KeralaLatest NewsNews

മാരായമുട്ടം ക്വാറി അപകടം: 3 പേര്‍ക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തി

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്തിന് സമീപമുള്ള ക്വാറിയില്‍ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അജി (45) വെള്ളറട, സുധിന്‍ (23) മാരായമുട്ടം, വിജില്‍ (47) മേമല എന്നിവര്‍ക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തി. എല്ലാപേര്‍ക്കും കാലിനാണ് അധികം പരിക്കേറ്റത്. ചതഞ്ഞ് മുറിഞ്ഞ അവസ്ഥയിലും രക്തയോട്ടം നിലച്ചതിനാലും ജിവന്‍ നിലനിര്‍ത്താനായി അജിയുടെ ഇടതു കാല്‍ മുട്ടിന് താഴെ വച്ച് മുറിച്ച് മാറ്റേണ്ടി വന്നു. സുധിന്റെ വലതുകാലിനാണ് ഗുരുതരമായ പരിക്കേറ്റത്. ശത്രക്രിയയിലൂടെ കമ്പിയിട്ടെങ്കിലും 24 മണിക്കൂറിന് ശേഷം മാത്രമേ കാലിന്റെ അവസ്ഥ അറിയാന്‍ സാധിക്കുകയുള്ളൂ. വിജിലിന്റെ കാലിന് സാരമായ പരിക്കുകളാണുള്ളത്. അജി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ഓര്‍ത്തോപീഡിക്‌സ്, സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് ഇവരുടെ ചികിത്സ നടത്തുന്നത്. അപകടത്തില്‍ പരിക്കേറ്റ നാലു പേരേയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടു വന്നത്. ബിനില്‍കുമാര്‍ (23) മാലകുളങ്ങരയെ മരിച്ച നിലയിലാണ് കൊണ്ടുവന്നത്.

അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് എല്ലാവിധ ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മന്ത്രിയുടെ നിര്‍ദേശ പ്രകാരം പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ എല്ലാവര്‍ക്കും എല്ലാവിധ പരിശോധനകളും ശസ്ത്രക്രിയ ഇന്‍പ്ലാന്റും ഉള്‍പ്പെടെ സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button