KeralaLatest NewsNewsEditorial

ദുർഗ്ഗാഷ്ടമി; പൂജവയ്‌പ്പ്; അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

സുജിത്ത് സുട്ടോ

”യാ ദേവീ സർവ്വഭൂതേഷു വിദ്യാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമ:”

നവരാത്രിക്കാലത്ത് സന്ധ്യാസമയത്ത് അഷ്ടമി തിഥിയും ചേര്‍ന്നുവരുന്ന സമയത്താണ് പൂജവെക്കേണ്ടത്‌.

ഐതീഹ്യം

അസുരമാതാവായ ധനുവിന്റെ മകനാണ് കാലകേയൻ; നല്ലതു ചൊല്ലിക്കൊടുക്കേണ്ടവളാണ് അമ്മ. പക്ഷേ ധനുവിന്റെ അടക്കാത്ത അത്യാഗ്രഹമാണ് ആ പുത്രനെ നശിപ്പിച്ചത്. അവസാനം ഒരു ബാലികയോടു നിഴൽയുദ്ധം ചെയ്തു മൃതിയടയാനായിരുന്നു ആ അസുരന്റെ വിധി.

ബാലികാഭാവത്തിലായിരുന്ന മഹാദേവി തന്റെ ആയുധങ്ങളും ഗ്രന്ഥങ്ങളും ശ്രീ ഗണേശ സമക്ഷം വച്ചതിനുശേഷമാണ് യുദ്ധത്തിനു പുറപ്പെട്ടത്‌. കാലകേയനുമായുള്ള ദേവിയുടെ യുദ്ധസമയമത്രയും ശ്രീ വിനായകനും തന്റെ ആയുധങ്ങള്‍ ദേവീകടാക്ഷത്തിനായി അതിനൊപ്പം വച്ചു പൂജിച്ചുവത്രേ! അതാണ്‌ ആയുധ- പുസ്തക പൂജയായി പരിണമിച്ചത്‌. അതുകൊണ്ടുതന്നെ പൂജവെപ്പിൽ ശ്രീഗണേശനും വളരെ പ്രാധാന്യമുണ്ട്.
സീതാന്വേഷണത്തിനിറങ്ങിയ ശ്രീരാമചന്ദ്രനും നവരാത്രിവ്രതം നോറ്റ് ഈ ദിവസംതൊട്ട് വിജയദശമിവരെ തന്റെ ആയുധങ്ങള്‍ പൂജചെയ്യുന്നുണ്ട്.

പൂജവെയ്പ്പ്…എങ്ങനെ?

കുട്ടികൾ അവരവരുടെ പാഠപുസ്തകങ്ങള്‍, പേന, പെൻസിൽ എന്നിങ്ങനെയുള്ള പഠനോപകരണങ്ങള്‍ പൂജയ്ക്കു വെയ്ക്കണം. മറ്റുള്ളവർ കർമ്മസംബന്ധവുമായി ബന്ധപെട്ട അവരുടെ വസ്തുക്കൾ, ഭഗവത്‌ ഗീത, ഭാഗവതം, മഹാഭാരതം, രാമായണം തുടങ്ങി പുണ്യപുരാണ ഗ്രന്ഥങ്ങൾ എന്നിവയും പൂജയ്ക്ക്‌ വെയ്ക്കണം.

വീട്ടിലാണെങ്കിൽ പൂജാമുറി ശുദ്ധിവരുത്തേണ്ടതാണ്. ഇതിനായി ആദ്യം പഴയ വസ്തുക്കൾ, കരിന്തിരി, ചന്ദനതിരി പൊടി എന്നിങ്ങനെയുള്ള അവശിഷ്ടങ്ങളെല്ലാം മാറ്റി വൃത്തിയാക്കണം. ശുദ്ധജലം കൊണ്ട്‌ പൂജാമുറിയിലെ ഫോട്ടോകളും മറ്റും തുടച്ച് വൃത്തിയാക്കണം.

ഗണപതി, സരസ്വതി, മഹാലക്ഷ്മി തുടങ്ങിയ ദേവതകളുടെ ഫോട്ടോ തറയിൽ ഒരു പീഠം വെച്ച്‌ അതിലോ അല്ലെങ്കിൽ ശുദ്ധിയുള്ള മറ്റു എന്തിലെങ്കിലുമോ വെയ്ക്കുക. ഒരു കാരണവശാലും ഇവ വെറും തറയിൽ വെയ്ക്കരുത്‌.

ഒരു കിണ്ടിയില്‍ ശുദ്ധ ജലം നിറച്ച്‌ വലതുകൈകൊണ്ട്‌ അടച്ചുപിടിക്കുക. അതിനുമുകളിൽ ഇടതുകൈ വെച്ച്‌
‘ഗംഗേ ച, യമുനേ ചൈവ,
ഗോദാവരി സരസ്വതി,
നർമ്മദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു’ എന്ന മന്ത്രം ചൊല്ലി തീർത്ഥമായി സങ്കൽപിച്ച്‌ ഒരു തുളസിയിലകൊണ്ട്‌ പൂജാമുറിയിലും പുസ്തകത്തിലും മറ്റും തെളിച്ച്‌ ശുദ്ധി വരുത്തുക.

ദേവീപീഢത്തിന് മുമ്പിൽ ഒരു നിലവിളക്ക്‌ അഞ്ചുതിരിയിട്ട് (ഭദ്രദീപം) കത്തിക്കണം. ചന്ദനതിരി, സമ്പ്രാണി തുടങ്ങിയവയും കത്തിക്കുക. ഫോട്ടോ വെയ്ക്കുമ്പോൾ നടുവിൽ സരസ്വതി, വലതുഭാഗത്ത്‌ ഗണപതി, ഇടതുഭാഗത്ത്‌ മഹാലക്ഷ്മി എന്നിങ്ങനെയായിരിക്കണം വെക്കേണ്ടത്. ഈ മൂന്ന് മൂർത്തികൾക്കും മാലയും മറ്റു പുഷ്പങ്ങളും ചാർത്തണം. അതിനുമുമ്പില്‍ മദ്ധ്യത്തില്‍ അഷ്ടദളവും വശങ്ങളില്‍ വലത് രണ്ട്, ഇടത് രണ്ട് എന്ന രീതിയില്‍ നാല് സ്വസ്തിക പത്മവും (കളം) ഇടണം (വ്യത്യസ്ഥമായി ചെയ്യുന്നവരുമുണ്ട്).

നടുക്ക് സരസ്വതീദേവിയ്ക്കും, വടക്കുഭാഗത്ത് ഗുരുവിനും വേദവ്യാസനും, തെക്കുഭാഗത്ത് ഗണപതിയ്ക്കും ദക്ഷിണാമൂര്‍ത്തിയ്ക്കും പൂജിക്കണം. പൂജ പൂര്‍ത്തിയായാല്‍ പുസ്തകങ്ങള്‍ പത്മത്തില്‍ .
ഒരു പലകയിലോ പുതിയ വസ്ത്രം (മുണ്ട് ) വിരിച്ച് അതിലോപൂജയ്ക്കു വെയ്ക്കാനുള്ളവയെല്ലാംസമര്‍പ്പിക്കാം

തുടർന്ന് നിവേദ്യം അർപ്പിച്ച്‌ പൂജ ചെയ്ത്‌ കർപ്പൂരം ഉഴിയണം. പൂജ വെച്ചുകഴിഞ്ഞാൽ എല്ലാദിവസവും ദേവീ മന്ത്രങ്ങൾ ചൊല്ലുകയും ശ്രീലളിത സഹസ്രനാമം (അഷ്ടോത്തരശതനാമാവലി)
കൊണ്ട്‌ പുഷ്പാർച്ചന നടത്തുകയും ചെയ്യണം. അടുത്ത ദിവസം രാവിലേയും വൈകീട്ടും അലങ്കാരങ്ങൾ നടത്തി ഇതുപോലെ പൂജചെയ്ത്‌ ആരതി ഉഴിയണം.

വിജയദശമി ദിവസം മാല,പുഷ്പങ്ങൾ ഇവകൊണ്ട് അലങ്കരിക്കണം. വലതു വശത്തും ഇടതു വശത്തും കരിമ്പ്‌ വെയ്ക്കണം. തുടർന്ന്, പായസം, പയർ, അവിൽ, മലർ, ശർക്കര, പഴം, മറ്റു നിവേദ്യങ്ങൾ എന്നിവയും അർപ്പിക്കുക.

സരസ്വതീ മന്ത്രങ്ങൾ ചൊല്ലുകയും ശ്രീലളിത സഹസ്രനാമാവലികൊണ്ട്‌ പുഷ്പാർച്ചന നടത്തുകയും ചെയ്യണം. അതിനുശേഷം കർപ്പൂരം ആരതി കാണിച്ച്‌ പൂജയ്ക്ക്‌ വെച്ചെതെല്ലാം എടുക്കുക. തുടർന്ന് അരിയിൽ ‘ഹരിശ്രീഗണപതയേ നമ: അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമ:’ എന്ന് വലതു ചൂണ്ടാണി വിരൽ കൊണ്ട്‌ എഴുതുക. തുടർന്ന് ഗണപതിയേയും വിദ്യാദേവിയേയും മനസിൽ ധ്യാനിച്ച്‌ പഠിക്കാനുള്ള പുസ്തകങ്ങളില്‍ ഏതെങ്കിലും ഒന്നെടുത്ത്‌ വായിച്ച്‌, ബുദ്ധിയും ശക്തിക്കുമായി പ്രാർത്ഥിച്ച്‌ നമസ്കരിക്കുകയും ചെയ്യുക.

ഗായത്രീമന്ത്രം:

“ഓം ഭൂര്‍ ഭുവ സ്വ:
തത്സവിതുര്‍ വരേണ്യം
ഭര്‍ഗ്ഗോദേവസ്യ ധീമഹി
ധീയോ യോന: പ്രചോദയാത്”

ശനിയാഴ്ച്ച രാവിലെ 7.28 മുതല്‍ 8.31 വരെ വിദ്യാരംഭം നടത്തുന്നത് ഉത്തമം ആകുന്നു എന്നിരിക്കിലും ക്ഷേത്രങ്ങളിലെ സമയക്രമീകരണം ചിലപ്പോള്‍ നീണ്ടുപോയേക്കാം എന്നതിനാല്‍ പ്രസ്തുത സമയം കൂടി ലഭിക്കുന്നത് ഭാഗ്യമായി കരുതാം

2017 സെപ്റ്റംബര്‍ 28 (1193 കന്നി 12) വ്യാഴാഴ്ച വൈകിട്ട്
: ദുർഗ്ഗാഷ്ടമി (പൂജവെയ്പ്പ്)

2017 സെപ്റ്റംബര്‍ 29 (1193 കന്നി 13) വെള്ളിയാഴ്ച: മഹാനവമി, ആയുധപൂജ (വൈകിട്ട്)

2017 സെപ്റ്റംബര്‍ 30 ശനിയാഴ്ച: വിജയദശമി, പൂജയെടുപ്പ് (രാവിലെ)

”സരസ്വതി നമസ്‌തുഭ്യം,
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ ഭവതുമേ സദാ”
എല്ലാവർക്കും ദുർഗ്ഗാഷ്ഠമി മഹാനവമി വിജയദശമി ആശംസകൾ

shortlink

Post Your Comments


Back to top button