KeralaLatest NewsNewsInterviews

“അവള്‍ മടങ്ങി പഴയ അഖിലയാവാന്‍ ശ്രമിച്ചിരുന്നു രാഹുല്‍ ഈശ്വര്‍ കളിച്ച നാടകമായിരുന്നു, പിന്നീട് ഞങ്ങള്‍ക്ക് കണ്ണീര്‍ ആയി മാറിയത്..” ഹാദിയ ആയി മാറിയ അഖിലയുടെ പിതാവ് അശോകന്‍റെ ഹൃദയസ്പര്‍ശിയായ വെളിപ്പെടുത്തല്‍ 

“മകൾ മതം മാറിയത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ല”.
തീവ്രവാദം ബന്ധം ഉള്ള അപരിചിതനായ ഒരാളോടൊപ്പം പോയാൽ പിന്നെ മകളെ എന്നെന്നേക്കുമായി നഷ്ടപ്പെടും എന്ന ഭയം ആണ് തന്നെ നിയമ പോരാട്ടത്തിനായി പ്രേരിപ്പിച്ചത്. കളിപ്പാട്ടം വേണം എന്ന് വാശിപിടിച്ചു കരയുന്ന ഒരു കുട്ടിയുടെ വാശിയായി മാത്രം കണ്ടു മകളെ സ്നേഹിക്കാനും അവളെ സംരക്ഷിച്ച് നിര്‍ത്താനുമാണ്‌ അശോകന്‍ ശ്രമിക്കുന്നത്. തന്റെ മകള്‍ ആപത്തിലെക്ക് പോകാതെ സംരക്ഷിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്ന അച്ഛന്റെ ദുഖവും ആശങ്കകളും വൈകാരികമായ പ്രതികരണങ്ങളുമാണ് ഈ അഭിമുഖം

**നമസ്തേ
-നമസ്കാരം

** സർ ഞാൻ ഈസ്റ് കോസ്റ്റ് ഓൺലൈനിൽ നിന്ന് വിളിക്കുകയാണ്
– പറഞ്ഞോളൂ

** കുറച്ചു കാര്യങ്ങളറിയാൻ വേണ്ടിയാണ് ഈ കോൾ.
-നിങ്ങൾക്കറിയാവുന്ന കാര്യങ്ങളൊക്കെയേ എനിക്കും അറിയൂ. നിങ്ങള് പത്രങ്ങളിൽ നിന്നും ടി വി യിൽ നിന്നും അറിയുന്ന കാര്യങ്ങളൊക്കെ തന്നെയാണ് ഞാനും അറിയുന്നത്.

** അതല്ലാതെ കുറച്ചു കൂടി കാര്യങ്ങളും സത്യാവസ്ഥകളും അഖിലയോടൊപ്പം കഴിഞ്ഞ നിങ്ങൾക്കാണല്ലോ സർ അറിയാവുന്നത്. അതിനെപ്പറ്റിയാണ് അറിയേണ്ടത്.
– ശരി, ചോദിച്ചോളൂ..

** അഖില സേലത്ത് വീണ്ടും പഠിക്കാനായി പോയ ശേഷം പിന്നീട് വിളിച്ചിരുന്നോ?
– ആദ്യം ഞാൻ അങ്ങോട്ട് വിളിച്ചിരുന്നു, പിന്നെ എനിക്ക് കോൺടാക്ട് നമ്പർ ഇല്ലാതിരുന്നതു കൊണ്ട് ഞാൻ വിളിച്ചില്ല. പക്ഷെ അവൾ എന്നെ വിളിച്ചിരുന്നു, സുഖവിവരങ്ങൾ അന്വേഷിക്കുകയായിരുന്നു ചെയ്തത്. പ്രിൻസിപ്പാളിന്റെ ഫോണിൽനിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞിരുന്നു. അച്ചായി ഞാൻ കോളേജിൽ പോയിരുന്നു, മൂന്നാല് ദിവസം കഴിഞ്ഞേ ക്ലാസ് തുടങ്ങു എന്ന് പറഞ്ഞിരുന്നു.

** ഹോസ്റ്റലിൽ ചെന്ന ശേഷം ഒരു ഫോട്ടോ പ്രചരിച്ചിരുന്നു കുറച്ചു സഹപാഠികളുടെ അഖില നിൽക്കുന്ന ഫോട്ടോ. അത് സർ കണ്ടിരുന്നോ?
– കണ്ടിരുന്നു പക്ഷെ ഞാൻ അപ്പോളൊരു പ്രത്യേക മനസികാവസ്ഥയിലായിരുന്നതിനാൽ അധികം അത് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. അതിൽ അവളെ മതം മാറ്റാൻ സഹായിച്ച കൂട്ടുകാരികളായ ജെസീനയും ഫസീനയും ഉണ്ടായിരുന്നോ എന്ന് വീണ്ടും ഫോട്ടോ നോക്കി കൺഫേം ചെയ്യാനിരിക്കുകയാണ് ഞാൻ.

** കോടതി വിധിയിൽ സന്തോഷം ഉണ്ടോ?
– പിന്നെ, വളരെ സന്തോഷമുണ്ട്. അവനെ പറ്റി കോടതിക്ക് സംശയം ഉള്ളതുകൊണ്ടാണല്ലോ കോടതി അവന്റെയൊപ്പം മോളെ അയക്കാതിരുന്നത്. ഐ എസ് ബന്ധം വരെ അവനിൽ ആരോപിക്കപ്പെടുന്നുണ്ട്. അത്തരം ഒരാളുടെ കൂടെ സ്വന്തം മകളെ ജീവിക്കാൻ വിടാൻ ഏതു മാതാപിതാക്കളാണ് സമ്മതിക്കുന്നത്?

** മകൾ കൂടെ വരാതിരുന്നതിനെപ്പറ്റി?
– അവൾ ഞങ്ങളുടെ കൂടെ വന്നില്ലെങ്കിൽ പോലും നശിക്കരുതെന്നേ ആഗ്രഹം ഉണ്ടായിരുന്നുള്ളൂ. അവൾ പഠിക്കാനാണല്ലോ പോയത്. അവന്റെയൊപ്പം കോടതി വിടാതിരുന്നപ്പോൾ തന്നെ ഞങ്ങൾക്ക് ആശ്വാസം ഉണ്ടായി. ജനങ്ങൾ മനസ്സിലാക്കിയില്ല ഇങ്ങനെയൊക്കെ കേരളത്തിൽ നടക്കുന്നുണ്ടെന്ന്. കേരളത്തിലെ മാത്രമല്ല ലോകത്തെ പല മലയാളികളും ഈ വാര്‍ത്തയിലൂടെ ഇവരുടെയൊക്കെ തനിനിറം മനസ്സിലാക്കാന്‍ കഴിഞ്ഞില്ലേ. അതില്‍ എനിക്ക് അതിയായ ആശ്വാസമുണ്ട്. ഇനിയൊരു അച്ഛനും ഇതുപോലെ കരയരുത്..

** മകൾ എങ്ങനെയാണ് ഇതിലേക്ക് വന്നത്?
– അവൾ പഠിക്കാൻ സേലത്ത് പോയതാണ് ഇതിനാധാരം. ഹോസ്റ്റലിലെ ആഹാരം പിടിക്കാതിരുന്നതിനാൽ സഹപാഠികൾക്കൊപ്പം ഇവർ മാറി താമസിച്ചിരുന്നു. ആറ് കുട്ടികൾ. ഈ ആറ് കുട്ടികളുടെയും രക്ഷ കർത്താക്കൾ അവിടെ കോളേജിൽ പോയി സമ്മതം അറിയിച്ച ശേഷമാണ് ഇവർ വേറെ മാറി താമസിച്ചത്. ഇവർ നാല് ഹിന്ദു കുട്ടികളും രണ്ടു മുസ്ളീം കുട്ടികളും ആയിരുന്നു അങ്ങനെ മാറി താമസിച്ചിരുന്നത്. സ്വയം ഭക്ഷണം ഉണ്ടാക്കി കഴിക്കാനായിരുന്നു അങ്ങനെ മാറി താമസിച്ചത്. അപ്പോൾ കൂടെയുണ്ടായിരുന്നവരിൽ രണ്ടു പേരാണ് ജെസീനയും ഫസീനയും. ഇവർ പറയുന്നത് മറ്റു കുട്ടികൾ കാര്യമാക്കി എടുക്കാറില്ലായിരുന്നു. എന്നാൽ അഖില ലോക വിവരം ഇല്ലാത്ത കുട്ടിയാണ്. അവർ പറയുന്നതിനെ പറ്റി ചിന്തിക്കാനുള്ള കഴിവൊന്നും ഇവൾക്കില്ല.അങ്ങനെയാണ് ഇവർ അഖിലയുടെ മനസ്സ് മാറ്റിയെടുക്കുന്നത്. നിരന്തരമായ സമ്മർദ്ദത്തിലൂടെ അഖിലയെ ഇവർ മാറ്റിയെടുക്കുകയായിരുന്നു.

**മതം മാറിയത് അച്ഛനും അമ്മയും അറിഞ്ഞിരുന്നില്ല?
– ഈ പെൺകുട്ടികൾ ഇവളെ പറഞ്ഞു പറഞ്ഞു വലയിലാക്കുകയായിരുന്നു. അങ്ങനെ ഇടക്ക് ഇവരുടെ വീട്ടിൽ പോകുകയും മറ്റും ചെയ്തിരുന്നു. അങ്ങനെയിരിക്കെ ഒരു സുപ്രഭാതത്തിൽ കൊച്ചിനെ കാണാതാവുകയായിരുന്നു. മകൾ നഷ്ടപ്പെടുമോ എന്ന ഭയം എനിക്ക് ആദ്യമായി ഉണ്ടായി. അങ്ങനെയാണ് ഞാൻ കേസ് കൊടുക്കുന്നത്. ഇതൊക്കെ നാലാം വർഷം ആയപ്പോഴാണ് നടന്നത്. കേസ് ആദ്യഘട്ടത്തിൽ കുട്ടിയെ അവളുടെ ഇഷ്ടപ്രകാരം മതം പഠിക്കാൻ വിടുകയായിരുന്നു. പിന്നീട് കോടതി സുഹൃത്തിനൊപ്പം വിട്ടു. സൈനബ ആയിരുന്നു ആ സുഹൃത്ത്. കോടതി ഇവളെ അവളുടെ ഇഷ്ടപ്രകാരം ആയിരുന്നു സൈനബയെ സംരക്ഷണം ഏൽപ്പിച്ചിരുന്നത്. എങ്കിലും ഞങ്ങളുമായി കുട്ടി ദിവസവും സംസാരിക്കാറുണ്ടായിരുന്നു.

** പിന്നീട് എന്താണ് സംഭവിച്ചത്?
– ആയിടക്ക് ഐ എസിന്റെയും സിറിയയുടെയും വാർത്തകൾ പത്രങ്ങളിലും ചാനലുകളിലും നിറഞ്ഞു നിൽക്കുകയായിരുന്നു. ഞാൻ കൊച്ചിനോട് ‘എന്നാ സിറിയയിൽ പോകുന്നതെന്ന്’ ചോദിച്ചപ്പോൾ അവൾ താൻ ആടുമേയ്ക്കാൻ സിറിയയിൽ പോകാൻ ഇരിക്കുകയായിരുന്നെന്നും അപ്പോൾ ഫസീന പറഞ്ഞു “നീ ഇപ്പൊ പോകണ്ട, ഹൌസ് സർജൻസി കഴിഞ്ഞു പോയാൽമതി” എന്നും അതുകാരണം പോകാതെയിരുന്നതെന്നും അവൾ എന്നോട് പറഞ്ഞു. ഇതോടെ രംഗം പന്തിയല്ലെന്ന് എനിക്ക് മനസ്സിലാകുകയും അടുത്ത ഹിയറിങ്ങിൽ ഈ സംഭാഷണത്തെ പറ്റി കോടതിയിൽ അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് കോടതിക്ക് കാര്യങ്ങൾ ഏകദേശം മനസ്സിലായി. അതോടെ അടുത്ത തവണ ( 19 )കുട്ടിയെ എന്റെ ഒപ്പം അയക്കുമെന്ന് സൂചന നൽകി.

19 ആം തീയതി അച്ഛന്റെയും അമ്മയുടെയും കൂടെ വിടുമെന്ന തീരുമാനം ഉണ്ടായപ്പോൾ 20 നു കല്യാണം തട്ടിക്കൂട്ടി നടത്തുകയും 21 ന് അവനുമായി കോടതിയിൽ വരികയുമായിരുന്നു. കോടതിയിൽ അപരിചിതനായ ആളിന്റെയൊപ്പം വന്നത് കണ്ടു ഞങ്ങൾ പോലും അമ്പരന്നു. വിധിയുടെ ദിവസം അവൾ വരുന്നത് ഒരു ലഗേജുമായി അപരിചിതനായ ഒരാളിന്റെ ഒപ്പമായിരുന്നു. കോടതി ചോദിച്ചപ്പോൾ അത് ഭർത്താവ് ആണെന്നാണ് പറഞ്ഞത്. കൂടാതെ കുറെ രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. അച്ഛനും അമ്മയും ബന്ധുക്കളും വന്നാണ് ഈ കല്യാണം നടത്തിയതെന്ന് വ്യാജ രേഖ കോടതിയിൽ കൊടുക്കുകയും ചെയ്തു. ജഡ്ജി എന്നോട് ചോദിച്ചപ്പോൾ സർ ഇപ്പോൾ കാണുന്നതുപോലെ തന്നെയാണ് ഞാൻ ഇപ്പോൾ ഇദ്ദേഹത്തെ ആദ്യമായി കാണുന്നതെന്ന് ഞാൻ കോടതിയെ ബോധിപ്പിച്ചു.

**ശരി. പിന്നീട് എന്തുണ്ടായി?

-പിന്നീട് ഇവളുടെ കല്യാണം നടന്ന സംഭവം എല്ലാം നിങ്ങൾക്കറിയാമല്ലോ, എന്റെ കൂടെ വിടുമെന്ന് തീരുമാനം ഉണ്ടായതിന്റെ തലേന്നാണ് വിവാഹം നടത്തിയത്. വിവാഹത്തെ പാറി കോടതി കാര്യമായി അന്വേഷിച്ചു. ഇവന് ജോലി എന്താണെന്നൊക്കെ അന്വേഷിച്ചപ്പോൾ ജോലി ഗൾഫിൽ ആണെന്നും കമ്പനിയുടെ പേരും മറ്റും കോടതിയെ ധരിപ്പിച്ചു. എന്നാൽ ഗൾഫിൽ അങ്ങനെയൊരു കമ്പനിയില്ലെന്നു കോടതിക്ക് ബോധ്യപ്പെട്ടു. ഇവന്റെ പേരിൽ ഒന്ന് രണ്ടു പെറ്റിക്കേസുകൾ ഉണ്ടെന്നും ഡി എസ പി റിപ്പോർട്ട് കോടതിക്ക് കൊടുത്തു. വലിയ കേസുകൾ മറച്ചു വെക്കുകയായിരുന്നു. അതോടെ കോടതിക്ക് കാര്യങ്ങൾ മനസ്സിലാകുകയും സൈനബയുടെയോ ഭർത്താവെന്നു പറയുന്ന ഷെഫിൻ ജഹാന്റെ ഒപ്പമോ അഖിലയെ കോടതി വിട്ടില്ല.പകരം ഹോസ്റ്റലിൽ ആക്കുകയായിരുന്നു.അതിനു ശേഷം അടുത്ത ഹിയറിങ്ങിലാണ് അഖിലയെ എന്റെ ഒപ്പം വിട്ടത്.

**പിന്നീട് അച്ഛന്റെയും അമ്മയുടെയും അടുത്ത് വിട്ടിരുന്നു?
–ഇല്ല അവർ അവളെ ഹോസ്റ്റലിൽ ആക്കുകയായിരുന്നു.

** അഖിലക്ക് സമ്മതമായിരുന്നോ വീട്ടിലേക്ക് വരാൻ?
– ഇല്ല എങ്കിലും കോടതി തീരുമാനം നടപ്പിലാക്കുകയായിരുന്നു. വീട്ടിലെത്തിയ അഖില ആകെ വയലന്റ് ആയിരുന്നു. എന്നെ തെറി വിളിക്കും ഉപദ്രവിക്കും അങ്ങനെ പലതും. എന്നെ അടിക്കുമായിരുന്നു എന്നെ ചവിട്ടുമായിരുന്നു. മതം മാറിയ ശേഷം ഞാനും അവളുടെ അമ്മയും അവൾക്ക് കാഫിറുകൾ ആയിരുന്നു.

** അപ്പോൾ നിങ്ങളോടു അഖില സ്നേഹം കാണിച്ചിരുന്നില്ലേ?
– ഇല്ല, ആദ്യമൊക്കെ എനിക്ക് ഒരു പനി വന്നാൽ പോലും മരുന്ന് വാങ്ങി കഴിപ്പിചാലെ എന്റെ മകൾക്ക് സമാധാനം ഉണ്ടായിരുന്നുള്ളൂ.. അവൾക്ക് അമ്മയേക്കാൾ എങ്ങനെയായിരുന്നു ജീവൻ. എനിക്ക് ഒരു മൂക്കിൽ പനി വന്നാൽ അവൾ സേലത്ത് നിന്ന് ലീവെടുത്തു വരുമായിരുന്നു. എനിക്കെന്തെങ്കിലും അസുഖം വന്നാൽ അവൾക്ക് സഹിക്കുമായിരുന്നില്ല. ഞാൻ മരുന്ന് വാങ്ങിയില്ലെങ്കിലോ ആശുപത്രിയിൽ പോയില്ലെങ്കിലോ അവൾ എന്നെ നിര്ബന്ധിച്ചയക്കുമായിരുന്നു. ആ കുട്ടിയാണ് പിന്നീട് എന്നെ അടിക്കുകയും ചവിട്ടുകയും ചെയ്തിരുന്നത്. നെഞ്ചു പൊട്ടുന്ന വേദനക്കിടയിലും ഞാൻ അതെല്ലാം സഹിച്ചു. ഞങ്ങൾക്കെതിർപ്പ് മതം മാറിയതിലല്ല. ഞാനൊരു യുക്തിവാദിയാണ്. ഒരു കമ്യൂണിസ്റ്റ് ആണ്. ഒരു തീവ്രവാദിക്കൊപ്പം ഞങ്ങളറിയാതെ അവർ വിവാഹം നടത്തിയതിലായിരുന്നു കൂടുതൽ എതിർപ്പ്.

** ഇതൊക്കെ കോടതിയിൽ പറഞ്ഞിരുന്നോ?
– ഇതൊക്കെ വെളിയിൽ പറയാൻ തന്നെ നാണക്കേടല്ലേ.. അതുകാരണം ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ ഇവിടെ അവളുടെ സംരക്ഷണത്തിന് നിർത്തിയിരുന്ന വനിതാപോലീസ് ഇത് കാണുകയും അവർ മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.

** അഖിലക്ക് വീട്ടിൽ പീഡനം ആയിരുന്നു എന്നാണല്ലോ പുറത്തു വന്ന വാർത്തകൾ. കൂടാതെ രാഹുൽ ഈശ്വറിന്റെ ഒരു വീഡിയോയും കണ്ടിരുന്നു. അതേപ്പറ്റി?
– രാഹുൽ ഈശ്വർ ഇവിടെ വന്നു അവളെക്കൊണ്ട് പറഞ്ഞു പറയിപ്പിച്ചതാണ് അതൊക്കെ. ഞങ്ങളെ വിശ്വാസത്തിലെടുത്ത് അവൻ കളിച്ച നാടകമായിരുന്നു ഇവിടെ വന്നതും എന്റെ കുടുംബത്തെ കൂടുതൽ പ്രശ്നത്തിലേക്ക് തള്ളിവിട്ടതും. അവൻ കൊടുത്ത ധൈര്യത്തിലാണ് ആദ്യത്തെ പോലെ പ്രശ്നം ഇല്ലാതിരുന്ന അഖിലയുടെ സ്വഭാവം വീണ്ടും പഴയപോലെ ആയത്. അവളെ കൊണ്ട് പറയിപ്പിച്ചു പകർത്തിയതാണ്. ഞാൻ ഇത് ജഡ്ജിക്ക് അയച്ചു കൊടുത്ത് നിന്നെ ഇവിടുന്നു രക്ഷപ്പെടുത്താം എന്ന് അഖിലേക്ക് വാക്കുകൊടുത്തിരുന്നു, അതിൻപ്രകാരം രാഹുൽ ഈശ്വർ പോയ ശേഷം അഖിലയുടെ പെരുമാറ്റത്തിൽ കാര്യമായ മാറ്റം സംഭവിച്ചു. അവൾക്ക് ധൈര്യമായി. കൂടാതെ ജഡ്ജിയുടെ അടുത്ത് ഇത്രയും കാര്യം പറഞ്ഞതും രാഹുൽ ഈശ്വർ കൊടുത്ത ധൈര്യത്തിൽ ആയിരുന്നു. അഖില പഴയ രീതിയിലേക്ക് മാറി വരികയായിരുന്നു. അതാണ് അയാൾ തകർത്തത്.

**മറ്റു കമ്മ്യൂണിക്കേഷൻസ് അഖിലക്ക് ഷെഫിൻ ജഹാന്റെ കൂടെ ഉണ്ടായിരുന്നോ?
–ഉണ്ടായിരുന്നിരിക്കണം. കാരണം ഇവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു വനിതാപോലീസ് അഖിലക്ക് ചില സന്ദേശങ്ങൾ നൽകിയതായി അറിയുകയും അവർക്കെതിരെ റിപ്പോർട്ട് പോകുകയും അവരെ സ്ഥലം മാറ്റുകയും മറ്റു ശിക്ഷാ നടപടികൾ നേരിടുകയും ചെയ്തിരുന്നു.അതാണ് അഖില അത്ര ധൈര്യപൂർവ്വം മാധ്യമങ്ങളോടും സുപ്രീം കോടതിയിലും ഇത്രയും സംസാരിക്കാൻ കാരണം.

**സേലത്ത് അഖില സുരക്ഷിതയാണോ?
–ആയിരിക്കണം. പിന്നെ അവൾക് കൃത്യമായി അവരുടെ സന്ദേശങ്ങൾ എത്തുന്നുണ്ടായിരിക്കണം. ഇവരുടെ ആളുകളുടെ ചുറ്റിലും ആണോ എന്നാണു എനിക്ക് ഇപ്പോഴും സംശയം. കാരണം സുപ്രീം കോടതിയുടെ അനുമതിയില്ലാതെ മാധ്യമങ്ങളോട് കോളേജിൽ വെച്ച് സംസാരിക്കില്ലല്ലോ.ഷെഫിൻ ജഹാൻ കോളേജിൽ കാണാൻ ചെന്നാൽ ഞാൻ കോളേജിന്റെ പേരിലും കേസ് കൊടുക്കാനാണ് തീരുമാനം.

**എങ്ങനെ അഖിലയുടെ മനസ്സുമാറി എന്നാണു താങ്കൾക്ക്
തോന്നുന്നത്?
— അത് ഇവൾക്ക് ലോകപരിചയവും കുറവാണ്. ഒരു പത്രമോ ടി വിയോ ന്യൂസോ വായിക്കില്ല, കുറച്ചു സീരിയലും സിനിമയും ഒക്കെയാണ് അവളുടെ ലോകം. ഇപ്പോൾ അവൾ ഈ പ്രശ്നങ്ങൾ ഒക്കെ വന്നു കഴിഞ്ഞു ദിവസവും ന്യൂസ് വായിക്കുന്നുണ്ട്.പത്രം അരിച്ചു പെറുക്കുന്നുമുണ്ടായിരുന്നു.

**മറ്റെന്തെങ്കിലും പറയാനുണ്ടോ?
— സൈനബയുടെയോ അബൂബക്കറിന്റെയോ മക്കളെ ( ഫസീനയെയും ജസീനയെയും ) ഇങ്ങനെ ഒരു തീവ്രവാദിയുടെ കൂടെ അവർ കല്യാണം കഴിച്ചു കൊടുക്കുമോ? ഒരിക്കലുമില്ലെന്നാണ് ഞാൻ കരുതുന്നത്. ഇത് കണ്ടവന്റെ മകളല്ലേ? അപ്പോൾ എങ്ങനെയായാലും അവർക്കെന്താണ് എന്ന ചിന്തയല്ലേ ഇത് ? ഒരു തീവ്രവാദിയെ കല്യാണം കഴിച്ചു കൊടുക്കാൻ ഏതു മാതാപിതാക്കളാണ് തയ്യാറാവുക? മറ്റുള്ളവരുടെ മക്കൾക്ക് എന്ത് സംഭവിച്ചാലും അവർക്കൊന്നുമില്ല. അതാണ് ഇവളെ അവർ ഒരു തീവ്രവാദിയെ കൊണ്ട് കല്യാണം കഴിപ്പിച്ചത്.

**അഖിലയുടെ ‘അമ്മ എന്ത് പറയുന്നു?
–എന്ത് പറയാൻ, അവൾക്ക് അത്ര കാര്യപ്രാപ്തി ഒന്നുമില്ലാത്ത ഒരു സ്ത്രീയാണ്. അവൾ അങ്ങനെ ആയതാണ് അഖില ഇങ്ങനെ ആവാൻ കാരണം. കാര്യപ്രാപ്തിയില്ലാത്ത തള്ളമാരുടെ മക്കളും അതേപോലെ ആയിപോകുമല്ലോ. ഞാൻ ഇവിടെ ഇല്ലായിരുന്നല്ലോ അതൊക്കെയാണ് വന്ന പാളിച്ചകൾ. അവൾ പ്രാർത്ഥനകളും വഴിപാടുമായി കരഞ്ഞു ജീവിക്കുകയാണ്. എന്നെ വിഷമിപ്പിക്കാതിരിക്കാൻ പരമാവധി അവൾ ശ്രമിക്കുന്നുണ്ട്.

**എല്ലാം ശരിയാവാൻ ആശംസിക്കുന്നു..വളരെ നന്ദി സര്‍ ഇത്രയും നേരം ഈസ്റ്റ് കോസ്റ്റിനായി മാറ്റിവെച്ചതിൽ.. നമസ്കാരം.
– സന്തോഷം നമസ്കാരം.

അഭിമുഖം :തയ്യാറാക്കിയത് , സുജാതാ ഭാസ്കർ

shortlink

Related Articles

Post Your Comments


Back to top button