KeralaLatest NewsNews

ഐഎസിലേയ്ക്ക് പോയവരുടെ കുടുംബങ്ങളെ കുറിച്ച് എന്‍.ഐ.എയുടെ വെളിപ്പെടുത്തല്‍ : കൂടെ സംസ്ഥാന സര്‍ക്കാറിന് താക്കീതും

 

കരിപ്പൂര്‍: ഐ.എസിലേയ്ക്ക് പോയവരുടെ കുടുംബങ്ങളെ കുറിച്ച് എന്‍.ഐ.എയുടെ വെളിപ്പെടുത്തല്‍ ഏറെ നിര്‍ണ്ണായകമാകുന്നു. ഐ.എസിലേയ്ക്ക് പോയവരുടെ കുടുംബങ്ങള്‍ക്ക് വിദേശത്തു നിന്നു സഹായം വരുന്നതായി എന്‍.ഐ.എ കണ്ടെത്തി. സംസ്ഥാനത്ത് ഐ.എസ്. സംഘങ്ങള്‍ വളര്‍ന്നതും ആളെച്ചേര്‍ത്തതും ഹവാല സംഘങ്ങളുടെ സംരക്ഷണത്തിലെന്ന് എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്. മുമ്പ് സിമിയില്‍ പ്രവര്‍ത്തിച്ചിരുന്ന എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, വയനാട് എന്നിവിടങ്ങളില്‍നിന്നുള്ള 28 അംഗ സംഘമാണ് കേരളത്തിലെ ഹവാല പണമിടപാടുകള്‍ക്ക് ചുക്കാന്‍പിടിച്ചത്.

ആദ്യഘട്ടത്തില്‍ കള്ളനോട്ടുകള്‍ വിതരണം ചെയ്യുന്നതിലും ഗള്‍ഫ് കേന്ദ്രീകരിച്ചുളള ഹവാല ഇടപാടുകള്‍ക്കും നേതൃത്വം നല്‍കിയ ഈ സംഘം പില്‍ക്കാലത്ത് തീവ്രവാദ റിക്രൂട്ട്‌മെന്റിന്റെ സംരക്ഷകരായി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെയും കടക്കെണിയില്‍പ്പെട്ടവരെയുമാണ് പ്രധാനമായും ഉന്നംവെച്ചത്.

ഇത്തരത്തിലുള്ളവരെ ഗള്‍ഫിലേക്കയയ്ക്കാനും അവിടെനിന്ന് ഐ.എസ്. കേന്ദ്രങ്ങളിലേക്കയയ്ക്കാനും ശ്രമിച്ചു. സിറിയയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശി ഷെജിലിനെ ഇത്തരത്തിലാണ് റിക്രൂട്ട് ചെയ്തത്. നാട്ടില്‍ നാലു ലക്ഷത്തിലേറെ രൂപയുടെ കടമുണ്ടായിരുന്ന ഷെജിലിന്റെ ബാധ്യതകള്‍ വീട്ടാന്‍ സിറിയയില്‍ ഒപ്പമുണ്ടായിരുന്ന മനാഫ് നാട്ടിലെ ഒരാളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

നോട്ടസാധുവാക്കലിനുശേഷം സംഘത്തില്‍പ്പെട്ട പലരും വിദേശത്തേക്ക് കടന്നതായി എന്‍.ഐ.എ. കരുതുന്നു. ഐ.എസ്. സാന്നിധ്യം രേഖപ്പെടുത്തിയ 2016-ല്‍ എമിഗ്രേഷന്‍ വിഭാഗങ്ങള്‍ക്ക് എന്‍.ഐ.എ. കൈമാറിയ 65 പേരുള്ള ലുക്ക്ഔട്ട് നോട്ടീസില്‍ 23 പേര്‍ ഇതില്‍ ഉള്‍പ്പെട്ടവരാണ്. ഗള്‍ഫില്‍നിന്നും 20,000 കോടിയിലധികം രൂപ ഈ സംഘം വഴി സംസ്ഥാനത്തെത്തിയെന്നും എന്‍.ഐ.എ. കണ്ടെത്തി.

സംഘാംഗങ്ങളില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ പലയിടങ്ങളിലായി കോടികളുടെ ബിനാമി ഇടപാടുകള്‍ നടത്തിയതായും വ്യക്തമായിട്ടുണ്ട്. പലവട്ടം സംസ്ഥാനത്തിന് ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും അവ ഗൗരവത്തിലെടുത്തില്ലെന്ന് എന്‍.ഐ.എ. കുറ്റപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button