KeralaLatest NewsNews

ഓഖി ദുരന്തം: സര്‍ക്കാരിന്റെത് കുറ്റകരമായ അനാസ്ഥ; കുമ്മനം, മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കണം

കൊച്ചി: ഓഖി ദുരന്തം നേരിടുന്നതിലും ഫലപ്രദമായ ആശ്വാസനടപടികള്‍ സ്വീകരിക്കുന്നതിലും കേരള സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കുറ്റകരമായ കടുത്ത അനാസ്ഥയാണ് സര്‍ക്കാരിന്റെത്. മുന്നറിയിപ്പ് നേരത്തെ ലഭ്യമായിട്ടും നടപടികള്‍ സ്വീകരിക്കാതെ വീഴ്ചവരുത്തിയവര്‍ക്കെതിരെ മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കണം. ദുരന്ത നിവാരണ അതോറിറ്റിയിലെ അംഗങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികളാരംഭിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. കൊച്ചിയിൽ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഹൈദ്രാബാദിലെ ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസ് 28ന് രാവിലെ തന്നെ കാറ്റിനെക്കുറിച്ചും കടല്‍ക്ഷോഭത്തെ കുറിച്ചും വ്യക്തമായ മുന്നറിയിപ്പ് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ മുന്നറിയിപ്പ് ഗൗരവമായി എടുത്ത് നടപടികള്‍ സ്വീകരിക്കാന്‍ കേരളത്തിനായില്ല. കേന്ദ്ര മുന്നറിയിപ്പ് രഹസ്യമാക്കി വച്ച് വലിയ ദുരന്തത്തിന് സര്‍ക്കാര്‍ വഴിയൊരുക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ദുരന്തനിവാരണ അതോറിറ്റിയും സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററും സുഖ ഉറക്കത്തിലായിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് ലഭിക്കാത്തതിനാലാണ് അവര്‍ പതിവുപോലെ കടലില്‍ പോയത്. മറ്റ് സംസ്ഥാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ ആഘാതം കുറയ്ക്കാനവര്‍ക്കായി. എന്നാല്‍ കേരളത്തിന് 16 വിലപ്പെട്ട ജീവനുകളാണ് നഷ്ടമായത്. കടലില്‍ പോയ 140 ഓളം മത്സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനുമുണ്ട്. ഇതുകൂടാതെയാണ് വീടുകള്‍ തകര്‍ന്നതും മത്സ്യബന്ധന ഉപകരണങ്ങള്‍ നശിച്ചതും. ഈ വലിയ ദുരന്തത്തിന്റെ പൂര്‍ണ്ണ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ദുരന്തമുണ്ടായി ഇത്രദിവസങ്ങളായിട്ടും ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ സംസ്ഥാനമുഖ്യമന്ത്രിയോ മന്ത്രിമാരോ തയ്യാറായിട്ടില്ല. ജനങ്ങളുടെ രോഷത്തിനിരയാകേണ്ടിവരുമെന്ന ഭയമാണവര്‍ക്കുള്ളത്. പതിനാലാം ധനകാര്യകമ്മിഷന്‍ 1021 കോടി രൂപയാണ് സംസ്ഥാനത്തിന് ദുരന്തനിവാരണത്തിന് അനുവദിച്ചത്. എന്നാല്‍ അതോറിറ്റി പണം ഫലപ്രദമായി വിനിയോഗിക്കുന്നില്ല. വിദഗ്ധര്‍ ഉള്‍പ്പെടാത്ത അതോറിറ്റി വെറും പാവയാണ്. അധുനിക സജ്ജീകരണങ്ങളോ പരിശീലനമോലഭിക്കാത്ത അലങ്കാര സംവിധാനം മാത്രമാണ് കേരളത്തിന് ദുരന്തനിവാരണം. കേന്ദ്രം നല്‍കിയ 1021 കോടി രൂപയില്‍ 7.5 ലക്ഷം മാത്രമാണിതുവരെ ചെലവിട്ടത്.

കടലിനെ കുറിച്ച് കൂടുതലറിയാവുന്ന മത്സ്യത്തൊഴിലാളികളെ ഒഴിവാക്കിക്കൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നതും ദുരന്തത്തിന്റെ ആഘാതം കൂട്ടാനിടയാക്കി. രക്ഷാപ്രവര്‍ത്തനത്തില്‍ അവരെക്കൂടി പങ്കെടുപ്പിക്കണമായിരുന്നു. കൃത്യസമയത്ത് കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും കഴിഞ്ഞില്ല. 28ന് മുന്നറിയിപ്പ് ലഭിക്കുകയും 30ന് ദുരന്തമുണ്ടാകുകയും ചെയ്തിട്ടും ശനിയാഴ്ച മാത്രമാണ് കണ്‍ട്രോള്‍ തുറന്നത്. 40 നോട്ടിക്കല്‍ മൈലിന് അപ്പുറമാണ് മത്സ്യത്തൊഴിലാലികള്‍ മത്സ്യബന്ധനം നടത്താറ്. എന്നാല്‍ പരിശോധനകള്‍ നടത്തിയത് 20 നോട്ടിക്കല്‍ മൈലിനുള്ളിലാണ്. തദ്ദേശിയരായ മത്സ്യത്തൊഴിലാളികളുടെ സേവനം ഉപയോഗിച്ചിരുന്നെങ്കില്‍ മരണങ്ങളെങ്കിലും ഒഴിവാക്കാനാകുമായിരുന്നു.

ദുരന്തം ഉണ്ടായപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടലുകളാണ് നടത്തിയതെന്ന് കുമ്മനം പറഞ്ഞു. ദുരന്തം നേരിടുന്നതില്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താല്പര്യപ്രകാരം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിന്റെ കൈത്താങ്ങുണ്ടായി. കേരളത്തിലേക്ക് തെരച്ചിലിനായി പത്ത് കപ്പലുകളും മൂന്ന് എയര്‍ക്രാഫ്റ്റുകളുമെത്തി. നേവിയുടെയും എയര്‍ഫോഴ്‌സിന്റെയും ഇടപെടലുകളിലൂടെ കടലില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കാനായി. കൂടുതല്‍ സഹായങ്ങള്‍ വേണമെങ്കില്‍ കേരളം ആവശ്യപ്പെടണം. കേന്ദ്രപ്രതിരോധ മന്ത്രി തന്നെ കേരളത്തിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയാണ്. മഹാരാഷ്ട്രയുടെയും ഗോവയുടെയും തീരത്ത് രക്ഷപ്പെട്ടെത്തിയ കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ആ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തന്നെ സഹായങ്ങളുമായി നേരിട്ടെത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനും ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖറിനും കേരളജനതയ്ക്കായി നന്ദി അറിയിക്കുന്നെന്നും കുമ്മനം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button