Latest NewsNewsGulf

ഭീകരതയ്‌ക്കെതിരെ പോരാടാന്‍ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ആഹ്വാനം

 

ജിദ്ദ: ഭൂമിയില്‍നിന്ന് അവസാന ഭീകരനെയും തുടച്ചുനീക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് സൗദിയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രഖ്യാപനം ഏല്ലാവര്‍ക്കും ആശ്വാസം പകരുന്നതാംണ്. ഇസ്ലാമിന്റെ പേരില്‍ ലോകത്തെ കാര്‍ന്നുതിന്നുന്ന കാന്‍സറായി മതഭീകരത മാറിയതിന് കാരണം, മുസ്ലിം രാജ്യങ്ങളുടെ അനൈക്യമാണെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറയുന്നു. റിയാദില്‍ 40-ഓളം മുസ്ലിം രാജ്യങ്ങളുടെ സമ്മേളനത്തില്‍ സംസാരിക്കവെയാണ് ഭീകരതയെ ഉന്മൂലനം ചെയ്യേണ്ടതിന്റെ ആവശ്യകത രാജകുനാരന്‍ എടുത്തുപറഞ്ഞത്.

തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരായി രൂപംകൊണ്ട ഇസ്ലാമിക് മിലിട്ടറി കൗണ്ടര്‍ ടെററിസം കോയലേഷന്റെ ആദ്യ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാജകുമാരന്‍. ഭീകരതയ്‌ക്കെതിരെ പാന്‍-ഇസ്ലാമിക് പ്രസ്ഥാനത്തിന് രൂപംകൊടുക്കുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.
2015-ല്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട പ്രസ്ഥാനം ഇപ്പോഴാണ് കാര്യമായി പ്രവര്‍ത്തിച്ചുതുടങ്ങുന്നത്. സൗദിയുടെ ഭരണത്തില്‍ തനിക്ക് കൈവന്ന പ്രാധാന്യമാണ് ഇത്തരമൊരു യോഗം വിളിക്കാന്‍ അദ്ദേഹത്തെ സജ്ജനാക്കിയതും.

സൗദിയടക്കം 41 രാജ്യങ്ങളില്‍നിന്നുള്ള പ്രതിരോധ മന്ത്രിമാരുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും യോഗമാണ് റിയാദില്‍ നടന്നത്.
ഭീകരതയ്‌ക്കെതിരായ സഖ്യമാണെങ്കിലും, ഇതില്‍ ഭൂരിപക്ഷവും സുന്നി ഭൂരിപക്ഷ രാജ്യങ്ങളാണെന്ന പോരായ്മ ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സൗദിയുടെ എതിരാളികളും ഷിയ ഭൂരിപക്ഷ രാജ്യവുമായ ഇറാന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. സിറിയയിലെയും യെമനിലെയും ഇടപെടലുകളെച്ചൊല്ലി സൗദിയും ഇറാനും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ചിക്കുന്നതിനിടെയാണ് ഞായറാഴ്ച ഇത്തരമൊരു യോഗം സൗദി വിളിച്ചുചേര്‍ത്തത്.

ലെബനനിലെ ഷിയ ഹിസ്ബുള്ളയ്ക്കും യെമനിലെ ഹൂതി വിമതര്‍ക്കും ആയുധവും സഹായവും നല്‍കുന്നത് ഇറാനാണെന്നാണ് സൗദിയുടെ ആരോപണം.
മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളായ ഈജിപ്ത്, യു.എ.ഇ, ബഹ്‌റൈന്‍, അഫ്ഗാനിസ്താന്‍, ഉഗാണ്ട, സോമാലിയ, മൗറിത്താന, ലെബനന്‍, ലിബിയ, യെമന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പ്രതിന്ധികള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. പാക്കിസ്ഥാന്റെ മുന്‍ സൈനിക മേധാവി റഹീല്‍ ഷരീഫിനെ സഖ്യത്തിന്റെ കമാന്‍ഡര്‍-ഇന്‍-ചീഫായും നിശ്ചയിച്ചു. ഭീകരതയ്‌ക്കെതിരെ രാജ്യങ്ങളുടെ കൂട്ടായ്മ സൃഷ്ടിക്കുകയും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ പരസ്പരം സഹകരിക്കുകയുമാണ് സഖ്യത്തിന്റെ ലക്ഷ്യം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button