Weekened GetawaysWest/CentralPilgrimageIndia Tourism SpotsTravel

ദ്വാരകയും രുക്മിണിയും – അദ്ധ്യായം 22

ജ്യോതിർമയി ശങ്കരൻ

അഞ്ചുമണിയ്ക്കു മുൻപായി ഞങ്ങൾ ദ്വാരകയിലെത്തുമെന്ന് ഗൈഡ് പറഞ്ഞിരുന്നു. ബസ്സിലിരുന്നു ചുറ്റും നോക്കുമ്പോൾ ഹൈവെ ചൂടിൽ തിളയ്ക്കുന്നതുപോലെ തോന്നിച്ചു. ട്രാഫിക് കുറവാണെങ്കിലും ചരക്കുലോറികൾ ധാരാ‍ളം. ഇൻഡസ്റ്റ്രികളും അവയൊഴുക്കിവിട്ട മാലിന്യമാർന്ന നദികളും ഉണങ്ങിയ പാടങ്ങളും നിരനിരയായി സ്ഥപിച്ചിട്ടുള്ള വിൻഡ് മില്ലുകളും മലകളും കടലുമൊക്കെ കണ്ടു കണ്ട് ദ്വാരകാധീശനെക്കാണാൻ മനസ്സിൽ നിറഞ്ഞ മോഹവുമായി ഞങ്ങൾ ദ്വാരകയിലെത്തുമ്പോൾ മൂന്നു മണി കഴിഞ്ഞിരുന്നതേയുള്ളൂ. ക്ഷേത്രത്തിൽ നിന്നും 10 മിനിറ്റു മാത്രം ദൂരെയുള്ള ‘ഹോട്ടൽ ദ്വാരക‘ യിലെത്തുമ്പോൾ എല്ലാവരും ആശ്വസിയ്ക്കുന്നതു കാണാൻ കഴിഞ്ഞു. ദൈർഘ്യമേറിയ യാത്രയ്ക്കൊടുവിൽ ഒരൽ‌പ്പം വിശ്രമം എല്ലാവരും കൊതിയ്ക്കുന്നെന്നു മനസ്സിലായി. അലോട്ട് ചെയ്യപ്പെട്ട മുറിയിലെത്തി കൈകാൽ കഴുകി അൽ‌പ്പനേരം വിശ്രമിച്ചു. കുളിച്ച് ഫ്രെഷ് ആയി വൈകുന്നേരത്തെ ചായ കുടിച്ചശേഷം മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ദ്വാരകനാഥനെയും ഒപ്പം മറ്റു ക്ഷേത്രങ്ങളും കണ്ടു കൺ കുളിർക്കാനുള്ള മോഹവുമായി ഞങ്ങൾ ക്ഷേത്രത്തിലേയ്ക്കു പുറപ്പെട്ട് ഹോട്ടലിനു മുന്നിലായി ഒത്തുകൂടി.

നമ്മൾ ഇപ്പോൾ ആദ്യം പോകുന്നത് രുക്മിണീ ദേവീക്ഷേത്രത്തിലേയ്ക്കാണെന്നും ഇവിടെ നിന്നും ഒന്നര കിലോമീറ്റർ ദൂരെയാണതെന്നും ഗൈഡ് രാജു അറിയിച്ചു. ശ്രീകൃഷ്ണന്റെ എട്ടുഭാര്യമാരായ രുക്മിണി, സത്യഭാമ, ജാംബവതി, കാളിന്ദി, മിത്രവിന്ദ,സത്വ,ഭദ്ര, ലക്ഷണ എന്നിവരിൽ പ്രമുഖയാണ് രുക്മിണീ ദേവി.ഭഗവാൻ കൃഷ്ണന്റെ പതിനാറായിരത്തി ഒരുനൂറ്റിയെട്ടു ഭാര്യമാരിൽ പതിനാറായിരം പ്രധാനപ്പെട്ട വേദഋക്കുകളും, 108 ഉപനിഷത്തുക്കളുമാണെന്നും ഗോപികമാരൊക്കെയും ബ്രഹ്മസ്വരൂപികളായതും പ്രാധാന്യം കുറഞ്ഞതുമായ വേദഋക്കുകളാണെന്നും വായിച്ചിട്ടുള്ളതോർമ്മ വന്നു. രുക്മിണീ ദേവിയുടെ അഹങ്കാരം തീർക്കാൻ ഭഗവാൻ കൃഷ്ണൻ തന്നെ ഒരുക്കിയ തന്ത്രമാണീ മന്ദിരത്തിന്റെ ഉത്ഭവത്തിനു പിന്നിൽ.ദുർവ്വാസാവു മഹർഷിയുടെ ശാപത്തെക്കുറിച്ചുള്ള ആ കഥ മന്ദിരത്തിലെ പൂജാരിയിൽ നിന്നും കേൾക്കാനാകുമെന്നും ഗൈഡ് ഓർമ്മിപ്പിച്ചു.

രുക്മിണി- കിഴക്കൻ മഹാരാഷ്ട്രയിലെ വിദർഭയിൽ ഭീഷ്മകന്റെ മകളായി പിറന്നവൾ. ദ്വാരകയുടെ രാജ്ഞിയായവൾ..കൃഷ്ണന്റെ എട്ടു ഭാര്യമാരിൽ പ്രഥമസ്ഥാനമുള്ളവൾ. സാക്ഷാൽ ലക്ഷീദേവിയുടെ അവതാരം.ചേദി രാജാവായ ശിശുപാലനുമായുള്ള വിവാഹം നിശ്ചയിയ്ക്കപ്പെട്ടപ്പോൾ ശ്രീകൃഷ്ണനെ മാത്രമേ വരിയ്ക്കൂ എന്നും വേഗം വന്ന് തന്നെ രക്ഷിയ്ക്കണമെന്നു ബ്രാഹ്മണൻ വഴി ശ്രീകൃഷ്ണനെ അറിയിയ്ക്കാനുള്ള തന്റേടം കാട്ടിയവൾ. ശ്രീകൃഷ്ണൻ യഥാസമയം വന്ന് തേരിലേറ്റിക്കൊണ്ടുവന്ന് തന്റെ രാജ്ഞിയാക്കി വാഴിച്ചവൾ. പ്രദ്യുമ്നന്റെ അമ്മ. ഗോലോകത്തേയ്ക്ക് ശ്രീകൃഷ്ണൻ മടങ്ങിയപ്പോൾ ജീവത്യാഗം ചെയ്തവൾ. ഒക്കെ അറിയാവുന്നവ തന്നെയെങ്കിലും മഹാരാഷ്ട്രയിലെ വിദർഭയിൽ ജനിച്ച് ഗുജറാത്തിലെ ദ്വാരകയിലെത്തിയ രുഗ്മിണിയെക്കുറിച്ച് ഓർത്തപ്പോൾ പുതുമ തോന്നിയെന്നു മാത്രം.

ബസ്സിലിരിയ്ക്കുമ്പോൾ രുക്മിണിയിലേയ്ക്കും ഗൈഡ് പറഞ്ഞു തന്ന കഥയിലേയ്ക്കും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതിനാൽ സമയം പോയതറിഞ്ഞില്ല.തന്റെ പ്രിയതമയുടെ അഹങ്കാരം തീർക്കാൻ ദുർവ്വാസാവിന്റെ ശാപം തേടിയ കൃഷ്ണൻ തന്നെ പണ്ട് സത്യഭാമയുടെ അഹങ്കാരം തീർക്കാ‍ൻ രുക്മിണിയെ കരുവാക്കിയതാണോർമ്മ വന്നത്. നാരദന്റെ കുസൃതിയാർന്ന നിർദ്ദേശപ്രകാരം അഹങ്കാരം മുഴുത്ത സത്യഭാ‍മ കൃഷ്ണന് സ്വർണ്ണം കൊണ്ടു തുലാഭാരം നടത്താൻ തീരുമാനിയ്ക്കുന്നു. കിട്ടാവുന്നത്ര സ്വർണ്ണവും അമൂല്യരത്നങ്ങളും തുലാസ്സിൽ വച്ചിട്ടും ഭഗവാന്റെ തൂക്കത്തിനു സമമാക്കാനാ‍കാതെ കുഴഞ്ഞപ്പോൾ രുക്മിണി ഒരു തുളസിയിലയാൽ ഭഗവാന്റെ തൂക്കത്തെ സമമാക്കിയ കഥ രുക്മിണിയുടെ പ്രാധാന്യത്തോടൊപ്പം തന്നെ തുളസിയേയും അനശ്വരമാക്കിയതാണല്ലോ. ഭഗവാന് ലളിതമാ‍യ തുളസിയില കൊണ്ടുള്ള പൂജ പോലും സ്വർണ്ണത്തേക്കാൾ പ്രിയങ്കരമാവും പൂർണ്ണഭക്തിയോടെ ചെയ്താലെന്ന സത്യവും നമുക്കിതു കാട്ടിത്തരുന്നുണ്ടല്ലോ? പതിവ്രതയെന്നും ഭഗവൽ സ്നേഹത്തിന്റെ പ്രതീകമെന്നും ഭഗവാൻ തന്നെ കാണിച്ചു തന്ന ആ രുക്മിണിയെത്തന്നെ ഭഗവാൻ ഇവ്വിധം പരീക്ഷിയ്ക്കുമെന്നാരറിഞ്ഞു? രാധയോടുള്ള സ്നേഹത്തെക്കുറിച്ചാരാ‍ഞ്ഞ രുക്മിണിയ്ക്കു രാധയും താനും ഒന്നു തന്നെയാണെന്നും തന്റെ തന്നെ പ്രേമസ്വരൂപം മാത്രമാണു രാധയെന്നുമുള്ള സത്യം സത്യം അറിയിയ്ക്കുന്നതും ഈ കൃഷ്ണൻ തന്നെയായിരുന്നല്ലോ

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button