KeralaLatest News

ജിഷാ കൊലക്കേസിലെ കോടതി വിധിയെ കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം

തിരുവനന്തപുരം ; ജിഷാ കൊലക്കേസിലെ കോടതി വിധി സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്ന സര്‍ക്കാര്‍ നിലപാടിനു ലഭിച്ച ജുഡീഷ്യല്‍ അംഗീകാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. നിസ്സഹായയും നിരപരാധിയുമായ ഒരു പെണ്‍കുട്ടി അതിക്രൂരമാംവിധം ബലാല്‍സംഗം ചെയ്യപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്ത സംഭവമാണിത്. ഇത് അന്വേഷിച്ച് കുറ്റവാളിയെ കണ്ടെത്തുക, ശിക്ഷിപ്പിക്കുക എന്നീ കാര്യങ്ങള്‍ക്ക് ഏറ്റവും ഉന്നതമായ മുന്‍ഗണനയാണ് ഈ സര്‍ക്കാര്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ ;

“സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്ന സര്‍ക്കാര്‍ നിലപാടിനു ലഭിച്ച ജുഡീഷ്യല്‍ അംഗീകാരമാണ് ജിഷാ കൊലക്കേസിലെ കോടതി വിധി.

നിസ്സഹായയും നിരപരാധിയുമായ ഒരു പെണ്‍കുട്ടി അതിക്രൂരമാംവിധം ബലാല്‍സംഗം ചെയ്യപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്ത സംഭവമാണിത്. ഇത് അന്വേഷിച്ച് കുറ്റവാളിയെ കണ്ടെത്തുക, ശിക്ഷിപ്പിക്കുക എന്നീ കാര്യങ്ങള്‍ക്ക് ഏറ്റവും ഉന്നതമായ മുന്‍ഗണനയാണ് ഈ സര്‍ക്കാര്‍ നല്‍കിയത്.

അതുകൊണ്ടുതന്നെയാണ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തശേഷം നടന്ന ആദ്യ കാബിനറ്റ് യോഗത്തില്‍ത്തന്നെ ഈ കേസ് അന്വേഷിക്കുന്നതിന് ഉന്നത പൊലീസ് ടീമിനെ നിയോഗിക്കാന്‍ നിശ്ചയിച്ചത്. നിഷ്പക്ഷവും നീതിപൂര്‍വകവുമായ വിധത്തില്‍ ഒരുവിധ സ്വാധീനങ്ങള്‍ക്കും വഴിപ്പെടാതെ അന്വേഷണം നടത്തണം എന്നാണ് എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷകസംഘത്തോട് ആവശ്യപ്പെട്ടത്. സര്‍ക്കാരിന്‍റെ പ്രതീക്ഷയ്ക്കൊത്തുയര്‍ന്ന് അവര്‍ പ്രവര്‍ത്തിച്ചു. ആ പ്രവര്‍ത്തനത്തിന്‍റെ ഫലമായാണ് മുമ്പ് ഇരുട്ടില്‍ത്തപ്പുകയായിരുന്ന അന്വേഷണം ഫലപ്രാപ്തിയിലെത്തിയതും കുറ്റവാളിയെ പിടികൂടിയതും നിയമത്തിനുമുമ്പില്‍ കൊണ്ടുവന്നതും. പ്രതിയെ കണ്ടെത്തുന്നതിലും ശാസ്ത്രീയമായി തെളിവുകള്‍ ശേഖരിക്കുന്നതിലും അന്വേഷകസംഘവും കേസ് ഫലപ്രദമായി നടത്തുന്നതില്‍ പ്രോസിക്യൂഷനും വിജയിച്ച കാര്യം വിധിന്യായത്തില്‍ കോടതി തന്നെ എടുത്തുപറഞ്ഞിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

പഴുതുകള്‍ അടച്ചുള്ള അന്വേഷണം, കാര്യക്ഷമമായ പ്രോസിക്യൂഷന്‍ പ്രക്രിയ, നിര്‍ഭയമായ തരത്തിലുള്ള അന്വേഷണത്തിനു വേണ്ട സ്വാതന്ത്ര്യം എന്നിവയൊക്കെയാണ് കുറ്റവാളിയെ ശിക്ഷിപ്പിക്കുന്നിടത്തേക്ക് കേസ് കൊണ്ടെത്തിച്ചത്. ഇത്തരം ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുത്താല്‍ കൃത്യമായും കുറ്റവാളികളെ കണ്ടെത്താന്‍ കേരളത്തിലെ പൊലീസിനു കഴിയും എന്നതിന്‍റെ സ്ഥിരീകരണമാണിത്. പ്രത്യേക പൊലീസ് ടീമിനെയും സ്പെഷ്യല്‍ പ്രോസിക്യൂട്ടറെയും അഭിനന്ദിക്കുന്നു. 18-ാം ദിവസം തന്നെ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞതും 90 ദിവസത്തിനുള്ളില്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞതും അഭിനന്ദനാര്‍ഹമായ കാര്യമാണ്.

സ്ത്രീകള്‍ക്കെതിരെ കുറ്റം ചെയ്തിട്ട് രക്ഷപ്പെടാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് നടപ്പില്ല എന്നും അത് നടക്കാന്‍ അനുവദിക്കില്ല എന്നുമുള്ള സന്ദേശമാണ് ഈ കേസ് നടത്തിപ്പില്‍നിന്നും വിധിയില്‍നിന്നും തെളിയുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ കര്‍ശനമായ ഇച്ഛാശക്തിയോടെയും നിശ്ചയദാര്‍ഢ്യത്തോടെയും അമര്‍ച്ച ചെയ്യുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. സ്ത്രീകള്‍ക്ക് നിര്‍ഭയമായും സ്വതന്ത്രമായും കഴിയാന്‍ കഴിയുന്ന അവസ്ഥയെ ഒരുവിധത്തിലും ഹനിക്കുന്ന ഒരു നീക്കവും അനുവദിക്കില്ല. മറിച്ച് ചിന്തിക്കുന്നവര്‍ക്ക് വലിയ പാഠമാകട്ടെ ഈ കേസിന്‍റെ വിധി.”

shortlink

Related Articles

Post Your Comments

Related Articles


Back to top button