KeralaLatest NewsNews

കുറ്റകൃത്യങ്ങളില്‍ കൊച്ചിക്ക് നാണക്കേടിന്റെ പട്ടം

കൊച്ചി : കുറ്റകൃത്യങ്ങളില്‍ രാജ്യത്തെ രണ്ടാമത്തെ നഗരമായി കൊച്ചി. 2016ല്‍ കൊച്ചി നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതാണ് ദുഷ്പേരിന്റെ പട്ടം വീണ്ടും ചാര്‍ത്തിക്കിട്ടാന്‍ കാരണമാക്കിയത്. നഗരകുറ്റകൃത്യങ്ങളുടെ പട്ടികയില്‍ കോഴിക്കോടും രാജ്യത്തു പത്താംസ്ഥാനത്തുണ്ട്. മുമ്പും എന്‍.സി.ആര്‍.ബിയുടെ റിപ്പോര്‍ട്ടില്‍ കേരളം കുറ്റകൃത്യങ്ങളുടെ നാടാണെന്നും കൊച്ചി ഏറ്റവും അപകടം പിടിച്ച നഗരമാണെന്നും വിശേഷിപ്പിച്ചിരുന്നു. ജനസംഖ്യയില്‍ ഒരു ലക്ഷം പേര്‍ക്കിടയില്‍ നടക്കുന്ന കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കിയാണു എന്‍.സി.ആര്‍.ബി. കണക്കെടുപ്പ് നടത്തിയത്.

2016ല്‍ കൊച്ചിയില്‍ ഒരു ലക്ഷം പേര്‍ക്കിടയില്‍ 759 കുറ്റകൃത്യങ്ങളാണു നടന്നിട്ടുള്ളത്. ഡല്‍ഹിയാണ് മുന്നില്‍. സംസ്ഥാനങ്ങളുടെ കുറ്റകൃത്യപ്പട്ടികയിലും കേരളം ഡല്‍ഹിക്കു പിന്നില്‍ രണ്ടാമതാണ്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ (എന്‍.സി.ആര്‍.ബി)കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കിലാണ് കൊച്ചിയെ കുറ്റകൃത്യങ്ങളുടെ നഗരമായി വിശേഷിപ്പിക്കുന്നത്. കുറ്റകൃത്യങ്ങള്‍ അടിച്ചമര്‍ത്തുന്നതിലും കുറ്റവാളികളെ പിടികൂടുന്നതിലും കേരള പോലീസ് കുടൂതല്‍ ശുഷ്കാന്തി കാണിക്കുന്നുണ്ടെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നുവെന്ന് എറണാകുളം റേഞ്ച് ഐ.ജി. പി. വിജയന്‍ പറഞ്ഞു.

2016 ല്‍ രാജ്യത്താകെ 70 ലക്ഷം ക്രിമിനല്‍ കേസുകള്‍ എടുത്തതില്‍ എഴരലക്ഷം കേരളത്തില്‍ നിന്നുള്ളതാകാനുള്ള കാരണവും ഇതുതന്നെയെന്നു പോലീസ് പറയുന്നു. മദ്യപിച്ച്‌ വാഹനമോടിക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ കേസ് എടുക്കുന്നതാണ് സംസ്ഥാനത്തു കേസുകള്‍ കൂടാന്‍ കാരണമായിട്ടുള്ളത്. കൊച്ചിയില്‍ കുറ്റകൃത്യം കൂടാനും ഇതൊരു കാരണമാണെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കൊച്ചിയില്‍ ഏറ്റവും ഒടുവില്‍ നടന്ന കുറ്റകൃത്യം മൂന്നാഴ്ചമുമ്പ് ചാക്കില്‍ കെട്ടി യുവാവിന്റെ മൃതദേഹം നഗരമധ്യത്തിലെ നെട്ടൂരിലെ പാലത്തിനു കീഴെ കണ്ടെത്തിയതാണ്.

വരാപ്പുഴ, പറവൂര്‍ പീഡനക്കേസുകള്‍, തന്ത്രിക്കേസ്, വനിതാഗുണ്ട ശോഭാ ജോണ്‍, സന്തോഷ് മാധവന്‍ കേസ് എന്നിവ കൊച്ചിയെ കുപ്രസിദ്ധിയുടെ നെറുകയില്‍ എത്തിച്ചിരുന്നു. നടിയെ ആക്രമിച്ച കേസാണ് ഒടുവില്‍ കൊച്ചിയെ ദേശീയതലത്തില്‍ കുപ്രസിദ്ധമാക്കിയത്. ഐ.പി.സി. പ്രകാരമുള്ള 16,052 കേസുകളാണ് കൊച്ചിയില്‍ കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്തത്. മറ്റു കുറ്റകൃത്യങ്ങള്‍ 38000. മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ക്കെതിരേ എടുക്കുന്ന കേസുകള്‍ പോലെ തന്നെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കെതിരേയുള്ള കേസുകളും കൂടിവരുന്നുണ്ട്. അതും കൊച്ചിയുടെ ക്രൈം പട്ടിക ഉയരാന്‍ ഇടയാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button