KeralaIndiaNewsInternationalBusiness

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

  1. ദേരാ സച്ചാ സൗധ നേതാവ് ഗുര്‍മീത് സിംഗ് റാം റഹീമിന് 10 വര്‍ഷം തടവ്

ഇന്ന് വിധി പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഹരിയാനയിലും പഞ്ചാബിലും ഒരുക്കിയിരിക്കുന്നത്. ഏറെ നാടകീയരംഗങ്ങളാണ് വിധി പറഞ്ഞ ഹരിയാനയിലെ റോത്തക് സുനരിയ ജയിലില്‍ പ്രത്യേകം തയ്യാറാക്കിയ കോടതി മുറിയില്‍ അരങ്ങേറിയത്. വിധി പറയാനായി ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന ഹരിയാനയിലെ റോത്തക് സുനരിയ ജയിലില്‍ പ്രത്യേക സിബിഐ ജഡ്ജി ജഗ്ദീപ് സിങ് ഹെലികോപ്റ്ററിലാണ് എത്തിയത്. കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിധി പ്രഖ്യാപനം തിങ്കളാഴ്ചത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

2. ഇന്ത്യന്‍ കമ്പനികളെ സ്വാഗതം ചെയ്ത് ഖത്തര്‍ അമീര്‍

2022 ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫാ ലോകകപ്പിനുള്ള അടിസ്ഥാന സൗകര്യ വികസനത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്ന് കഴിഞ്ഞ വര്‍ഷം ഇന്ത്യാ സന്ദര്‍ശനത്തിനിടെ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വെള്ളിയാഴ്ച ഇന്ത്യയിലെത്തിയ ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹിമാന്‍ അല്‍താനി ഇന്ത്യന്‍ കമ്പനികളെ ഖത്തറിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നത്. ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട വികസന പദ്ധതികള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് പ്രോജക്റ്റ് എക്‌സ്‌പോര്‍ട്ട് പദ്ധതികളിലൂടെ പങ്കാളികളാകാന്‍ ഇന്ത്യക്ക് അവസരം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

3. പി വി അന്‍വര്‍ എം എല്‍ എ നിര്‍മിച്ച അനധികൃത റോപ്പ് വേ പൊളിക്കാന്‍ നോട്ടീസ്

റസ്റ്റോറന്റ് നിര്‍മാണത്തിന് വേണ്ടിയാണ് അന്‍വര്‍ എം എല്‍ എ പഞ്ചായത്തില്‍നിന്ന് അനുമതി നേടിയത്. എന്നാല്‍ റസ്റ്റോറന്റ് നിര്‍മാണത്തിനു പകരം റോപ്പ് വേയും ചെക്ക് ഡാമും നിര്‍മിക്കുകയായിരുന്നു. മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് 480 മീറ്ററോളം ദൈര്‍ഘ്യമുള്ള റോപ് വേ വനത്തിന് സമീപത്തായി നിര്‍മിച്ചിരിക്കുന്നത്. കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്ക് അനധികൃതമായി നിര്‍മിച്ചെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് അനധികൃത റോപ്പ് വേ, ചെക്ക് ഡാം നിര്‍മാണവാര്‍ത്തകള്‍ പുറത്തെത്തിയത്. അനധികൃത റോപ്പ് വേ പൊളിച്ചു മാറ്റാന്‍ ഊര്‍ങ്ങാട്ടേരി പഞ്ചായത്താണ് ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

4. ആദായ നികുതി അടയ്ക്കാത്തവരെ കണ്ടെത്താനുള്ള ശ്രമവുമായി ആദായ നികുതി വകുപ്പ്

ബാങ്കുകള്‍ പത്ത് ശതമാനം ടിഡിഎസ് പിടിച്ചാണ് നിക്ഷേപകന് പലിശ കൈമാറുന്നത്. എന്നാല്‍ 30 ശതമാനം ടാക്‌സ് ബ്രാക്കറ്റിലുള്ളവര്‍ പോലും ബാക്കിയുള്ള നികുതി അടയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന് ആദായ നികുതി വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. അഞ്ച് ലക്ഷത്തിലേറെ പലിശ വരുമാനം ലഭിക്കുന്നവരിലേറെയും മുതിര്‍ന്ന പൗരന്മാരാണ്. ബാധ്യതയുണ്ടായിട്ടും ആദായ നികുതി അടയ്ക്കുകയോ റിട്ടേണ്‍ ഫയല്‍ ചെയ്യുകയോ ചെയ്യാത്തവരാണ് അതികവും. ഇതേ തുടര്‍ന്നാണ്‌ വന്‍തോതില്‍ പലിശ വരുമാനം ലഭിക്കുന്നവരെ കണ്ടെത്താന്‍ പ്രത്യക്ഷ നികുതി ബോര്‍ഡ് ശ്രമം തുടങ്ങിയിരിക്കുന്നത്.

5. സംസ്ഥാനത്തുനിന്നും ദൂരൂഹസാഹചര്യത്തില്‍ കാണാതായത് 648 പേര്‍

ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ വെളിവായിരിക്കുന്നത്. വിവിധ പോലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കണക്കുകളുടെ അടിസ്ഥാനത്തില്‍ മാത്രമുള്ളതാണിത്. ഇത്തരത്തില്‍ കാണാതായവര്‍ ഐ.എസ്. പോലെയുള്ള ഭീകരസംഘടനയില്‍ എത്തിപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ദേശിയ അന്വേഷണ ഏജന്‍സി സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എണ്‍പതിലധികം മലയാളികള്‍ ഐ.എസ് മേഖലയില്‍ ഇപ്പോള്‍ ഉള്ളതായാണ് എന്‍.ഐ.എ കരുതുന്നത്. കാണാതായ 648 പേരില്‍ 297 പേരും സ്ത്രീകളാണ്.

വാര്‍ത്തകള്‍ ചുരുക്കത്തില്‍

  1. സുപ്രീം കോടതിയുടെ 45–ാം ചീഫ് ജസ്റ്റിസായി ദിപക് മിശ്ര ചുമതലയേറ്റു. ഒഡീഷയില്‍ നിന്നുളള മൂന്നാമത്തെ ചീഫ് ജസ്റ്റിസാണ് ദിപക് മിശ്ര

2. ഗോവയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളിലും     ബിജെപിക്കു ജയം. ഗോവയിലെ പനജി നിയമസഭാ മണ്ഡലത്തിൽനിന്ന് 4,803 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മനോഹര്‍ പരീക്കറുടെ ജയം.

3. സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് 11 ലക്ഷം രൂപയായി സുപ്രീംകോടതി നിശ്ചയിച്ചു

4. നഴ്സുമാർക്ക് സുപ്രീം കോടതി നിർദേശിച്ച ശമ്പളം നൽകാൻ ശുപാർശ. റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയനു സമർപ്പിച്ചു.

5. സ്വര്‍ണം വാങ്ങുന്നവര്‍ക്ക് തിരിച്ചടിയായി കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു. ഇനിമുതല്‍ രണ്ടു ലക്ഷത്തിനു മുകളിലുള്ള ഇടപാടുകള്‍ക്കു പാന്‍ വേണമെന്നാണ് പുതിയ വ്യവസ്ഥ.

6. കേന്ദ്രത്തിന്റെ സബ്സിഡിയോടെയുള്ള ഹജ്ജ് യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നു. സര്‍ക്കാരിന്റെ സഹായത്തോടെയുള്ള ഹജ്ജ് യാത്ര ഒരു വ്യക്തിക്ക് ഒരിക്കല്‍ മാത്രമാക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വി.

7. അണ്ണാ ഡിഎംകെയിൽനിന്ന് വി.കെ. ശശികലയെയും ടി.ടി.വി. ദിനകരനെയും പുറത്താക്കാൻ തീരുമാനം. പാർട്ടി ആസ്ഥാനത്തുചേർന്ന പനീർസെൽവം – പളനിസാമി അനുകൂല എംപി, എംഎല്‍എ, ജില്ലാ ഭാരവാഹികൾ തുടങ്ങിയവരുടെ യോഗത്തിലാണ് പുതിയ തീരുമാനം.

8. ദോക് ലായിൽ കഴിഞ്ഞ രണ്ടരമാസമായി നിലനിന്നിരുന്ന സംഘർഷം പരിഹരിച്ചെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇന്ത്യയും ചൈനയും പ്രദേശത്തുനിന്ന് സൈന്യത്തെ പിൻവലിക്കുമെന്നും മന്ത്രാലയം.

9. ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ വിചാരണ വൈകുന്നതില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശം. ഇത്രയും കാലമായിട്ടും ഇരയുടെ മൊഴിപോലും എടുക്കാത്തതെന്തുകൊണ്ടാണെന്നും സര്‍ക്കാരിനോട് കോടതി.

10. പെണ്‍കുഞ്ഞുങ്ങളെയും ചേലാകര്‍മത്തിന് വിധേയമാക്കുന്നുവെന്ന വാര്‍ത്ത നടുക്കുന്നതാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇതിനെതിരെ നടപടിയുണ്ടാവുമെന്നും ആരോഗ്യമന്ത്രി.

11. ഹാർവി ചുഴലിക്കാറ്റിനൊപ്പമെത്തിയ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഹൂസ്റ്റണിൽ അഞ്ച് പേർ മരിച്ചു. 50 വർഷത്തിനിടെ ടെക്സസ് നേരിടുന്ന വലിയ ചുഴലിക്കാറ്റാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button