East Coast SpecialEditorialSpecials

തോമസ്‌ ചാണ്ടി നിയമസംവിധാനങ്ങളെയും ജനങ്ങളെയും ഒരേപോലെ വെല്ലുവിളിക്കുമ്പോള്‍ ഒരു ജനകീയ വിപ്ലവം അനിവാര്യമോ?

എല്ലാം ശരിയാക്കും എന്ന വാഗ്ദാനവുമായി അധികാരത്തില്‍ വന്ന എല്‍ഡി എഫ് മന്ത്രിസഭ അണികളുടെയും പൊതുജനങ്ങളുടെയും മുന്‍പില്‍ നാണംകെടുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. അധികാരത്തില്‍ കയറി അധിക നാളുകള്‍ ആവുന്നതിനു മുന്പ് തന്നെ രണ്ടു മന്ത്രിമാരെ പുറത്താക്കേണ്ടി വന്നു. ബന്ധു നിയമനവും ലൈംഗിക ആരോപണവുമെല്ലാം കളങ്കമായി ഇന്നും തുടരുന്നു. എന്നാല്‍ അവരെ പുറത്താക്കിയതിലൂടെ മുഖം ഒരു പരിധിവരെ രക്ഷിച്ച പിണറായി മുഖ്യമന്ത്രിയ്ക്ക് അടി തെറ്റുന്നുവന്നു സൂചന. അതുകൊണ്ടല്ലെ പിണറായി മന്ത്രിസഭയില്‍ കൊടും അഴിമതിയുമായി കോടിശ്വരന്‍ മന്ത്രി ഇപ്പോഴും നിലനില്‍ക്കുന്നത്?

ഗതാഗത മന്ത്രി സ്ഥാനത്തേയ്ക്ക് പകരക്കാരനായി എത്തിയ തോമസ്‌ ചാണ്ടി ഇന്നത്തെ കേരളീയ മന്ത്രിസഭയില്‍ സാധാരണക്കാരനുണ്ടായിരുന്ന വിശ്വാസ്യതയെ നഷ്ടപ്പെടുത്തി. തോമസ്‌ ചാണ്ടിയുടെ അഴിമതി തെളിവ് സഹിതം പുറത്തു വന്നിട്ടും തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കമെന്നും പറഞ്ഞു ഷൈന്‍ ചെയ്ത മന്ത്രി വീണ്ടും ഒരു ഉളുപ്പുമില്ലാതെ ഇനിയും കായല്‍ കൈയ്യേറുമെന്നു പൊതുജനങ്ങളെയും ഭരണാധികാരികളെയും വെല്ലുവിളിച്ചിരിക്കുകയാണ്. കാനം രാജേന്ദ്രൻ നയിക്കുന്ന ജനജാഗ്രത യാത്രയുടെ കുട്ടനാട്ടിലെ സ്വീകരണ യോഗത്തിൽ പങ്കെടുക്കുമ്പോഴാണ് ഭൂമി കയ്യേറ്റ വിഷയത്തിൽ മന്ത്രി വീണ്ടും വെല്ലുവിളി ഉയര്‍ത്തിയത്.

പ്രതിഷേധങ്ങളും തെളിവുകളും എതിരായിട്ടും തോമസ് ചാണ്ടിയെന്ന അഴിമതി രാഷ്ട്രീയക്കാരന്‍ വീണ്ടും വെല്ലുവിളികളുമായി രംഗത്ത് നില്‍ക്കുമ്പോള്‍ രാഷ്ട്രീയത്തില്‍ അകമഴിഞ്ഞു വിശ്വസിക്കുന്ന ഓരോ സാധാരണക്കാരനും തന്റെ പ്രതീക്ഷകള്‍ തെറ്റിയതിന്റെ അമര്‍ഷത്തിലാണ്. തോമസ്‌ ചാണ്ടി അഴിമതി നടത്തിയെന്ന തെളിവുകളുമായി അനുപമ ഐ എ എസിന്റെ റിപ്പോര്‍ട്ടും മുഖ്യമന്ത്രിയ്ക്ക് ലഭിക്കുന്നതോടെ മുഖച്ഛായ രക്ഷിക്കാന്‍ എങ്കിലും എന്‍ സി പി യുടെ രാണ്ടാമത്തെ മന്ത്രിയെയും പുറത്താക്കുമെന്ന് ചിന്തിച്ച പൊതുജനം വിഡ്ഢി.

മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോട്ടിനു മുന്‍വശം അഞ്ചുകിലോമീറ്ററോളം കായല്‍ വേലികെട്ടി വേര്‍തിരിച്ച് അധീനതയിലാക്കിയതായും ആലപ്പുഴ നഗരസഭയിലെ ഉദ്യോഗസ്ഥരുമായി ഒത്തുചേര്‍ന്ന് റിസോര്‍ട്ടിന്റെ നികുതി വെട്ടിപ്പ് നടത്തിയതായും ആലപ്പുഴയില്‍ ഒരു കിലോമീറ്റര്‍ റോഡ് നിര്‍മ്മാണത്തിന് അനുവദിച്ച പണമുപയോഗിച്ച് മന്ത്രിയുടെ റിസോര്‍ട്ട് വരെയുള്ള 400 മീറ്റര്‍വരെമാത്രം ടാര്‍ ചെയ്തുവെന്നും റിസോട്ടിനായി നിലം നികത്തിയെന്നും വ്യക്തമായിട്ടുണ്ട്. 2004 മുതല്‍ അനുവദിച്ച നികുതി ഇളവാണ് നഗരസഭ പ്രത്യേക കൗണ്‍സില്‍ ചേര്‍ന്ന് റദ്ദാക്കിയത്. മൂന്നിലൊന്നു തുക മാത്രമാണ് ഇക്കാലമത്രയും മുനിസിപ്പാലിറ്റിക്ക് ലഭിച്ചത്. ഈ തുകയൊന്നാകെ ലേക് പാലസ് തിരിച്ചടയ്ക്കണം.

റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ഒട്ടേറെ നിയമലംഘനങ്ങള്‍ ഉണ്ടായെന്ന് അനുപമയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ മുമ്പിലൂടെയുള്ള റോഡ് നിര്‍മ്മാണത്തെക്കുറിച്ചുള്ള ആക്ഷേപങ്ങളും ശരിവെച്ചു. മുന്‍ വര്‍ഷങ്ങളിലെ ഉപഗ്രഹചിത്രങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഭൂഘടനയില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്ന് കണ്ടിട്ടുണ്ട്. കായല്‍ മണ്ണിട്ട് നികത്തിയതുകൂടാതെ കുറച്ചുഭാഗം സ്വകാര്യ ആവശ്യത്തിനായി കൈവശം വെച്ചു. റോഡ് നിര്‍മ്മാണത്തിലും ക്രമക്കേടുണ്ട്. മണ്ണിട്ട് നികത്തിയാണ് റോഡിന്റെ കുറെഭാഗം നിര്‍മ്മിച്ചത്. ഉപഗ്രഹചിത്രങ്ങളുടെ വിശദാംശങ്ങളും തെളിവായി റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തിട്ടുണ്ട്. മന്ത്രിക്കെതിരേ അടിക്കടി ആക്ഷേപങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യൂ വകുപ്പ് നിര്‍ദ്ദേശിച്ചത്. മുന്‍ കളക്ടറും ഇക്കാര്യം അന്വേഷിച്ചിരുന്നു. ഈ റിപ്പോര്‍ട്ടില്‍ ശുപാര്‍ശചെയ്ത പ്രകാരമാണ് ഇപ്പോഴത്തെ അന്വേഷണം.

തോമസ് ചാണ്ടി മാത്തൂര്‍ ദേവസ്വത്തിന്റെ ഭൂമി ഭൂപരിഷ്‌കരണനിയമം അട്ടിമറിച്ച് വ്യാജരേഖയുണ്ടാക്കി കൈവശപ്പെടുത്തിയെന്നാണ് ആരോപണം. ഭൂമി തിരിച്ചുലഭിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം പരാതി നല്‍കി. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി സി.എ. ലതയാണ് ഇക്കാര്യം അന്വേഷിക്കുക. തോമസ് ചാണ്ടിയുടെ വീടിനുസമീപത്തുള്ള ഭൂമിയാണിത്. ഈ സ്ഥലം പോള്‍ ഫ്രാന്‍സിസ് എന്നയാള്‍ വ്യാജരേഖ ചമച്ച് മറ്റു മൂന്ന് ആളുകളുടെ പേരിലേക്ക് മാറ്റിയെടുത്തു. ഇതിന് ചേര്‍ത്തല ലാന്‍ഡ് ട്രിബ്യൂണലിന്റെ വിധിയും സഹായകമായി. പിന്നീട് പോള്‍ ഫ്രാന്‍സിസിന്റെയും വിദേശത്ത് താമസമാക്കിയ അഞ്ച് വ്യക്തികളുടെയും പേരില്‍ പട്ടയം സമ്പാദിച്ചു. തുടര്‍ന്ന് ഈ സ്ഥലം തോമസ് ചാണ്ടിക്കും കുടുംബത്തിനും വിറ്റു. കരമടയ്ക്കാന്‍ ചെന്നപ്പോഴാണ് ഭൂമി നഷ്ടപ്പെട്ട വിവരം അറിയുന്നതെന്ന് ദേവസ്വം അധികൃതര്‍ പരാതിയില്‍ പറയുന്നു.

അഞ്ച് തീറാധാരങ്ങളായാണ് മന്ത്രിയും കുടുംബവും ഭൂമി സ്വന്തമാക്കിയത്. ദേവസ്വം ആലപ്പുഴ അപ്പലേറ്റ് അതോറിറ്റിക്ക് പരാതി നല്‍കി. അപ്പലേറ്റ് അതോറിറ്റി ഈ അഞ്ചു പട്ടയവും ചേര്‍ത്തല ട്രിബ്യൂണലിന്റെ വിധിയും റദ്ദാക്കി. തോമസ് ചാണ്ടി ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചു. ദേവസ്വത്തെ കക്ഷിചേര്‍ത്ത് നാലുമാസത്തിനകം ഇക്കാര്യത്തില്‍ വിധിപറയാന്‍ ഹൈക്കോടതി ലാന്‍ഡ് ട്രിബ്യൂണലിന് നിര്‍ദ്ദേശം നല്‍കി. മൂന്നരവര്‍ഷമായിട്ടും ട്രിബ്യൂണലിലെ കേസ് എങ്ങുമെത്തിയിട്ടില്ല. അതിനിടെ, തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോട്ടിന് 2004 മുതല്‍ ലഭ്യമായിരുന്ന നികുതിയിളവ് റദ്ദാക്കാന്‍ ആലപ്പുഴ നഗരസഭാ യോഗം തീരുമാനിച്ചു. ഇതുവരെ ലഭിച്ച നികുതിയിളവ് തിരിച്ചടയ്ക്കാന്‍ നിര്‍ദ്ദശം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. റിസോര്‍ട്ടിനെതിരായുള്ള ആരോപണങ്ങളില്‍ നഗരസഭ നടത്തിയ അന്വേഷണത്തില്‍ അപാകതയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സൂപ്രണ്ട് അടക്കം നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാനും ആ യോഗത്തില്‍ തീരുമാനമുണ്ടായി.

ലേക് പാലസിലെ അഞ്ചു കെട്ടിടങ്ങള്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തി എന്നായിരുന്നു മുനിസിപ്പല്‍ എന്‍ജിനീയറുടെ റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനു തൊട്ടുപിന്നാലെ റിപ്പോര്‍ട്ട് വായിച്ച മുനിസിപ്പല്‍ സെക്രട്ടറി എല്ലാം നിയമപരമാണെന്ന് വ്യക്തമാക്കി. ഈ വൈരുദ്ധ്യം ചര്‍ച്ചക്ക് വന്നതോടെ ബഹളമായി. അതേസമയം കയ്യേറ്റം തെളിയിച്ചാല്‍ രാജിവയ്ക്കുമെന്ന പ്രഖ്യാപനവുമായി മന്ത്രി തോമസ് ചാണ്ടി രംഗത്ത് എത്തി. കയ്യേറ്റം തെളിഞ്ഞാല്‍ എല്ലാ പദവികളും രാജിവയ്ക്കുമെന്ന് അദ്ദേഹം അന്ന് നിയമസഭയില്‍ വ്യക്തമാക്കി. എന്നാല്‍ ഇന്നും തെളിവുകള്‍ എതിരായിട്ടും തോമസ്‌ ചാണ്ടി കസേരയില്‍ അമര്‍ന്നിരുന്നു ഓരോ സാധാരണക്കാരനെയും വെല്ലുവിളിക്കുന്നു. എല്ലാം ശരിയാക്കി തരാമെന്നും പറഞ്ഞു വന്ന അധികാരികള്‍ അവരവരുടെ കുടുംബത്തിലേയ്ക്ക് ഖജനാവും ഭൂമിയും അധികാരവും കടത്തുന്ന രാഷ്ട്രീയമായി മാറിക്കഴിഞ്ഞു. ഇതില്‍ നിന്നും ഇനിയും പാഠം പഠിക്കാത്ത മലയാളികളെ എന്താണ് പറയേണ്ടത്.

വിമര്‍ശനം ഉന്നയിച്ചാല്‍ ഉടന്‍ പറയും അതിനെന്താ കോണ്ഗ്രസ്സുകാരും അഴിമതി നടത്തിയിട്ടില്ലെ. വേണമെങ്കില്‍ ബദ്ധ വൈരികളായ കേന്ദ്രത്തെയും കൂടെ പഴിച്ചാരും. ചുവപ്പന്‍ വിപ്ലവം വാക്കുകളില്‍ മാത്രമായും ഇരട്ട ചങ്കന്‍ വെറും വായ്മൂടിക്കെട്ടിയ ആളായും അഴിമതി രാഷ്ട്രീയത്തെ തഴുകി നില്‍ക്കുമ്പോള്‍ എന്താണ് നമ്മള്‍ അവരില്‍ നിന്നും പ്രതീക്ഷിക്കേണ്ടത്? ഒരിക്കലെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിച്ചു കൊണ്ട് കേരള രാഷ്ട്രീയത്തില്‍ ഒരു പ്രതിപക്ഷമിപ്പോള്‍ ഉണ്ടെന്നു ചെന്നിത്തലയും കൂട്ടരും അറിയിക്കുമെന്ന് നമ്മള്‍ ചിന്തിച്ചാല്‍ ഇതിലും പരം ഒരു വിഡ്ഢിത്തം വേറെയില്ല. അഴിമതിക്കാര്‍ നമുക്ക് വേണ്ടയെന്ന ജനകീയ വിപ്ലവമുയര്‍ത്തി ഒരു തലമുറയ്ക്ക് പിന്നില്‍ നില്‍ക്കുന്ന അധികാരത്തെ കയ്യേല്‍ക്കുവാന്‍ ഇന്നത്തെ തലമുറയ്ക്ക് ആകുമോ? അതിനായി ഊറ്റംക്കൊള്ളല്‍ ഒന്നുമില്ലാത്ത ഒരു നിശബ വിപ്ലമെങ്കിലും ഉണ്ടാകുമോ? അങ്ങനെ ഒരു ജനകീയ വിപ്ലവത്തിലൂടെ ഈ അധികാരി വര്‍ഗ്ഗത്തെ പാഠം പഠിപ്പിക്കേണ്ട സമയം എന്നേ കഴിഞ്ഞു പോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button