Latest NewsNewsGulf

നവയുഗവും ഇന്ത്യൻ എംബസ്സിയും കൈകോർത്തു; സ്‌പോൺസറുടെ പരാതിയിൽ 9 മാസം ജയിലിൽ കഴിയേണ്ടി വന്ന യുവതി രക്ഷപ്പെട്ടു നാടണഞ്ഞു.

ദമ്മാം•സ്പോൺസർ നൽകിയ കള്ളപരാതി മൂലം ഒൻപതു മാസക്കാലം ജയിലിൽ കഴിയേണ്ടി വന്ന ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരി നവയുഗം സാംസ്കാരികവേദിയുടെയും, ഇന്ത്യൻ എംബസ്സിയുടെയും കൂട്ടായ പരിശ്രമത്തിനൊടുവിൽ, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തെലുങ്കാന ഹൈദരാബാദ് സ്വദേശിനിയായ തൻവീർ ഫാത്തിമയാണ് ഏറെ കഷ്ടപ്പാടുകൾക്കൊടുവിൽ നാട്ടിലേയ്ക്ക് മടങ്ങിയത്. ഒന്നരവർഷം മുൻപാണ് തൻവീർ ഫാത്തിമ സൗദിയിൽ ദമ്മാമിലെ ഒരു വീട്ടിൽ ജോലിക്കാരിയായി എത്തിയത്. ഭർത്താവ് ഉപേക്ഷിച്ച തൻവീർ ഫാത്തിമ രണ്ടു കുട്ടികളും, വയസ്സായ മാതാപിതാക്കളും അടങ്ങുന്ന സ്വന്തം കുടുംബത്തിന്റെ സാമ്പത്തികനില ഭദ്രമാക്കാമെന്ന പ്രതീക്ഷയോടെയാണ് പ്രവാസജോലി സ്വീകരിച്ച് ഇവിടെയെത്തിയത്. എന്നാൽ പ്രതീക്ഷകളെ തകർക്കുന്ന ജോലിസാഹചര്യങ്ങളാണ് അവർക്കു നേരിടേണ്ടി വന്നത്. രാപകൽ ജോലിയും, മതിയായ ആഹാരമോ വിശ്രമമോ ഇല്ലാത്ത അവസ്ഥയും, ശമ്പളമോ ആനുകൂല്യങ്ങളോ സമയത്ത് കിട്ടാത്തതും, പരാതി പറഞ്ഞപ്പോൾ ഉണ്ടായ മാനസികവും ശാരീരികവുമായ ഉപദ്രവവും ഒക്കെച്ചേർത്ത് അവിടത്തെ ജീവിതം ദുരിതമയമായി. അഞ്ചു മാസത്തോളം അവിടെ ജോലി ചെയ്‌തെങ്കിലും, ഒടുവിൽ സഹികെട്ടപ്പോൾ ആരും കാണാതെ വീട് വിട്ടിറങ്ങി, അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അഭയം തേടി. എന്നാൽ പോലീസ് സ്റ്റേഷനിൽ എത്തിയ സ്‌പോൺസർ, തൻവീർ ഫാത്തിമ തന്റെ വീട്ടിൽ നിന്നും പണവും ആഭരണങ്ങളും മോഷ്ടിച്ചാണ് കടന്നു കളഞ്ഞത് എന്ന കള്ളപരാതി നൽകിയതിനെത്തുടർന്ന്, പോലീസ് അവരെ ഫൈസലിയ സെൻട്രൽ ജയിലിൽ കൊണ്ടാക്കി. കേസിന്റെ വിചാരണയും നടപടികളും തീരുന്നതു വരെ അവർക്ക് ആ ജയിലിൽ കഴിയേണ്ടി വന്നു.

നാട്ടിലെ വീട്ടുകാർ വിദേശകാര്യമന്ത്രാലയത്തിനും, മറ്റു അധികാരികൾക്കും പരാതി നൽകിയതിനെത്തുടർന്ന് സൗദിയിലെ ഇന്ത്യൻ എംബസ്സിയിൽ പരാതി എത്തിയപ്പോൾ, അവർ എംബസ്സി വോളന്റീർ കൂടിയായ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനെ ഈ കേസിൽ ഇടപെട്ട് പരിഹാരം കാണാൻ അനുമതിപത്രം നൽകി ചുമതലപ്പെടുത്തി.

മഞ്ജുവും ഭർത്താവും നവയുഗം ജീവകാരുണ്യപ്രവർത്തകനുമായ പദ്മനാഭൻ മണിക്കുട്ടനും കൂടി പല പ്രാവശ്യം ഫൈസലിയ ജയിലിൽ എത്തി തൻവീർ ഫാത്തിമയെക്കണ്ട് കാര്യങ്ങൾ മനസ്സിലാക്കി എംബസ്സിയിൽ റിപ്പോർട്ട് ചെയ്തു. തുടർന്ന് മഞ്ജുവും മണിക്കുട്ടനും ഫാത്തിമയുടെ സ്‌പോൺസറെ ബദ്ധപ്പെട്ട് അനുരഞ്ജന ചർച്ചകൾ നടത്തിയപ്പോൾ, കേസുമായി മുന്നോട്ടു പോകാൻ താൻ ഉദ്ദേശിയ്ക്കുന്നില്ല എന്നയാൾ അറിയിച്ചു.

പാസ്സ്‌പോർട്ട് സ്പോൺസർ നഷ്ടമാക്കിയതിനാൽ, മഞ്ജു അറിയിച്ചത് അനുസരിച്ചു എംബസ്സി ഉദ്യോഗസ്ഥരായ മീനയും, യൂസഫും ഫൈസലിയ ജയിലിൽ നേരിട്ടെത്തി ഫാത്തിമയിൽ നിന്നും അപേക്ഷ സ്വീകരിച്ച്, ഔട്പാസ്സ് നൽകി. ഇതിനിടെ കേസ് വിളിച്ചപ്പോൾ സ്പോൺസർ ഹാജരാകാത്ത കാര്യം മഞ്ജുവും മണിക്കുട്ടനും ചൂണ്ടിക്കാട്ടിയപ്പോൾ, ജഡ്ജ് കേസ് അവസാനിപ്പിച്ച് തൻവീർ ഫാത്തിമയെ വെറുതെ വിടാൻ ഉത്തരവിട്ടു.
നവയുഗത്തിന്റെ ശ്രമഫലമായി ഹൈദരാബാദ് സ്വദേശിയായ ഒരു പ്രവാസി തൻവീർ ഫാത്തിമയ്ക്ക് വിമാനടിക്കറ്റ് നൽകി.

നിയമനടപടികൾ പൂർത്തിയാക്കി എല്ലാവർക്കും നന്ദി പറഞ്ഞു തൻവീർ ഫാത്തിമ നാട്ടിലേയ്ക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button