Latest NewsKeralaNews

കൂട്ടുകാരനെ കൊലപ്പെടുത്തി വിവരം പുറത്തു പറയാതിരിക്കാന്‍ കൂട്ടാളിയെയും ഇല്ലാതാക്കി : വെള്ളക്കെട്ടിലും റെയില്‍വേ പാളത്തിനു സമീപവും യുവാക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്

ആലപ്പുഴ: ഏഴുമാസം മുമ്പ് എടത്വാ പച്ചയിലെ വെള്ളക്കെട്ടിലും രണ്ടുമാസം മുമ്പ് തകഴി റെയില്‍വേ പാളത്തിനു സമീപവും യുവാക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവം ആസൂത്രിത കൊലപാതകമെന്ന് റിപ്പോര്‍ട്ട്‌. എടത്വാ ചെക്കിടിക്കാട് കറുകത്തറ മധു (40), ചെക്കിടിക്കാട് തുരുത്തുമാലില്‍ വര്‍ഗീസ് ഔസേഫ് (ലിന്റോ -26) എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട്, സുഹൃത്തുക്കളായ എടത്വാ പച്ച കാഞ്ചിക്കല്‍ വീട്ടില്‍ മോബിന്‍ മാത്യു (മനു-25), പിതൃസഹോദരപുത്രന്‍ കാഞ്ചിക്കല്‍ ജോഫിന്‍ ജോസഫ് (28) എന്നിവരാണ് അറസ്റ്റിലായത്. മൂന്നുമാസം പഴക്കമുള്ള അസ്ഥികൂടത്തിന്റെ ഡി.എന്‍.എ. പരിശോധന നടത്തിയപ്പോഴാണു ലിന്റോയാണു മരിച്ചതെന്നു സ്ഥിരീകരിച്ചത്. മധുവിന്റെ കൊലപാതകത്തില്‍ പങ്കാളിയായ ലിന്റോയെ, വിവരം പുറത്തറിയുമെന്ന ഭീതിയില്‍ മോബിന്‍ കൊലപ്പെടുത്തുകയും ആത്മഹത്യയായി ചിത്രീകരിക്കാന്‍ റെയില്‍വേ ട്രാക്കിനടുത്ത് തള്ളുകയുമായിരുന്നു.

സംഭവങ്ങളെക്കുറിച്ചുള്ള പോലീസ് ഭാഷ്യം ഇങ്ങനെ: കൊല്ലപ്പെട്ടവരും പ്രതികളും കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളായിരുന്നു. ഒന്നാംപ്രതി മോബിന്റെ ബന്ധുവിന്റെ മനഃസമ്മതം കഴിഞ്ഞ ഏപ്രില്‍ 18-നായിരുന്നു. അന്നു രാത്രിയാണു മധു കൊല്ലപ്പെട്ടത്. മധു തന്റെ സഹോദരിയെ ശല്യപ്പെടുത്തുന്നതിനെച്ചൊല്ലി മോബിനു െവെരാഗ്യമുണ്ടായിരുന്നു. സംഭവദിവസം രാത്രി പച്ചയിലെ ബന്ധുവീടിനു സമീപമുള്ള പാടത്തിരുന്ന് മോബിന്‍, മധു, ലിന്റോ എന്നിവരുള്‍പ്പെട്ട എട്ടംഗസംഘം മദ്യപിക്കുകയും കഞ്ചാവ് വലിക്കുകയും ചെയ്തു. ഇതിനിടെ മധു ടോര്‍ച്ച്‌ തെളിച്ചുവച്ചതിനെച്ചൊല്ലി വാക്കേറ്റവും അടിപിടിയുമുണ്ടായി. പ്രശ്നം പരിഹരിച്ചശേഷം മറ്റു സുഹൃത്തുക്കള്‍ സ്ഥലംവിട്ടു.

മധു വീണ്ടും മദ്യം കൊണ്ടുവന്നതോടെ മോബിനും ലിന്റോയും ഒപ്പംകൂടി. പിന്നീടും ബഹളമുണ്ടായി. തുടര്‍ന്ന് മധുവിനെ ഇരുവരും ചേര്‍ന്നു കീഴ്പ്പെടുത്തി തെങ്ങിനോടു ചേര്‍ത്ത് ഇന്‍സുലേറ്റഡ് കേബിള്‍കൊണ്ട് കഴുത്ത് വരിഞ്ഞുമുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ചിറയോടു ചേര്‍ന്നുള്ള നന്നാട്ടുമാലില്‍ പാടം ചാലിലൂടെ വലിച്ചിഴച്ച്‌, മധു വീട്ടിലേക്കു പോകുന്ന വഴിക്കുള്ള തെങ്ങിന്‍പാലത്തിനു താഴെ വെള്ളക്കെട്ടില്‍ ഉപേക്ഷിച്ചു. പാലത്തില്‍നിന്നു വീണുമരിച്ചെന്നു തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇത്.

മൃതദേഹം കണ്ടെടുത്തപ്പോള്‍ ഇന്‍ക്വസ്റ്റ് മുതല്‍ സംസ്കാരച്ചടങ്ങില്‍വരെ പങ്കെടുത്ത മോബിനും ലിന്റോയും പിന്നീടു രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിലും അംഗങ്ങളായി. അന്വേഷണത്തിന്റെ ഭാഗമായി മോബിനും ലിന്റോയും ഉള്‍പ്പെടെയുള്ളവര്‍ക്കു പോലീസ് നുണപരിശോധനാ നോട്ടീസ് നല്‍കി. ഇതോടെ ലിന്റോയെ കാണാതായി. മോബിനാണ് ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിക്കൊടുത്തത്. എന്നാല്‍, മനഃസാക്ഷിക്കുത്തുമൂലം എല്ലാം പോലീസിനോടു തുറന്നുപറയാന്‍ പോകുകയാണെന്നു ലിന്റോ വെളിപ്പെടുത്തി.

ഇതോടെ ജൂണ്‍ 21-നു മുമ്പ് മോബിനും പിതൃസഹോദരപുത്രനും ചേര്‍ന്നു ലിന്റോയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം വിജനമായ തകഴി റെയില്‍ ക്രോസിങ് ഭാഗത്തെ പൊന്തക്കാട്ടില്‍ ഉപേക്ഷിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 19-നാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇവിടെനിന്നു ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ്, പഴ്സ്, ചെരുപ്പ് എന്നിവ പരിശോധിച്ചപ്പോള്‍, മരിച്ചതു ലിന്റോയാണെന്ന സംശയം ബലപ്പെട്ടു. ശാസ്ത്രീയപരിശോധനയില്‍ ഇത് ഉറപ്പാക്കി.

മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍, ചോദ്യംചെയ്തപ്പോള്‍ ഉയര്‍ന്ന സംശയങ്ങളാണു പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. ഞായറാഴ്ച അറസ്റ്റിലായ മോബിനെ ഇന്നലെ ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇന്നലെ െവെകിട്ടു കസ്റ്റഡിയിലെടുത്ത ജോഫിനെ ഇന്നു കോടതിയില്‍ ഹാജരാക്കും. കൊലപാതകം, ഗൂഢാലോചന, പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണു മോബിനെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button