Latest NewsNewsIndia

സിമന്റ് ചാക്ക് ദേഹത്ത് കയറ്റിവെച്ച് മലയാളിയുടെ കൊല : രണ്ട് മലയാളികള്‍ അറസ്റ്റില്‍

ബംഗളൂരു: കെട്ടിടനിര്‍മാണ തൊഴിലാളിയായ അരിമ്പൂര്‍ കൈപ്പിള്ളി സ്വദേശിയെ ബംഗളൂരുവിലെ ജോലിസ്ഥലത്തു മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പോലീസ്. സംഭവവുമായി ബന്ധപ്പെട്ടു തൃശൂര്‍ ഏനാമ്മാവ് സ്വദേശികളായ രണ്ടുപേരെ ബംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു. അരിമ്പൂര്‍ കൈപ്പിള്ളി സിഎന്‍ സെന്ററിനടുത്ത് ചേരിയേക്കര ജോയി(44)യാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കാച്ചനാഹള്ളിയിലെ വീടു പണിനടക്കുന്ന സ്ഥലത്തു ജോയിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് രതീഷ്, ജോസ് എന്നിവരെയാണ് തൃശൂരില്‍നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യാന്‍ ബംഗളൂരുവിലേക്കു കൊണ്ടുപോയി. സംഭവ സമയത്ത് അവിടെയുണ്ടായിരുന്ന വേറെ ചിലരെയും പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. മജസ്റ്റിക് ജംഗ്ഷനുസമീപം കാച്ചനാഹള്ളിയില്‍ ബന്ധുവിന്റെ വീടുനിര്‍മാണവുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷമായി ജോയി ബംഗളൂരുവിലായിരുന്നു. ഈ വീട്ടില്‍തന്നെയാണ് ജോയി താമസിച്ചിരുന്നത്.

വ്യാഴാഴ്ച രാത്രി ബംഗളുരുവില്‍നിന്നു വീട്ടിലേക്കു വിളിച്ച ജോയി ചിലരുമായി വഴക്കുണ്ടായതായും ഞായറാഴ്ച വീട്ടിലേക്കു മടങ്ങുന്നതായും അറിയിച്ചിരുന്നു. അതിനുശേഷമാണ് കൊലപാതകം നടന്നതെന്നു കരുതുന്നു.മറ്റു തൊഴിലാളികള്‍ വെള്ളിയാഴ്ച രാവിലെ പണിക്കെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിനു മുകളില്‍ മൂന്നു സിമന്റ് ചാക്കുകള്‍ കയറ്റിവച്ച നിലയിലായിരുന്നു. ശരീരത്തിലും ഗുരുതരമായ പരിക്കേറ്റിരുന്നു.

സംഭവത്തിനുശേഷം തൃശൂര്‍ സ്വദേശികളായ നിര്‍മാണ തൊഴിലാളികള്‍ മുങ്ങിയിരുന്നു. സംഭവസ്ഥലത്തുനിന്ന് ചിലരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് മലയാളികളായ തൊഴിലാളികളെ ക്കുറിച്ച് പോലീസിനു വിവരം ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button