CinemaMollywoodLatest NewsUncategorized

ആ മൂന്ന് സ്ത്രീകളെ ജോയ് മാത്യുവിന് മറക്കാൻ കഴിയില്ല

അടുത്തിടെ അഭിനയം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ് ജോയ് മാത്യു .അദ്ദേഹത്തിന്‍റെ പുതിയ വിശേഷം മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുന്നു എന്നുള്ളാതാണ്.ചിത്രത്തിന്‍റെ ഷൂട്ടിംഗ് ലൊക്കേഷൻ വയനാടാണ് അവിടെ വെച്ചുണ്ടായൊരു അനുഭവം ജോയ് മാത്യു ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.അദ്ദേഹത്തിന്‍റെ പോസ്റ്റ് ഇങ്ങനെയാണ്.

വയനാട്ടിലെ മൂന്നു പെണ്ണുങ്ങള്‍ –

വയനാട് എനിക്കെന്നും പ്രിയപ്പെട്ട ഇടമാണ്. ചരിത്രത്തെ ചുവന്ന പൂക്കളാല്‍ അടയാളപ്പെടുത്തിയ സ്ഥലം.’അങ്കിള്‍ ‘എന്ന എന്‍റെ പുതിയ സിനിമയുടെ ചിത്രീകരണം വയനാട്ടിലെ തിരുനെല്ലിയില്‍ നടക്കുന്നു.പതിവ് പോലെ ഞാന്‍ കൂട്ടം തെറ്റി മേയുന്ന കുട്ടിയായി നാടന്‍ ഊണു കിട്ടുന്ന കട അന്വേഷിച്ചിറങ്ങി.അപ്പോഴാണ് മൂന്നു പെണ്ണുങ്ങള്‍ നടത്തുന്ന വനിതാ മെസ്സ് കണ്ടത്. ഞാന്‍ ചെല്ലുമ്പോള്‍ ഇരിപ്പിടങ്ങള്‍ ഒഴിഞ്ഞുകിടന്നിരുന്നു.

നല്ല വൃത്തിയും വെടിപ്പുമുള്ള കട.ചൂടുള്ള ചോറും കറികളും ഒരുക്കിവെച്ചിരിക്കുന്നു. വിളമ്പിത്തരുവാന്‍ തയ്യാറായി മെറൂണ്‍ കളറിലുള്ള ഓവര്‍ക്കോട്ട് ധരിച്ച് മൂന്ന് പെണ്ണുങ്ങള്‍ (സ്ത്രീകള്‍ എന്നതിനേക്കാള്‍ പെണ്ണുങ്ങള്‍ എന്ന മലബാര്‍ രീതിയില്‍ പറയാനാണെനിക്കിഷ്ടം).

ഞാന്‍ ചെല്ലുമ്പോള്‍ കസ്റ്റമേഴ്‌സ് ആരും ഇല്ല. എന്നാപ്പിന്നെ ഉണ്ടുകളയാം. വാഴയിലയില്‍ രുചികരമായ ചോറും കറികളും നിരന്നു.കൂടെ ബീഫ് വരട്ടിയതും സംഗതി സൂപ്പര്‍. വിലയോ തുഛം. സുഗുണ, സുനിത, സിന്ധു എന്നീ മൂന്നു പെണ്ണുങ്ങളാണു ഈ ഭക്ഷണശാല നടത്തുന്നത്. വെക്കാനും വിളമ്പാനും പണം വാങ്ങിക്കാനും ഇവര്‍ മൂന്നുപേര്‍ മാത്രം. എല്ലാവരും വിവാഹിതരും കുടുംബസ്ഥരുമാണ്. ഭര്‍ത്താക്കന്മാരൊക്കെ ജോലിക്ക് പോകുമ്പോള്‍ വെറുതെ വീട്ടിലിരിക്കുന്നതെങ്ങിനെ ഞങ്ങള്‍ക്കും സ്വന്തമായി ഒരു വരുമാനം ഉണ്ടായാല്‍ നല്ലതല്ലെ എന്ന ചിന്തയില്‍ നിന്നാണു ‘സ്’ യില്‍ പേരു തുടങ്ങുന്ന ഈ മൂന്നു സ്ത്രീകളും ഈ വനിത മെസ്സ് തുടങ്ങിയത്.

ഇവിടെ ഇന്നയാള്‍ക്ക് ഇന്ന ജോലി എന്നില്ല എല്ലാവരും എല്ലാ ജോലിയും ചെയ്യുന്നു. മുടക്കുമുതലും മൂന്നാള്‍ തുല്യമായെടുത്തു അതിനാല്‍ ആദായവും തുല്ല്യമായി എടുക്കുന്നു (എടുക്കാന്‍ മാത്രം വലിയ ആദായം കിട്ടുന്നുണ്ടൊ എന്നത് വേറെ കാര്യം).തിരുനെല്ലിയില്‍ നിന്നും തോല്‍പ്പെട്ടിക്ക് പോകുന്ന വഴിക്ക് വൈല്‍ഡ് ലൈഫ് റിസോര്‍ട്ടിന്‍റെ അടുത്തുള്ള വനിതാ മെസ്സ് എന്ന ബോര്‍ഡ് കണ്ടുപിടിക്കാന്‍ അല്‍പം ബുദ്ധിമുട്ടാണ്. കണ്ടെത്തിയാലോ നല്ല രുചികരമായ നാടന്‍ ഭക്ഷണം കഴിക്കാം. വനിതാ മെസ്സ് എന്നതിനു പകരം ‘S sisters ‘എന്ന പേരായിരിക്കും ഈ കടയ്ക്ക് യോജിച്ചതെന്ന് എനിക്ക് തോന്നുന്നു.ഈവഴി പോകുന്നവര്‍ക്കെല്ലാം വയറും മനസ്സും നിറക്കാന്‍ ഈ പെണ്‍ കൂട്ടായ്മക്ക് കഴിയട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button