Latest NewsNewsInternational

വെസ്ലി മാത്യൂസും സിനി മാത്യൂസും കോടതിയില്‍ ഹാജരായി; ഷെറിന്‍ മാത്യൂസിന്റെ കൈയ്യിലെ എല്ലുകള്‍ പൊട്ടിയതെങ്ങനെയെന്ന് കോടതി

മൊയ്തീന്‍ പുത്തന്‍‌ചിറ

ഡാളസ്: ഒക്ടോബര്‍ 7-ാം തിയ്യതി കാണാതായി രണ്ടാഴ്ചകള്‍ക്കു ശേഷം ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ഷെറിന്‍ മാത്യൂസിന്റെ മാതാപിതാക്കള്‍ വെസ്ലി മാത്യൂസും സിനി മാത്യൂസും ഇന്ന് (നവംബര്‍ 29) ഡാളസ് കൗണ്ടി കോടതിയില്‍ ഹാജരായി. ഷെറിനെ കാണാതായ അന്ന് ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍‌വ്വീസസ് ഏറ്റെടുത്ത അവരുടെ നാലു വയസ്സുള്ള മകളെ തിരിച്ചുകിട്ടാന്‍ നല്‍കിയ ഹര്‍ജിയില്‍ വിചാരണയ്ക്കാണ് രണ്ടു പേരും ജയിലില്‍ നിന്ന് കോടതിയിലെത്തിയത്.

വെസ്ലി മാത്യൂസ് തന്റെ നാലു വയസ്സുള്ള മകളിലുള്ള അവകാശങ്ങള്‍ പരിത്യജിക്കുകയോ അതോ കോടതി അത് നടപ്പിലാക്കുകയോ ചെയ്യണമെന്ന വാദമാണ് ഇന്ന് കോടതിയില്‍ നടന്നത്.

സാക്ഷിയായി സിനി മാത്യൂസായിരുന്നു കോടതിക്കു മുമ്പാകെ ഹാജരായത്. എന്നാല്‍ പല ചോദ്യങ്ങള്‍ക്കും സിനി മാത്യൂസ് ഒഴിഞ്ഞു മാറുകയും ഭരണഘടനയിലെ അഞ്ചാം ഭേദഗതിയിലെ അവകാശങ്ങളില്‍ പറയുന്ന “നിശ്ശബ്ദത”യില്‍ ഉറച്ചു നില്‍ക്കുകയുമായിരുന്നു (ഭരണഘടനയിലെ അഞ്ചാം ഭേദഗതിയില്‍ ഇപ്രകാരം പറയുന്നു: Constitution of United States of America 1789 (rev. 1992) No person shall be held to answer for a capital, or otherwise infamous crime, unless on a presentment or indictment of a Grand Jury, except in cases arising in the land or naval forces, or in the Militia, when in actual service in time of War or public danger; nor shall any person be subject for the same offence to be twice put in jeopardy of life or limb; nor shall be compelled in any criminal case to be a witness against himself, nor be deprived of life, liberty, or property, without due process of law; nor shall private property be taken for public use, without just compensation). 37 മിനിറ്റാണ് സിനി സാക്ഷിക്കൂട്ടില്‍ നിന്നത്.

ഷെറിന്‍ അപ്രത്യക്ഷമായ ആ രാത്രിയില്‍ എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചും കഴിഞ്ഞ വര്‍ഷം വസന്തകാലത്ത് ഷെറിന്റെ ശരീരത്തില്‍ പല ഭാഗങ്ങളിലും എല്ലുകള്‍ പൊട്ടിയതിനെക്കുറിച്ചും, ഈ വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ തുടയെല്ല്‌, കൈമുട്ട്‌, കാലിലെ വലിയ അസ്ഥി എന്നിവ ഒടിയാനുള്ള കാരണവും കോടതി ചോദിച്ചു. ഉത്തരം പറയാതിരുന്ന ഷെറിനോട് വീണ്ടും അതേ ചോദ്യം ആവര്‍ത്തിച്ചു. എല്ലുകള്‍ പൊട്ടിയത് വിറ്റാമിന്‍ ഡിയുടെ കുറവുകൊണ്ടാണെന്ന് സിനി ഡോക്ടറോട് പറഞ്ഞിരുന്നോ എന്നു കോടതി ആരാഞ്ഞു.

എന്നാല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ജാമ്യത്തുക കെട്ടിവെച്ച് പുറത്തിറങ്ങി തന്റെ നാലു വയസ്സുകാരി മകളെ കാണണമെന്നാണ് സിനി പറഞ്ഞത്.

ഉച്ചയ്ക്ക് രണ്ടു മണിക്കു ശേഷമാണ് വെസ്ലിയെ വിസ്തരിച്ചത്. പ്രൊസിക്യൂട്ടറുടെ ചോദ്യങ്ങള്‍ക്കൊന്നും വെസ്ലി മറുപടി പറഞ്ഞില്ല. എന്തെങ്കിലും പറയാന്‍ തുടങ്ങുന്നതിനു മുന്‍പ് വെസ്ലിയുടെ അഭിഭാഷകന്റെ മുഖത്തു നോക്കും. അഭിഭാഷകന്‍ കൈകൊണ്ട് ‘അഞ്ച്’ എന്ന് ആംഗ്യം കാണിക്കും. എല്ലാ ചോദ്യങ്ങള്‍ക്കും വെസ്ലിയും ഭരണഘടനയുടെ അഞ്ചാം ഭേദഗതിയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

ഷെറിനെ കാണാതായ ദിവസം എമര്‍ജന്‍സി ഫോണ്‍ നമ്പറായ 911 വിളിക്കുന്നതിനു പകരം വെസ്ലി വിളിച്ചത് റിച്ചാര്‍ഡ്സണ്‍ പോലീസ് സ്റ്റേഷനിലെ ലോക്കല്‍ നമ്പറിലായിരുന്നുവെന്ന് പ്രൊസിക്യൂട്ടര്‍ കോടതിയില്‍ ബോധിപ്പിച്ചു.

മൂന്നു സാക്ഷികളെയാണ് ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. ആദ്യസാക്ഷി, ഡോക്ടര്‍ സൂസന്‍ ഡക്കിള്‍ പീപ്പിള്‍ ആക്റ്റിവിറ്റീസ് പീഡിയാട്രിക്സില്‍ സർട്ടിഫൈഡ് ആയ ഒരു പീഡിയാട്രീഷ്യനാണ്. 2017 ഫെബ്രുവരിയില്‍ കാല്‍ മുട്ടിലെ എല്ലുകള്‍ക്ക് പൊട്ടലുണ്ടായി ഷെറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്ന് അവര്‍ മൊഴി നല്‍കി. പരിക്കുകളെല്ലാം ഇന്ത്യയില്‍ വെച്ചുണ്ടായതെന്നാണ് സിനി പറഞ്ഞതെന്നും ഡോക്ടര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സെപറ്റംബറില്‍ കുട്ടിയുടെ കൈമുട്ടിലെ എല്ലിനു പൊട്ടലുണ്ടായിരുന്നു. മൂത്ത കുട്ടി സോഫയില്‍ നിന്നു തള്ളി താഴെ ഇട്ടതുമൂലമാണു എല്ല് പൊട്ടിയതെന്നായിരുന്നു സിനി പറഞ്ഞതെന്ന് ഡോക്ടര്‍ പറഞ്ഞു. ഈ വര്‍ഷം ഫെബ്രുവരിയില്‍ സ്ലൈഡില്‍ തെന്നി വീഴാന്‍ തുടങ്ങിയപ്പോള്‍ പെട്ടെന്ന് കൈയ്യില്‍ പിടിച്ചു വലിച്ചപ്പോള്‍ പരുക്കേറ്റുവെന്നും സിനി പറഞ്ഞതായി ഡോക്ടര്‍ മൊഴി നല്‍കി.

മൂന്നു വയസുള്ള കുട്ടിയുടെ വളര്‍ച്ച ഷെറിനുണ്ടായിരുന്നില്ലെന്നു ഡോക്ടര്‍ പറഞ്ഞു. മാത്രമല്ല തൂക്കം കുറഞ്ഞു കൊണ്ടുമിരുന്നു. കുട്ടിയുടെ പരുക്കില്‍ നിന്നു വ്യക്തമായത് ഒന്നിലേറെ തവണ പരുക്കേല്‍ക്കാനിടയായി എന്നാണു. എപ്പോഴാണു അവ സംഭവിച്ചതെന്നു പറയാനാവില്ലെന്നും ഡോക്ടര്‍ മൊഴി നല്‍കി.

2017 ഫെബ്രുവരിയില്‍ 23 എക്സ്‌റേകളാണ് എടുത്തത്. ഷെറിന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിലും പൊട്ടലുകളും ചതവുകളുമുണ്ടായിരുന്നു. അവയാകട്ടെ വിവിധ സമയങ്ങളില്‍ ഉണ്ടായതാണ്. ഷെറിന്റെ പരുക്കുകള്‍ ഇന്ത്യയില്‍ വച്ചുണ്ടായതോ സ്ലെഡില്‍ നിന്നു വീണു ഉണ്ടയതോ അല്ല. വളരെ ഗൗരവമേറിയ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ സിനി മറുപടി പറയുകയുണ്ടായില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസിനെ (സി‌പി‌എസ്) വിവരം അറിയിക്കുമെന്ന് പറഞ്ഞപ്പോള്‍ സിനി അതിനോട് യോജിച്ചില്ല. അതിന് കാരണം പറഞ്ഞത് സി‌പി‌എസ്സിനെ അറിയിച്ചാല്‍ ഞങ്ങളുടെ വീക്കെന്‍ഡ് പരിപാടികളൊക്കെ അവതാളത്തിലാകുമെന്നാണ് പറഞ്ഞതെന്നും ഡോക്ടര്‍ കോടതിയില്‍ മൊഴി നല്‍കി.

നാലു മണിക്ക് കോടതി പിരിയുന്നതുവരെ ഒരു സാക്ഷിയെ മാത്രമേ വിസ്തരിച്ചുള്ളൂ. ഇനി രണ്ടു സാക്ഷികളെക്കൂടി വിസ്തരിക്കാനുണ്ട്. അടുത്ത വിചാരണ ഡിസംബര്‍ 5 ചൊവ്വാഴ്ചത്തേക്കു മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button