KeralaLatest NewsNews

വ്യവസായ രംഗത്തെ വളര്‍ച്ചയ്ക്ക് കേരളം ചൈനയെ മാതൃകയാക്കുന്നു : നിക്ഷേപകര്‍ക്ക് തടസമാകുന്ന ഏഴ് നിയമങ്ങള്‍ മാറ്റുന്നു

 

തിരുവനന്തപുരം : വ്യവസായ രംഗത്തെ വളര്‍ച്ചയ്ക്കു ചൈനയെ മാതൃകയാക്കി കേരളവും. നിക്ഷേപകര്‍ക്കു തടസ്സം നില്‍ക്കുന്ന നിയമങ്ങളെല്ലാം ഒറ്റയടിക്ക് എടുത്തു കളഞ്ഞതാണു ചൈനയെ 30 വര്‍ഷം കൊണ്ടു വന്‍ സാമ്പത്തിക ശക്തിയാക്കി മാറ്റിയത്. എളുപ്പത്തില്‍ വ്യവസായം തുടങ്ങാന്‍ ഇപ്പോള്‍ കേരളം എടുത്തുമാറ്റാന്‍ പോകുന്നത് ഏഴു നിയമങ്ങളാണ്.

വ്യവസായം തുടങ്ങുന്നവര്‍ക്കായി ഏകജാലക സംവിധാനം നിലവിലുണ്ടെങ്കിലും ഇപ്പോഴും ഒട്ടേറെ അനുമതികള്‍ക്കായി കാക്കേണ്ട അവസ്ഥയാണ്. ഇതിനു പുറമെ ലൈസന്‍സ് പുതുക്കാന്‍ ഓരോ വര്‍ഷവും ദീര്‍ഘമായ നടപടിക്രമങ്ങളിലൂടെ കടന്നുപോകണം. വ്യവസായത്തിനു വേണ്ടി നിര്‍മിക്കുന്ന കെട്ടിടത്തില്‍ ഓരോ ഏജന്‍സികളും വ്യത്യസ്ത സമയങ്ങളില്‍ പരിശോധന നടത്തുന്നത് ഒഴിവാക്കി പകരം സംയുക്ത പരിശോധന നടപ്പാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

വിവിധ വകുപ്പുകളില്‍ നിന്നും സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും വ്യവസായത്തിന് അനുമതി ലഭ്യമാക്കുന്നതിനു ‘ദ് കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ആക്ട് 2017’ എന്ന പേരില്‍ ഓര്‍ഡിനന്‍സ് ഉടന്‍ പുറപ്പെടുവിക്കും. ഇതിനായി കേരള പഞ്ചായത്തീരാജ് ആക്ട്, കേരള മുനിസിപ്പാലിറ്റി ആക്ട,് കേരള ഭൂജല നിയന്ത്രണ ആക്ട്, കേരള ലിഫ്റ്റുകളും എസ്‌കലേറ്ററുകളും ആക്ട്, കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, കേരള ചുമട്ടുതൊഴിലാളി ആക്ട്, കേരള ഏകജാലക ക്ലിയറന്‍സ് ബോര്‍ഡുകളും വ്യവസായ ടൗണ്‍ഷിപ്പ് പ്രദേശവും വികസന ആക്ട് എന്നീ നിയമങ്ങള്‍ ഭേദഗതി ചെയ്യും.

ഈസ് ഓഫ് ഡൂയിങ് ബിസിനസി’ല്‍ കേരളത്തിന്റെ റാങ്ക് ഉയര്‍ത്തുന്നതിനായി നിയമഭേദഗതിക്കുള്ള സമയപരിധി 31ന് അവസാനിക്കും. ഇപ്പോള്‍ കേരളത്തിന്റെ റാങ്ക് 20 ആണ്. വ്യവസായ ലൈസന്‍സിന് അപേക്ഷിക്കാന്‍ ഒരു പൊതു അപേക്ഷാ ഫോമും അപ്ലോഡ് ചെയ്യാന്‍ സ്വിഫ്റ്റ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലും കെട്ടിടനിര്‍മാണ ലൈസന്‍സ് വേഗത്തില്‍ ലഭിക്കാന്‍ ഇന്റലിജന്റ് സോഫ്റ്റ്വെയറും ഒരുക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button