിക്കുന്നു. അടുപ്പിനടുത്തായി കിണര്‍ വരുന്നതിനെ വാസ്തു പ്രോത്സാഹിപ്പിക്കുന്നില്ല. വീടിനു ചേരുന്ന നിറങ്ങളെ കുറിച്ച് വാസ്തു ശാസ്ത്രത്തില്‍ പ്രത്യേകിച്ച് ഒന്നും പറയുന്നില്ല എങ്കിലും , കടുത്ത നിറങ്ങള്‍ ഒഴിവാക്കുന്നതാണ് ഉചിതം.

shortlink

Related Articles

Post Your Comments

Related Articles


Back to top button