Latest NewsNewsIndia

പാകിസ്ഥാനെ ഇന്നും ഭയപ്പെടുത്തുന്ന ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഒരു വയസ്

ന്യൂഡല്‍ഹി : പാകിസ്ഥാന് അത് ഓര്‍ക്കുമ്പോള്‍ ഞെട്ടലാണ്. ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പാകിസ്ഥാനെ അത്രമാത്രം ബാധിച്ചിരിക്കുന്നു. പാക്ക് അധിനിവേശ കശ്മീരില്‍ കടന്ന് ഇന്ത്യ മിന്നലാക്രമണം നടത്തിയതിന്റെ ഒന്നാംവാര്‍ഷികമാണ് ഇന്ന്. ഒരുവര്‍ഷത്തിനിടെ നിയന്ത്രണ രേഖയില്‍ ഇരു രാജ്യങ്ങളും തമ്മിലുളള ആക്രമണങ്ങളും പ്രത്യാക്രമണവും പതിന്മടങ്ങായി വര്‍ധിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്രതലത്തിലും പിരിമുറക്കം തുടരുകയാണ്.

സെപ്റ്റംബര്‍ 28ന് രാത്രിയില്‍ തുടങ്ങി അടുത്തദിവസം പുലര്‍ച്ചെ വരെ നീണ്ട മിന്നലാക്രമണം ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ മിന്നുന്ന അധ്യായമാണ്. പാക്ക് അധിനിവേശ കശ്മീരില്‍ പാക്കിസ്ഥാന്‍ ചെല്ലും ചെലവും കൊടുത്തു വളര്‍ത്തുന്ന ഭീകര ക്യാംപുകള്‍ മണിക്കൂറുകള്‍ക്കുളളില്‍ ഇന്ത്യന്‍ സൈന്യം നിലംപരിശാക്കി. ഉറി സൈനിക ക്യാംപ് ആക്രമണത്തിനു ചുട്ടമറുപടി നല്‍കിയ സൈന്യം അവിടെയുണ്ടായിരുന്ന ഭൂരിഭാഗം ഭീകരരെയും കൊലപ്പെടുത്തി.

മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങളും കൊല്ലപ്പെട്ട ഭീകരരുടെ എണ്ണവും ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ സൈനികനടപടിയുണ്ടായതു പാക്കിസ്ഥാന്‍ നിഷേധിച്ചു. ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെട്ടു.

മിന്നലാക്രമണത്തിനു ശേഷമുളള കശ്മീര്‍ അശാന്തമാണ്. 400ല്‍ ഏറെ തവണ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. സൈനിക പോസ്റ്റുകള്‍ക്കു നേരെയും നാട്ടുകാര്‍ക്കു നേരെയും വെടിയുതിര്‍ത്തു. 70 സൈനികരാണ് ഒരു വര്‍ഷത്തിനുളളില്‍ കൊല്ലപ്പെട്ടത്. സൈന്യം 180 ഭീകരരെ വധിച്ചു. സൈനിക ക്യാംപുകള്‍ക്കും വാഹനവ്യൂഹങ്ങള്‍ക്കും നേരേ തുടര്‍ച്ചയായി ഭീകരാക്രമണങ്ങളുണ്ടായി.

നയതന്ത്രതലത്തില്‍ പലതവണ ഇന്ത്യ പാക്കിസ്ഥാനെ കടന്നാക്രമിച്ചു. ഐക്യരാഷ്ട്രസംഘടനയില്‍ ഇന്ത്യ പാക്കിസ്ഥാനെ വിശേഷിപ്പിച്ചത് ‘ടെററിസ്ഥാന്‍’ എന്നാണ്. മിന്നലാക്രമണത്തിനു ശേഷവും അതിര്‍ത്തിയിലെ ഭീകര പരിശീലന ക്യാംപുകള്‍ സജീവമാണ്. ആവശ്യമെങ്കില്‍ വീണ്ടും മിന്നലാക്രമണം നടത്തുമെന്ന കരസേനാമേധാവി ബിപിന്‍ റാവത്തിന്റെ പ്രതികരണം തളളിക്കളയാവുന്നതല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button