Latest NewsNewsIndia

നോട്ട് അസാധുവാക്കല്‍: 577 കോടി നഷ്ടപരിഹാരം വേണമെന്ന് അച്ചടി പ്രസ്സുകള്‍

ന്യൂഡല്‍ഹി: നോട്ട് നിരോധനം മൂലമുണ്ടായ നഷ്ടം നികത്താന്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട്‌ നോട്ട് അച്ചടിയ്ക്കുന്ന പ്രസ്സുകള്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചു.

നോട്ട് നിരോധനം കാരണം പ്രസ്സുകള്‍ക്ക് 577 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്. അച്ചടിച്ച നോട്ടുകള്‍, അച്ചടി ചിലവുകള്‍, മഷി, ഉപയോഗശൂന്യമായ കടലാസ്സുകള്‍ എന്നിവയുള്‍പ്പെടെയാണ് ഈ നഷ്ടം കണക്കാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ പ്രസ്സുകളില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രിന്റിംഗ് നടത്താറില്ല. അതുകൊണ്ട് തന്നെ നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെയുണ്ടായ നഷ്ടം നികത്താന്‍ റിസര്‍വ് ബാങ്ക് തയാറാകണമെന്നും പ്രസ്സുകള്‍ ആവശ്യപ്പെട്ടു.

ഉയര്‍ന്ന നിലവാരത്തിലുള്ള ഇറക്കുമതി ചെയ്ത പേപ്പറുകളാണ് 500, 1000 രൂപ നോട്ടുകള്‍ പ്രിന്റ് ചെയ്യാന്‍ ഉപയോഗിച്ചിരുന്നത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട 577 കോടി രൂപയുടെ സിംഹഭാഗവും പേപ്പറിനായി ഉപയോഗിച്ചതാണെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ നാല് സ്ഥലങ്ങളിലാണ് നോട്ട് അച്ചടിക്കുന്ന പ്രസുകള്‍ പ്രവര്‍ത്തിക്കുന്നത്. അടിയന്തരമായി നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് അച്ചടിച്ച്‌ സൂക്ഷിച്ച നോട്ടുകള്‍ ഉപയോഗ ശൂന്യമാകുകയായിരുന്നു. ഇതിന്റെ പ്രിന്റിംഗ് ചിലവ്, മഷി, പാക്കിംഗ്, വിനിമയം തുടങ്ങിയതിന് ചിലവാക്കിയ പണം മടക്കി നല്‍കണമെന്നാണ് പ്രസ്സുകളുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button