Latest NewsNewsIndia

ഭണ്ഡാരി അന്താരാഷ്ട്ര നീതി ന്യായകോടതിയുടെ തലപ്പത്ത് എത്തിയതിനു പിന്നില്‍ ഇന്ത്യയുടെ നയതന്ത്രവിജയം

 

യു.എന്‍: ഭണ്ഡാരി അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ തലവനായത് ഇന്ത്യയുടെ നയതന്ത്ര വിജയം. ”വന്ദേമാതരം- ഇന്ത്യ രാജ്യാന്തര നീതിന്യായ കോടതിയിലെ തെരഞ്ഞെടുപ്പ് വിജയിച്ചിരിക്കുന്നു. ജയ് ഹിന്ദ്.” രാജ്യാന്തര തലത്തില്‍ െകെവരിച്ച നയതന്ത്രവിജയത്തിന്റെ എല്ലാ ആവേശവും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ട്വീറ്റിലുണ്ടായിരുന്നു.

മാറ്റത്തിന്റെ കാറ്റിന്റെ ദിശ എങ്ങോട്ടാണെന്നും ഇന്ത്യ അവഗണിക്കാനൊക്കാത്ത ശക്തിയാണെന്നും ലോകത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞെന്ന ആത്മവിശ്വാസം അതില്‍ അടങ്ങിയിരുന്നു. മുന്‍ നാവികസേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ യാദവിനെ ചാരക്കുറ്റം ചുമത്തി തൂക്കിലേറ്റാനുള്ള പാക് പട്ടാളക്കോടതിയുടെ ഉത്തരവിനെതിരേയുള്ള ഹര്‍ജി അടുത്ത മാസം പരിഗണനയ്ക്കു വരുന്ന ഐ.സി.ജെയിലെ സ്ഥാനം ഇന്ത്യക്ക് അഭിമാനവിഷയമായിരുന്നു.

രാജ്യാന്തര നീതിന്യായ കോടതി ബെഞ്ചിലെ അഞ്ച് ഒഴിവുകളില്‍ അവസാനത്തേതിലേക്കുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ ജസ്റ്റീസ് ദല്‍വീര്‍ ഭണ്ഡാരിക്ക് ബ്രിട്ടന്റെ ജസ്റ്റിസ് ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡായിരുന്നു എതിരാളി. കഴിഞ്ഞ 11 റൗണ്ടുകളിലും യു.എന്‍. പൊതുസഭയില്‍ ഇന്ത്യ മൂന്നില്‍രണ്ടിലേറെ പിന്തുണ നേടിയിട്ടും രക്ഷാസമിതിയിലെ രഹസ്യ സ്വഭാവമുള്ള വോട്ടിങ്ങില്‍ ലഭിച്ച ഭൂരിപക്ഷം മുന്‍നിര്‍ത്തി വിജയം നിഷേധിക്കാനായിരുന്നു ബ്രിട്ടന്റെ ശ്രമം.

കഴിഞ്ഞ 10 ദിവസങ്ങളില്‍ അഭൂതപൂര്‍വവും അതിശക്തവുമായ നയതന്ത്രനീക്കങ്ങളാണ് ഇന്ത്യ നടത്തിയത്. വിവിധ രാജ്യത്തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടിടപെട്ടു. രക്ഷാസമിതി സ്ഥിരാംഗങ്ങളില്‍ അമേരിക്ക അടക്കം ഇന്ത്യയെ എതിര്‍ക്കാനാകില്ലെന്ന നിലപാടെടുത്തതായാണു സൂചന.
12-ാം റൗണ്ട് വോട്ടിങ്ങിനു തൊട്ടുമുമ്പ് യു.എന്‍. പൊതുസഭാധ്യക്ഷന്‍ മിറോസ്ലാവ് ലയ്‌സെക്കും രക്ഷാസമിതി അധ്യക്ഷന്‍ സെബസ്റ്റാനോ കാര്‍ഡിയും ഇന്ത്യയുടെയും ബ്രിട്ടന്റെയും പ്രതിനിധികളെ ചര്‍ച്ചയ്ക്കു വിളിച്ചു. സമ്മര്‍ദത്തിനു വഴങ്ങില്ലെന്നും ജനാധിപത്യരീതിയില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകട്ടെ എന്നും യു.എന്നില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ സയ്യിദ് അക്ബറുദ്ദീന്‍ വ്യക്തമാക്കി.

രക്ഷാസമിതിയിലെ വോട്ടെടുപ്പ് ഒഴിവാക്കാനും 96 വര്‍ഷം മുമ്പ് അവസാനമായി ഉപയോഗിക്കപ്പെട്ട സംയുക്ത കൂടിയാലോചനാ സംവിധാനം വീണ്ടും സജീവമാക്കാനുമുള്ള അവസാന അടവും ബ്രിട്ടന്‍ പുറത്തെടുത്തു.

പൊതുസഭയില്‍നിന്നും രക്ഷാസമിതിയില്‍നിന്നും മൂന്നു രാജ്യങ്ങളെ വീതം തെരഞ്ഞെടുത്ത് അവര്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തുകയായിരുന്നു തന്ത്രം. എന്നാല്‍ ഐക്യരാഷ്ട്ര സഭയില്‍ ഇങ്ങനെയൊരു കീഴ്വഴക്കമില്ലെന്നും അതിനു മുമ്പുണ്ടായിരുന്ന ലീഗ് ഓഫ് നേഷന്‍സിലാണ് അതുണ്ടായതെന്നും ചൂണ്ടിക്കാട്ടി ഇന്ത്യ ചെറുത്തു.

പൊതുസഭയില്‍ മൂന്നില്‍രണ്ടു പിന്തുണ നേടിയ സ്ഥാനാര്‍ഥി തെരഞ്ഞെടുക്കപ്പെടാതിരുന്ന ചരിത്രമില്ലെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. യൂറോപ്യന്‍ യൂണിയനു പുറത്തുപോകാനുള്ള ”ബ്രെക്‌സിറ്റ്” തീരുമാനം ലോകത്തിനു മുന്നില്‍ ബ്രിട്ടന്റെ സ്വാധീനശക്തിക്കു മങ്ങലേല്‍പ്പിച്ചതും ഇന്ത്യ മുതലാക്കി. അടുത്ത രണ്ടു മണിക്കൂര്‍ ഏറെ നിര്‍ണായകമായിരുന്നു. വാഷിങ്ടണില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണുമായും യു.എന്‍. അംബാസഡര്‍ നിക്കി ഹാലെയുമായും ചര്‍ച്ച നടത്തി.

ഇതിനിടെ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങള്‍ തമ്മിലും ചര്‍ച്ചയുണ്ടായി. രഹസ്യവോട്ടിങ് തുറന്ന വോട്ടിങ്ങിലേക്കു വഴിമാറുന്ന നിലയ്ക്ക്, ലോകരാജ്യങ്ങളില്‍ മൂന്നില്‍ രണ്ടിന്റെയും പിന്തുണയുള്ള ഇന്ത്യക്കെതിരേ നിലപാടു സ്വീകരിക്കാന്‍ കഴിയില്ലെന്ന തുറന്നുപറച്ചിലുകളുണ്ടായി. തങ്ങളുടെ പഴയ കോളനിയില്‍നിന്ന് ഇന്ത്യ ഏറെ വളര്‍ന്നിരിക്കുന്നു എന്നു ബ്രിട്ടന്‍ തിരിച്ചറിഞ്ഞു. പിന്മാറാനുള്ള തീരുമാനമെടുക്കാന്‍ പിന്നെ വൈകിയില്ല.

ഗ്രീന്‍വുഡിന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുകയാണെന്ന് യു.എന്നില്‍ ബ്രിട്ടന്റെ സ്ഥിരം പ്രതിനിധിയായ മാത്യു റെയ്‌ക്രോഫ്റ്റ് യു.എന്‍. പൊതുസഭയുടെയും രക്ഷാസമിതിയുടെയും അധ്യക്ഷന്മാര്‍ക്കു കത്തെഴുതി. ഇന്ത്യയുമായുള്ള അടുത്ത ബന്ധവും മനസില്‍വച്ചാണു തീരുമാനമെന്നും ആ ബന്ധത്തില്‍ വിള്ളല്‍ വീഴില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് ബാലറ്റില്‍ ജസ്റ്റിസ് ഭണ്ഡാരിയുടെ പേര് മാത്രമെഴുതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.

വിജയം പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ യു.എന്‍. പൊതുസഭാ ഹാളില്‍ സയ്യിദ് അക്ബറുദ്ദീന്‍ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി. രാജ്യാന്തര നീതിന്യായ കോടതിയില്‍ ആദ്യമായി ബ്രിട്ടീഷ് സാന്നിധ്യം ഇല്ലാതായി. യു.എന്‍. രക്ഷാസമിതി സ്ഥിരാംഗങ്ങളില്‍ ഐ.സി.ജെ. ബെഞ്ചില്‍ പ്രാതിനിധ്യമില്ലാതാകുന്ന ആദ്യ രാഷ്ട്രവും കൂടിയായി ബ്രിട്ടന്‍.
”യു.കെയ്ക്കു തെരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ലെങ്കിലും ആ സ്ഥാനം അടുത്ത സുഹൃത്തായ ഇന്ത്യക്കു ലഭിച്ചതില്‍ സന്തോഷം” എന്ന് റെയ്‌ക്രോഫ്റ്റിന്റെ സന്ദേശം പിന്നാലെയെത്തി. പക്ഷേ, ”ലജ്ജാകരമായ പ്രഹരം” എന്ന തലക്കെട്ടില്‍ ബ്രിട്ടീഷ് മാധ്യമങ്ങളില്‍ കൊടുങ്കാറ്റ് വീശുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button