KeralaLatest NewsNews

കേരളത്തെ ഞെട്ടിച്ച ദൃക്‌സാക്ഷികളില്ലാത്ത കൊലപാതകത്തിലെ നിര്‍ണായക വിധി : പിന്നിട്ട നാള്‍ വഴികളും

പെരുമ്പാവൂര്‍ : സമീപകാലത്ത് കേരളം കണ്ട ഏറ്റവും ക്രൂരമായ കൊലപാതകത്തിന്റെ ചുരുളുകള്‍ അഴിഞ്ഞപ്പോള്‍ പിടിയിലായത് അന്യസംസ്ഥാനത്തൊഴിലാളിയായ അമീറുള്‍ ഇസ്ലാം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസിലെ ഏക പ്രതിയായ അമീറുള്‍ ഇസ്‌ളാം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നു.

നാള്‍വഴികള്‍

2016 ഏപ്രില്‍ 28 : പുറമ്പോക്ക് ഭൂമിയിലെ ഒറ്റമുറി വീട്ടില്‍ ജിഷയെ മരിച്ച നിലയില്‍ കണ്ടെത്തുന്നു.

2016 ഏപ്രില്‍ 29 : കൊലചെയ്യപ്പെട്ട ജിഷയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി

2016 ഏപ്രില്‍ 30 : കേസന്വേഷണത്തിന് പെരുമ്പാവൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നു.

2016 മെയ് 4- അന്വേഷണം അന്യസംസ്ഥാന തൊഴിലാളിയിലേക്ക്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു.

2016 മെയ് 4- അന്വേഷണ സംഘത്തില്‍ നിന്ന് പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി അനില്‍ കുമാറിനെ ഒഴിവാക്കുന്നു.

2016 മെയ് 4- ജിഷയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നു

2016 മെയ് 9 – കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സിബിഐ അന്വേഷണം വേണമെന്ന് ശുപാര്‍ശ ചെയ്തു.

2016 മെയ് 10 – അന്വേഷണം സഹോദരിയുടെ സുഹൃത്തിലേക്ക്

2016 മെയ് 14 : നിര്‍ണായക വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് കൊലയാളിയുടെ ഡി.എന്‍.എ വിവരങ്ങള്‍ പോലീസിന് ലഭിച്ചു

2016 മെയ് 16: ഘാതകരെത്തേടി പോലീസ് ബംഗാളിലെ മൂര്‍ഷിദാബാദിലേക്ക്

2016 മെയ് 19 : 10 പേര്‍ പോലീസ് കസ്റ്റഡിയില്‍

2016 മെയ് 26 : അന്വേഷണച്ചുമതല എ.ഡി.ജി.പി ബി.സന്ധ്യയ്ക്ക് കൈമാറുന്നു

2016 ജൂണ്‍ 2: പ്രതിയെന്ന് സംശയിക്കുന്നയാളുടെ പുതിയ രേഖാചിത്രം പുറത്തുവിട്ടു

2016 ജൂണ്‍ 10 : പ്രതി എന്ന് കരുതുന്നയാളിന്റെ വീഡിയോ ദൃശ്യം പോലീസിന്

2016 ജൂണ്‍ 16- കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നു

2016 ജൂണ്‍ 17- അസം സ്വദേശി അമീറുള്‍ ഇസ്‌ളാമിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നു

2016 സെപ്റ്റംബര്‍ 17 : എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

2017 ഏപ്രില്‍ 3- കേസില്‍ വിചാരണ തുടങ്ങി

2017 നവംബര്‍ 9- ജിഷയുടെ പിതാവ് വഴിയില്‍ കുഴഞ്ഞുവീണ് മരിക്കുന്നു

2017 ഡിസംബര്‍ 12: അമീറുള്‍ ഇസ്‌ളാം കുറ്റക്കാരനെന്ന് എറണാകുളം സെഷന്‍സ് കോടതി

നിയമ വിദ്യാര്‍ഥിനിയുടെ ദുരന്തം

എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ നഗരത്തിനടുത്ത രായമംഗലം ഗ്രാമപഞ്ചായത്തിലെ ഇരിങ്ങോള്‍ ഗ്രാമത്തിലായിരുന്നു ജിഷ ജനിച്ചു വളര്‍ന്നത്. ആരോടും അധികം ഇടപെടാതെ അന്തര്‍മുഖിയായിരുന്ന പെണ്‍കുട്ടിയെന്നാണ് ജിഷയെ അടുത്തറിയുന്നവര്‍ വിശേഷിപ്പിച്ചത്. എറണാകുളം ലോ കോളേജില്‍ പഠിക്കുമ്പോള്‍ കച്ചേരിപ്പടിയില്‍ നിന്നും കോളേജ് വരെ നടന്നുവരുന്ന ജിഷയുടെ ചിത്രമായിരുന്നു അധ്യാപകര്‍ക്ക് ഓര്‍ക്കാനുണ്ടായിരുന്നത്.

2016 ഏപ്രില്‍ 28 ന് രാത്രി എട്ടുമണിയോടെയാണ് പെരുമ്പാവൂരിലെ വീടിനുള്ളില്‍ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കൂലിപ്പണിക്ക് പോയ അമ്മ രാജേശ്വരി തിരികെയെത്തിയപ്പോഴാണ് ദാരുണമായ ദൃശ്യം കാണുന്നത്.

ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികളില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണമുയര്‍ന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഫോറന്‍സിക് വിഭാഗത്തിനുണ്ടായ വീഴ്ച കണ്ടെത്തിയത്. കോളിളക്കം സൃഷ്ടിച്ച കൊലപാതകക്കേസിലെ പോസ്റ്റ്‌മോര്‍ട്ടം മതിയായ ഗൗരവത്തോടെയല്ല നടത്തിയതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ് സെക്രട്ടറി ഉത്തരവിടുകയും ചെയ്തിരുന്നു.
കേസില്‍ തുടരന്വേഷണംആവശ്യപ്പെട്ട് ജിഷയുടെ അച്ഛന്‍ പാപ്പു നല്‍കിയ ഹര്‍ജി എറണാകുളം സെഷന്‍സ് കോടതി തള്ളുകയും ചെയ്തു. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നുമായിരുന്നു അച്ഛന്റെ ആവശ്യം. 2017 നവംബര്‍ 9 ന് ജിഷയുടെ പിതാവ് കുഴഞ്ഞു വീണ് മരിക്കുകയും ചെയ്തു.

74 ദിവസം; 100 സാക്ഷികള്‍

74 ദിവസമായി 100 സാക്ഷികളെയാണ് വിസ്തരിച്ചത്. 291 രേഖകളും 36 തൊണ്ടിമുതലും വിചാരണയ്ക്കിടെ ഹാജരാക്കിയിരുന്നു. 923 ചോദ്യങ്ങള്‍ക്ക് രണ്ടു ദിവസം കൊണ്ടാണ് കോടതി വിശദീകരണം തേടിയത്. പ്രതിഭാഗത്ത് അഞ്ച് സാക്ഷികളും 19 രേഖകളുമാണ് ഉണ്ടായിരുന്നത്. സാക്ഷികളുടെ അഭാവത്തെത്തുടര്‍ന്ന് ശാസ്ത്രീയ തെളിവുകളെ ആശ്രയിച്ചാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ കേസ് വാദിച്ചത്. പ്രതിയുടെ ഡി.എന്‍.എ. പരിശോധനാ ഫലമാണ് കേസില്‍ നിര്‍ണായകമായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയത്.
2016 ഏപ്രില്‍ 28-ന് വൈകുന്നേരം 5.30 നും ആറിനുമിടയില്‍ പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി യുവതിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നതാണ് പ്രധാന കുറ്റം. 2016 സെപ്റ്റംബര്‍ 17-നാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button