Latest NewsKeralaNews

കതിരൂർ മനോജ് വധം: ജയരാജൻ മുഖ്യ ആസൂത്രകൻ: യു എ പി എ :ശക്തമായ തെളിവുകള്‍ : സി ബി ഐ കുറ്റപത്രത്തിൽ പറയുന്നത് ഇങ്ങനെ

കണ്ണൂര്‍: ആര്‍.എസ്.എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷന്‍ പ്രമുഖ് ആയിരുന്ന കതിരൂര്‍ മനോജിന്റെ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ അടക്കം ആറു പ്രതികള്‍ക്കെതിരെ കുറ്റപത്രം. കേസിലെ 25 ാം പ്രതിയാണ് ജയരാജന്‍. കൊലപാതത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട രണ്ടാംഘട്ട കുറ്റപത്രമാണ് ഇന്ന് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്.ദേശവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമ(യു.എ.പി.എ.)ത്തിലെ 18 എന്ന വകുപ്പ് കൂടി ജയരാജനെതിരെ സി.ബി.ഐ. ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാം ഘട്ട കുറ്റപത്രത്തില്‍ പി ജയരാജന്‍ ഉള്‍പ്പടെ ആറു പ്രതികളാണ് ഉള്ളത്. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍ ജയരാജനാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
കേസിന്റെ നാൾ വഴികൾ:
2014 സെപ്റ്റംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെട്ടത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം മനോജിനെ വാഹനത്തില്‍ നിന്നും വലിച്ചിറക്കി വടിവാളിന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുകൊണ്ടിരിക്കേയാണ് സിബിഐയ്ക്ക് വിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.2014 സെപ്റ്റംബര്‍ 28ന് സിബിഐ കേസ് ഏറ്റെടുത്തു. തുടര്‍ന്ന് പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന, വധശ്രമം, യുഎപിഎ വകുപ്പുകള്‍ ചുമത്തി തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു.
പി.ജയരാജനെ പതിനഞ്ച് വര്‍ഷം മുന്‍പ് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പ്രതികാരമായാണ് മനോജിനെ വധിച്ചതെന്നാണ് ആദ്യകുറ്റപത്രത്തില്‍ പറയുന്നത്. ജയരാജനെ 2015 ജൂണ്‍ രണ്ടിന് സിബിഐ അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. 2016 ജനുവരി 10നും ജയരാജനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം ചികിത്സയില്‍ പ്രവേശിക്കുകയായിരുന്നു.
കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ജയരാജന്‍ 2016 ഫെബ്രുവരി 11ന് തലശേരി സെഷന്‍ കോടതിയില്‍ കീഴടങ്ങി. തുടര്‍ന്ന് മാര്‍ച്ച്‌ 11 വരെ റിമാന്‍ഡ് ചെയ്തു.ജയരാജന് പുറമെ മറ്റു അഞ്ച് പേരും കേസില്‍ പ്രതികളാണ്.
നേരത്തെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ജയരാജന്‍ മുഖ്യ ആസൂത്രകനാണെന്ന് പറഞ്ഞിരുന്നില്ല. ഇപ്പോള്‍ സമര്‍പ്പിക്കുന്ന അനുബന്ധ കുറ്റപത്രത്തിലാണ് ജയരാജനെതിരെ കുറ്റം ഉള്ളത്.പയ്യന്നൂരിലെ മുന്‍ സിപിഎം ഏരിയാ സെക്രട്ടറി ടി.എ. മധുസൂധനന്‍, റെജിലേഷ്, ഷജിലേഷ്, മഹേഷ് ഉള്‍പ്പെടെയുള്ള പ്രതികളും ഈ കുറ്റപത്രത്തില്‍ലുണ്ട്. ഇവരൊക്കെ കൊലയാളി സംഘത്തിന് വേണ്ട സഹായങ്ങള്‍ ചെയ്തുനല്‍കിയവരാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ ആകെ 25 പ്രതികളാണ് ഉള്ളത്.മനോജ് വധക്കേസില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ജയരാജനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
രാഷ്ട്രീയവൈരാഗ്യം മൂലമുള്ള കൊലപാതകമാണിതെന്ന് സിബിഐ പറയുന്നു.കൂടാതെ മനോജിനോട് പ്രതികള്‍ക്ക് വ്യക്തിപരമായ ശത്രുതയുമുണ്ടായിരുന്നു. സിപിഎം ഏരിയ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി തുടങ്ങി 25 പേര്‍ കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.1999 ആഗസ്ത് 25ന് തിരുവോണനാളില്‍ ജയരാജനെ വീട്ടില്‍ കയറി ആക്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മനോജ്. ഈ കേസില്‍ പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു.മനോജ് വധക്കേസിലെ ഒന്നാം പ്രതി വിക്രമനാണ്. വിക്രമനുമായി സംസാരിച്ച്‌ ജയരാജന്‍ മറ്റു പ്രതികളെ ഏകോപിപ്പിക്കാന്‍ വിക്രമനെ തന്നെ ചുമതലയേല്‍പ്പിച്ചു.
ഏകോപനവും കൊലപാതകവും നടത്തിയത് വിക്രമനാണെങ്കിലും ആസൂത്രണം നടത്തിയത് ജയരാജനാണെന്നാണ് ആരോപണം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയരാജനെ ആക്രമിച്ചതിലുള്ള വൈരാഗ്യമാണ് ഗൂഢാലോചനയ്ക്ക് കാരണം. മനോജിനെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിക്കുകയായിരുന്നുവെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. അരിയില്‍ ഷുക്കൂര്‍ വധക്കേസിലും പ്രതിയാണ് ജയരാജന്‍. ജയരാജനും ടിവി രാജേഷ് എംഎല്‍എക്കുമെതിരേ സിബിഐ നടത്തിയ അന്വേഷണം ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ സിബിഐ ഡിവിഷന്‍ ബെഞ്ചില്‍ നിന്നു അന്വേഷണം പുനരാരംഭിക്കാന്‍ അനുമതി വാങ്ങിയത് ഒരാഴ്ച മുൻപാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button