KeralaLatest News

13 മത്സ്യത്തൊഴിലാളികളെക്കൂടി രക്ഷപ്പെടുത്തി

തിരുവനന്തപുരം ; കടലില്‍ കുടുങ്ങിയ 13 മത്സ്യത്തൊഴിലാളികളെക്കൂടി രക്ഷപ്പെടുത്തി. ഇതോടെ കൊല്ലം മേഖലയില്‍ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളുടെ എണ്ണം 105 ആയി. പുറംകടലില്‍ തിരച്ചില്‍ നടത്തിവന്ന നാവിക സേനയുടെ കപ്പലാണ് തിരയില്‍ അകപ്പെട്ട് പ്രവര്‍ത്തനരഹിതമായ ഗ്രേഷ്യ പ്ലീന എന്ന ബോട്ടിലെ തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡത്തുനിന്ന് പോയ തൊഴിലാളികളാണ് ഈ ബോട്ടിലുണ്ടായിരുന്നത്.
കൊല്ലം തീരമേഖലയിലേക്ക് കൊണ്ടുവന്ന ബോട്ട്മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും പോലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മറ്റൊരു ബോട്ടില്‍ കെട്ടിവലിച്ച് ഗ്രേഷ്യാ പ്ലീനയെ ശക്തികുളങ്ങര ഫിഷിംഗ് ഹാര്‍ബറില്‍ കൊണ്ടുവരികയായിരുന്നു.

എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, എം.എല്‍.എമാരായ എന്‍. വിജയന്‍പിള്ള, എം. നൗഷാദ്, മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍, ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ തുടങ്ങിയവരും വന്‍ ജനാവലിയും മത്സ്യത്തൊഴിലാളികളെ സ്വീകരിക്കാനെത്തിയിരുന്നു.

തമിഴ്‌നാട് മാര്‍ത്താണ്ഡം ജില്ലയില്‍ കൊല്ലംകോട് നീരോടി സ്വദേശികളായ ജെ. ആന്റണി(31), എം. വിജിന്‍(23), അന്തോണിയാര്‍ പിച്ചെ(35), സുസെ പാക്യം(52), ഡി. സാജന്‍(22), വിനീഷ്(21), ജോണ്‍പോള്‍(31), ഫ്രാന്‍സീസ്(65), സെല്‍വദാസ്(24), ആന്റണി സേവ്യര്‍(24), ജെറിബോയി(40), കൊല്ലംകോട് പൊഴിയൂര്‍ സ്വദേശി സേവ്യര്‍(52), മാര്‍ത്താണ്ഡം തുറ സ്വദേശി സുനില്‍കുമാര്‍(21) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.

ഇവരെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ച് അത്യാഹിത വിഭാഗത്തില്‍ അടിയന്തിര ചികിത്സ ലഭ്യമാക്കിയശേഷം പ്രത്യേക വാര്‍ഡിലേക്ക് മാറ്റി. വൈകുന്നേരം വരെ പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന ഇവര്‍ അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്ന് വൈകുന്നേരത്തോടെ ഡിസ്ചാര്‍ജ് ചെയ്തു.
ആശുപത്രിയില്‍ കെ. സോമപ്രസാദ് എം.പി, എം. നൗഷാദ് എം.എല്‍.എ, മേയര്‍ വി. രാജേന്ദ്രാബു, മുന്‍ എം.പി. കെ.എന്‍. ബാലഗോപാല്‍, ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, സിറ്റി പോലീസ് കമ്മീഷണര്‍ അജിതാ ബേഗം തുടങ്ങിയവര്‍ തൊഴിലാളികളെ സന്ദര്‍ശിച്ചു.

പ്രകൃതിക്ഷോഭത്തില്‍ പെട്ടു മരിച്ച മത്സ്യത്തൊഴിലാളികളുടേതെന്നു സംശയിക്കുന്ന മൂന്നു മൃതദേഹങ്ങള്‍ ഇന്നലെ കൊല്ലത്ത് എത്തിച്ചു. മൂവരെയും തിരിച്ചറിഞ്ഞിട്ടില്ല. നാവികസേന തിരച്ചിലിനിടെ കടലില്‍ കണ്ടെത്തിയ മൃതദേഹമാണ് ആദ്യം ഹെലികോപ്റ്ററില്‍ ഉച്ചകഴിഞ്ഞ് ആശ്രമം മൈതാനത്ത് കൊണ്ടുവന്നത്.
ജോനകപ്പുറത്തുനിന്നും കടലില്‍ തിരച്ചിലിനായി പോയ മത്സ്യത്തൊഴിലാളികളാണ് രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവ വൈകുന്നേരത്തോടെ തീരത്ത് എത്തിച്ചു. മൂന്ന് മൃതദേഹങ്ങളും ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button