Latest NewsNewsGulf

ഏഷ്യന്‍ തൊഴിലാളിയുടെ മരണം; നാട്ടില്‍ പോയി ഒളിച്ച പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ദുബായ് പോലീസിന്റെ നാടകീയ നീക്കങ്ങള്‍

ദുബൈ: ഏഷ്യന്‍ തൊഴിലാളിയുടെ മരണത്തില്‍ നിലനിന്നിരുന്ന ദുരൂഹതങ്ങള്‍ നീങ്ങുകയും പ്രതിയായ മറ്റൊരു ഏഷ്യക്കാരനെ പൊലീസ് പൊക്കുകയും ചെയ്തു. ദുബൈ പൊലീസ് തന്ത്രപരമായ നീക്കത്തിലൂടെയാണ് പ്രതിയെ സ്വന്തം നാട്ടില്‍വെച്ച് പിടിച്ചത്. കൊലപാതകത്തിനുശേഷം യാതൊരു തെളിവും അവശേഷിപ്പിക്കാതെ പ്രതി സ്വന്തം നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. പ്രത്യേക സംഘത്തെ പ്രതിയെന്ന് സംശയിച്ച വ്യക്തിയുടെ നാട്ടിലേക്ക് അയച്ചാണ് അന്വേഷണം നടത്തിയതെന്ന് ദുബൈ പൊലീസ് ഉദ്യോഗസ്ഥന്‍ കേണല്‍ അഹമ്മദ് ഹുമൈദ് അല്‍ മാരി പ്രതികരിച്ചു.

ദുബൈയിലെ ഒരു ഫാമില്‍ ജോലി ചെയ്തിരുന്ന ഏഷ്യക്കാരനെ കാണാനില്ലെന്ന വിവരമാണ് പൊലീസിന് ആദ്യം ലഭിക്കുന്നത്. പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ കാണാതായ ഏഷ്യക്കാരന്റെ ഫോണും മറ്റുസാധനങ്ങളും അദ്ദേഹത്തിന്റെ റൂമില്‍ കണ്ടെത്തി. ഫാം ഉടമസ്ഥനെ ചോദ്യം ചെയ്തപ്പോള്‍, രണ്ട് ഏഷ്യക്കാരാണ് ഇവിടെ ജോലി ചെയ്തിരുന്നതെന്ന് വ്യക്തമായി. ഒരു ജോലിക്കാരനെ കാണാതായ അന്നു തന്നെ മറ്റേയാള്‍ അമ്മയ്ക്ക് അസുഖമാണെന്ന് പറഞ്ഞു നാട്ടിലേക്ക് പോയിരുന്നു. പെട്ടെന്നുള്ള ഈ പോക്കില്‍ സംശയം തോന്നിയ പൊലീസ് ഒരു സംഘത്തെ ഇയാളുടെ നാട്ടിലേക്ക് അയച്ചു.

പ്രാദേശിക ഭരണകൂടത്തിന്റെ സഹായത്തോടെയായിരുന്നു നീക്കം. ഫാമിന്റെ പരിസരം മുഴുവന്‍ പൊലീസ് നായയെ കൊണ്ട് തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍, സ്വന്തം നാട്ടില്‍ ഒളിച്ചു കഴിയുകയായിരുന്ന ഏഷ്യക്കാരനെ കണ്ടെത്തിയപ്പോള്‍ ഇയാളാണ് കൃത്യം നടത്തിയതെന്ന് സമ്മതിച്ചു. വാക്കു തര്‍ക്കത്തിന്റെ പേരിലുണ്ടായ കലഹത്തിലാണ് സഹപ്രവര്‍ത്തകന്‍ മരിച്ചതെന്നും ഇയാളുടെ മൃതദേഹം ദൂരെ ഒരു സ്ഥലത്ത് സംസ്‌കരിച്ചുവെന്നും പ്രതി സമ്മതിച്ചു. വളരെ ആഴത്തിലുള്ള കുഴിയെടുത്താണ് കുഴിച്ചു മൂടിയത്. അതിനു മുകളില്‍ മറ്റുനിരവധി സാധനങ്ങള്‍ ഇട്ട് മൂടുകയും ചെയ്തുവെന്ന് പ്രതി സമ്മതിച്ചു. ഇയാള്‍ ഇപ്പോള്‍ നാട്ടിലുള്ള ജയിലിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button