Latest NewsNewsEditorial

ഹർത്താൽ എന്ന ജനാധിപത്യപ്രതിഷേധത്തിനേറ്റ മൂല്യച്യുതിയെപ്പറ്റിയും ഹർത്താൽ ദിനത്തിൽ ജനങ്ങൾക്കുള്ള അവകാശങ്ങളെപ്പറ്റിയും ഒരു ചരിത്രാന്വേഷണം

ഭരണത്തിലിരിക്കുന്നവരോടുള്ള വിയോജിപ്പും, പ്രതിഷേധങ്ങളും, എതിര്‍പ്പുകളും ഇന്ത്യ പോലൊരു ജനാധിപത്യരാജ്യത്തിന്റെ നിലനില്‍പ്പിന്റെ ഭാഗമാണ്. പക്ഷേ നമ്മുടെനാട്ടിൽ അടുത്തകാലത്തായി ഈ പ്രതിഷേധം ഒരു മനുഷ്യാവകാശലംഘനത്തിലൂന്നിയ പ്രക്രീയയായി അധപ്പതിച്ചിരിക്കുന്നു. സംഘടിതരാഷ്ട്രീയപ്രസ്ഥാനങ്ങളും, തൊഴിലാളിസംഘടനകളും രാഷ്ട്രീയ നന്മക്കായി അവലംബിച്ചിരുന്ന ഈ മാർഗ്ഗം ഇന്ന് നാലാൾപിന്തുണക്കാത്ത ഈർക്കിലിപ്പാർട്ടികളും മതസംഘടനകളും ജാതിസംഘടനകളും എന്തിനേറെപ്പറയുന്നു തീവ്രവാദ പ്രസ്ഥാനങ്ങൾ വരെ പൊതുജനത്തിന് എതിരായി പ്രയോഗിക്കുന്നു.

നല്ലൊരു വട്ടമേശക്കുചുറ്റുമിരുന്ന് ചർച്ചചെയ്ത് പരിഹാരമെടുക്കാൻ കഴിയുന്ന കൊച്ചുകൊച്ചു പ്രശ്നങ്ങൾ വരെ തെരുവിലേക്ക് വലിച്ചിഴക്കപ്പെടുന്നു. ഭരണഘടന ഇന്ത്യൻ പൗരന് നല്കിയിരിക്കുന്ന സ്വതന്ത്രവിഹാരത്തെ ഹനിക്കുകയും ജനജീവിതം സ്തംഭിപ്പിക്കപ്പെടുകയും തൊഴിലെടുക്കാനുമുള്ള പൗരന്റെ അവകാശത്തെ സമ്പൂര്ണുമായ നിരസിക്കുകയും ചെയ്യുന്ന നിർഭാഗ്യമായ അവസ്ഥയാണ് ഇന്ന് ഹർത്താൽ ദിനങ്ങളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. മറ്റൊരു വ്യക്തിയുടെ അവകാശങ്ങൾ ഹനിച്ചുകൊണ്ട് നടത്തുന്ന ഈ പ്രതിഷേധങ്ങൾ നല്ലൊരുശതമാനവും സാമൂഹികദ്രോഹികളുടേയും രാഷ്ട്രീയ റിബലുകളുടേയും അക്രമത്തിനും കൊള്ളിവെപ്പിനും കാരണമാകുന്നു എന്നതാണ് ഇതിന്റെ ഭീതിപ്പെടുത്തുന്ന വസ്തുത.

ഹർത്താലിന്റെ ചരിത്രം തുടങ്ങുന്നത് സാക്ഷാൽ മഹാത്മാ ഗാന്ധിയിൽ നിന്നാണ്. ‘ഹർത്താൽ’ എന്ന വാക്ക് മഹാത്മാ ഗാന്ധിയുടെ സംസ്ഥാനമായ ഗുജറാത്തിലെ ഗുജറാത്തി ഭാഷയിൽ നിന്നാണ് ഉത്ഭവിച്ചത്. ഭരണാധികാരികളോടുള്ള പ്രതിഷേധാർത്ഥം കച്ചവടസ്ഥാപനങ്ങളും ഗോഡൗണുകളും അടച്ച് പ്രതിഷേധിച്ചിരുന്ന സമ്പ്രദായത്തെയാണ് ഗുജറാത്തി ഭാഷയിൽ ‘ഹർത്താൽ’ എന്നറിയപ്പെട്ടിരുന്നത്. ഇന്ത്യൻ നിയമവ്യവസ്ഥ അനുവദിച്ചിരിക്കുന്ന പൗരന്റെ അവകാശങ്ങൾ കവർന്നെടുക്കാത്ത പ്രതിഷേധമാർഗ്ഗങ്ങൾ ധാരാളമുണ്ടെന്നിരിക്കെ ‘ഹർത്താൽ’ നടത്തി ജനജീവിതം സ്തംഭിച്ചാലേ അധികാരികൾ ഉണരൂ എന്ന് കരുതുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണ്.

ബന്ദ് അടക്കമുള്ള മിക്ക പ്രതിഷേധങ്ങളും ഇന്ത്യയുടെ ഭരണഘടനാപരമായി ശരിയാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 19 ൽ പൗരന്മാർക്ക് അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായി ഒത്തുചേരാനുള്ള അവകാശവും സഞ്ചാരസ്വാതന്ത്ര്യവും ഉറപ്പുതരുന്നതിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. അതേ ആർട്ടിക്കളിൽത്തന്നെ 2 & 3ൽ മേൽപ്പറഞ്ഞ വ്യക്തിസ്വാതന്ത്ര്യങ്ങളുടെ നിയന്ത്രണങ്ങളെപ്പറ്റി വ്യക്തമായിപ്പറഞ്ഞിട്ടുമുണ്ട്. അത് നടപടിക്രമത്തിന്റെ ഭാഗമായി പ്രാബല്യത്തിൽവരുത്തുന്നതും ഭരണഘടനയിലുണ്ട്.

1997 ൽ ആണ് കേരളഹൈക്കോടതി ‘ബന്ദ്’ നിരോധിച്ചത്. തുടർന്ന് കോടതി നിർദ്ദേശപ്രകാരം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവും ബാങ്കിങ്ങും ആശുപത്രിയും അടക്കമുള്ള കാര്യങ്ങൾ നിർവഹിക്കുന്നതിന് സർക്കാർ സഹായം നല്കാനും ഉത്തരവായി. 1997-ൽ ഒരു ദേശീയ പാർട്ടി ഇതിനെതിരേ സുപ്രീംകോടതിയിലെത്തിയപ്പോഴും നിയമം പൊതുജനത്തിനൊപ്പം നിന്നു. സുപ്രീംകോടതി പറഞ്ഞത് ഹൈക്കോടതി വിധി എന്ത്കൊണ്ടും സ്വാഹതാർഹമാണെന്നാണ്. ഭരണഘടന അനുശാസിക്കുന്ന പൗരാവകാശങ്ങൾ ഹനിക്കുന്നതിനോടൊപ്പം ബന്ദുകൾ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയേയും പ്രതികൂലമായി ബാധിക്കുന്നു എന്നാണ് കോടതിയുടെ ഫുൾ ബെഞ്ച് അന്ന് കേസ് പരിഗണിച്ചപ്പോൾ പറഞ്ഞത്. കൂടാതെ ഹൈക്കോടതിയുടെ ബന്ദിനും ഹർത്താലിനും ജനറൽ സമരങ്ങൾക്കും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റിയുള്ള വിധിന്യായവും സുപ്രീംകോടതി ഉയർത്തിക്കാട്ടി.

പിന്നീട് കേരളത്തിൽ കണ്ടത് ‘ബന്ദ്’ എന്നത് പേരുമാറ്റി ഹർത്താൽ ദിനങ്ങളിൽ ആചരിക്കുന്ന കാഴ്ചയാണ്. ജനങ്ങളുടെ പൊറുതിമുട്ടിന് യാതൊരു പരിഹാരവും ആകാതായപ്പോൾ 2004 ൽ വീണ്ടും കേസ് സുപ്രീം കോടതിയിലെത്തി. 2004 ലെ കേരള ഹൈക്കോടതിയുടെ ഹർത്താൽ ദിവസങ്ങളിലെ മനുഷ്യാവകാശ/ഭരണഘടനാ ലംഘനങ്ങൾ തെറ്റാണെന്നും തൊഴിലെടുക്കാനും സഞ്ചരിക്കാനുമുള്ള സ്വാതന്ത്ര്യം പൗരന്റെ അവകാശമാണെന്നുമായിരുന്നു. ഈ വിധിയാണ് സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. സുപ്രീംകോടതി അന്ന് പറഞ്ഞത് പൗരന്റെ സ്വത്തിനും തൊഴിലെടുക്കാനും സഞ്ചരിക്കാനും ഉള്ള അവകാശത്തിൽ കൈകടത്താൻ ആർക്കും അവകാശമില്ലെന്നായിരുന്നു. അതുകൂടാതെ ഹർത്താൽ ദിനങ്ങളിൽ പൊതുസ്വത്ത് നശിപ്പിക്കുകയും സ്വകാര്യവ്യക്തികളുടെ സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്യുന്നതിനെതിരേയും കോടതിവിധിയുണ്ടായി.

പക്ഷേ കേരളത്തിൽ മാത്രം തുടർച്ചയായ ഹർത്താലുകൾ ആഹ്വാനം ചെയ്യപ്പെട്ടുകൊണ്ടിരുന്നു. 2008 ൽ ‘കെ.എസ്സ്.ആർ.ടി.സി എം.ഡി ‘സമർപ്പിച്ച കേസിൽ ഹൈക്കോടതി ‘ഹർത്താലിനെതിരെ’ ഒരു നിയമനിർമ്മാണത്തിന് കേരളാഗവൺമെന്റിനോട് ആവശ്യപ്പെടുകയും ചെയ്തു. കാരണം ഹർത്താലിനെതിരെ നിയമനിർമ്മാണം നടക്കാതെ വിധിന്യായം പുറപ്പെടുവിക്കാൻ കോടതിക്കും അധികാരമില്ലായിരുന്നു. ഹൈക്കോടതി വിധിപ്രസ്ഥാവനയിൽപറഞ്ഞത് ‘കെ.എസ്സ്.ആർ.ടി.സി’ അടക്കമുള്ള പൊതുമേഖലാസ്ഥാപനങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും നേരേയുണ്ടാകുന്ന ഹർത്താൽ അക്രമങ്ങൾ നടത്തുന്നവർക്കെതിരേ പിഴയും ശക്തമായ നിയമങ്ങളും ഏർപ്പാടാക്കണമെന്നാണ്.

അന്ന് കോടതി പറഞ്ഞത് പ്രധാനമായും 4 കാര്യങ്ങളായിരുന്നു. ഒരു ഇന്ത്യൻപൗരന് ഹർത്താൽദിനങ്ങളിൽ 1) സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം 2) തൊഴിലീടങ്ങളിൽ തൊഴിൽ ചെയ്യുവാനുള്ള സ്വാതന്ത്ര്യം 3) യാത്രാമധ്യേ ഹർത്താല്‍ അനുകൂലികൾ തടഞ്ഞാൽ പോലീസിൽ പരാതിപ്പെടാനുള്ള അവകാശം 4) തനിക്കുവന്ന നഷ്ടങ്ങൾക്കു കോടതിയിൽ കേസ് കൊടുക്കുവാനുള്ള അധികാരം എന്നിവയായിരുന്നു.

ഹർത്താലിന് ആഹ്വാനം ചെയ്യുന്ന സംഘടനകൾക്കും കോടതി അന്ന് വ്യക്തമായ മാർഗനിർദേശങ്ങൾ നൽകി. അത് പ്രധാനമായും അഞ്ചുകാര്യങ്ങളായിരുന്നു. 1) ജനങ്ങളുടെ സഞ്ചാരം തടസ്സപ്പെടുത്തുന്നില്ലെന്നു ഉറപ്പുവരുത്തണം, 2) ജോലിസ്ഥലങ്ങളിൽ പോകാനും തൊഴിൽചെയ്യാനും മനസ്സുള്ളവർ തടസ്സപ്പെടുത്തരുത്. 3) ഭരണഘടന നൽകിയിരിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങളിലൊന്നും ഇടപെടാൻ പാടില്ല 4) ഏറ്റവും പ്രധാനപ്പെട്ടത് ഒരാളെപ്പോലും നിർബന്ധിച്ചു ഹർത്താലിൽ പങ്കെടുപ്പിക്കാനോ അതിനായി പ്രേരിപ്പിക്കാനോ പാടില്ല.

കോടതിയതിന്റെ കർമം വ്യക്തമായി നിർവഹിച്ചു. പക്ഷെ രാഷ്ട്രീയ നേതൃത്വം അതിനായി ഉർജ്ജസ്വലമായി ഒരു മുന്നേറ്റം നടത്തിയില്ല. കേരളം ഇതിനു മുൻപ് ഭരിച്ചിരുന്ന രാഷ്ട്രീയ നേതൃത്വം ഹർത്താലിനെതിരെ ഒരു ബില്ലു കൊണ്ടുവന്നെങ്കിലും അത് വിജയത്തിലെത്തിക്കുവാനായില്ല. എവിടെയൊക്കെയോ നമ്മൾ മലയാളികളും ഹർത്താലിനെ ‘ധൃതരാഷ്ട്രാലിംഗനം’ പോലെ അറിഞ്ഞു കൊണ്ട് പിന്തുണക്കുന്നു. ജനാധിപത്യത്തിൽ പ്രതിഷേധങ്ങൾ മനുഷ്യ ശരീരത്തിന് ചോര പോലെ അത്യാവശ്യമാണെങ്കിലും അതിന്റെ പേരിൽ നടക്കുന്ന പേക്കൂത്തുകൾ കണ്ടില്ലെന്നു നടിക്കുന്നത് ഒരു പരിഷ്കൃതസമൂഹത്തിനു ചേർന്നതല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button