Latest NewsNewsIndia

ഹോട്ടല്‍ വെയിറ്റര്‍, മേക്കപ് ആര്‍ട്ടിസ്റ്റ്: ജെഎന്‍യുവിലെ ഈ പോരാളിയെ അറിയണം

ന്യൂഡല്‍ഹി: ഹോട്ടല്‍ വെയിറ്റര്‍, മേക്കപ് ആര്‍ട്ടിസ്റ്റ്, റെയില്‍വേ ജീവനക്കാരന്‍ തുടങ്ങിയ ജോലികള്‍ ചെയ്ത് പഠിച്ചെത്തിയ ഈ പോരാളിയെക്കുറിച്ച് അറിയണം. ജെഎന്‍യുവില്‍ ഇടത് സഖ്യത്തിന്റെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്ത ദുഗ്ഗിരാല ശ്രീകൃഷ്ണയുടെ ജീവിതം പരീക്ഷണഘട്ടങ്ങളായിരുന്നു.

പഠിക്കുക പോരാടുക എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന എസ്എഫ്ഐ ആണ് തന്നെ മറ്റുള്ളവര്‍ക്കുവേണ്ടിക്കൂടി പോരാടാന്‍ പഠിപ്പിച്ചതെന്ന് ദുഗ്ഗിരാല പറഞ്ഞു. ക്യാമ്പസിലെ സബര്‍മതി ഹോസ്റ്റല്‍മുറിയില്‍ ഏറെയും തെലുങ്ക്, ബോളിവുഡ് സിനിമാ താരങ്ങളുടെ ചിത്രങ്ങളാണ്. കമ്യൂണിസ്റ്റ് നേതാക്കളും കായികതാരങ്ങളും ഇവിടെ ഇടംപിടിച്ചിട്ടുണ്ട്.

പ്ലസ്ടു പഠനം കഴിഞ്ഞ് വിദ്യാഭ്യാസം തുടരാനാണ് തെലുങ്ക് സിനിമാമേഖലയില്‍ ദുഗ്ഗിരാല ജോലിചെയ്ത് തുടങ്ങിയത്. അനുഷ്‌ക ഷെട്ടി, കാജള്‍ അഗര്‍വാള്‍, പ്രിയ ആനന്ദ് തുടങ്ങിയവരുടെ മേക്കപ് ആര്‍ട്ടിസ്റ്റായി. വേതനം നല്‍കുന്നതില്‍ കരാറുകാര്‍ നടത്തുന്ന വെട്ടിപ്പ് ചോദ്യംചെയ്തതോടെ പലതവണ ജോലിയില്‍നിന്ന് പുറത്താക്കി. സിനിമയോടുള്ള ഇഷ്ടവും ചോദ്യംചെയ്യാനുള്ള ആര്‍ജവവും പിന്നെ ദുഗ്ഗിരാലയെ വിട്ടുപോയിട്ടില്ല.

ടെന്നീസ് താരം സാനിയ മിര്‍സയുടെ സ്വഹ്രബ് മിര്‍സയുമായുള്ള വിവാഹനിശ്ചയം നടന്നപ്പോള്‍ വെയിറ്ററായിരുന്നു. 50 വിദ്യാര്‍ഥികളെ ചേര്‍ത്ത് കാറ്ററിങ് സംഘം രൂപീകരിച്ചു. ഈ സമയം ഹൈദരാബാദിലെ നിസാം കോളേജില്‍ ഡിഗ്രി പഠനം തുടങ്ങി. എസ്എഫ്ഐ പ്രവര്‍ത്തനത്തിലും സജീവമായി. സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടര്‍ന്ന് പഠനം വിദൂരപഠന സര്‍വകലാശാലയിലൂടെയായി. തുടര്‍ന്ന് സിവില്‍ സര്‍വീസ് കോച്ചിങ്ങിന് ചേര്‍ന്നു. 50,000 രൂപ ഫീസ് നല്‍കാന്‍ രാത്രിയില്‍ പ്രസ് ജീവനക്കാരനായി.

2013ല്‍ റെയില്‍വേയില്‍ ജോലി ലഭിച്ചു. ഈ സമയത്താണ് ജെഎന്‍യുവില്‍ പ്രവേശനം. ഹൈദരാബാദിലെ ലിംഗമ്പള്ളിയിലെ ദളിത് കുടുംബാംഗമാണ് ശ്രീകൃഷ്ണ. അച്ഛന് കൂലിവേലയാണ്. സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ ഗവേഷണവിദ്യാര്‍ഥിയായ ദുഗ്ഗിരാല ലൈബ്രറി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കാനായി നടത്തിയ സമരത്തിന്റെ നായകനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button