TravelLalisam

ഓരോ യാത്രയും ഓരോ നവീകരണമാണ്; ഭൂട്ടാന്‍ യാത്രയുടെ സൗന്ദര്യം വിവരിച്ച് മോഹന്‍ലാല്‍

ഓരോ യാത്രയിലും നാം മാറണം. അതാവണം യാത്രയുടെ ലക്ഷ്യമെന്നു മോഹന്‍ലാല്‍. ഭൂട്ടാനിലേക്കുള്ള യാത്രയില്‍ താന്‍ ആ സത്യം തിരിച്ചറിഞ്ഞു. ഭൂട്ടാന്‍ യാത്രയ്ക്ക് ശേഷം മാറ്റം സംഭവിച്ചതായി താരം തന്നെ പറയുന്നു. ആനന്ദത്തിന്റെ രഹസ്യം തേടിയായിരുന്നു മോഹന്‍ലാല്‍ ഭൂട്ടാനിലേക്ക് യാത്ര പുറപ്പെട്ടത്.

ഭൂട്ടാന്‍ യാത്രയെക്കുറിച്ച് മോഹന്‍ലാലിന്റെ വാക്കുകള്‍ (പ്രസക്ത ഭാഗങ്ങള്‍)

ആനന്ദം… നമ്മുടെ ഉള്ളിലാണ്…..നമുക്ക് ചുറ്റിലും……കഴിഞ്ഞ തവണ ഭൂട്ടാനില്‍ ഇരുന്നാണ് ഞാന്‍ എന്റെ ബ്ലോഗ് കുറിച്ചത്. അഞ്ച് ദിവസത്തെ യാത്ര ആയിരുന്നു. ശരിക്കും ഒരു തീര്‍ത്ഥാടനം പോലെ……മലകളാല്‍ ചുറ്റപ്പെട്ട ഒരു കൊച്ചുരാജ്യത്തിലെ ജീവിതം കണ്ട്, പ്രകൃതിയെ അറിഞ്ഞ്, പതിനായിരം അടിയിലധികം ഉയരത്തിലുള്ള തക്സാങ്ങ് ബുദ്ധവിഹാരം (Tigers Nest) കണ്ട് പ്രാര്‍ത്ഥിച്ച്‌ അതിശാന്തമായി കടന്നുപോയ കുറച്ച്‌ ദിവസങ്ങള്‍. അത് എന്നില്‍ നിറച്ച ഊര്‍ജ്ജം ചെറുതല്ല. ഭൂട്ടാന്‍ എന്ന മനോഹര രാജ്യത്തിനും അവിടത്തെ നല്ലവരായ മനുഷ്യര്‍ക്കും നന്ദി………

ഓരോ യാത്രയും ഓരോ നവീകരണമാണ് എന്ന് പറയാറുണ്ട്. യാത്ര പോയ ആളല്ല ഒരിക്കലും തിരിച്ച്‌ വരുന്നത്. ആവുകയുമരുത്. പുതിയ എന്തെങ്കിലും ഒരു നന്മ, വിശാലമായ എന്തെങ്കിലും വീക്ഷണം അയാളില്‍ ഉണ്ടാവണം. അപ്പോള്‍ മാത്രമേ യാത്ര അയാളില്‍ പ്രവര്‍ത്തിക്കുകയുള്ളൂ. പ്രത്യേകിച്ച്‌ തീര്‍ത്ഥാടനങ്ങള്‍. തീര്‍ത്ഥാടനം എന്ന വാക്ക് ഞാന്‍ എടുത്തു പറയാന്‍ കാരണമുണ്ട്.

ഭൂട്ടാനിലേക്കുള്ള എന്റെ യാത്ര തികച്ചും തീര്‍ത്ഥാടനം തന്നെയായിരുന്നു. തീര്‍ത്ഥാടനം എന്ന വാക്കിലും സങ്കല്‍പത്തിലും തീര്‍ത്ഥം എന്നൊരു വാക്കുണ്ട്. തീര്‍ത്ഥം സേവിക്കാം, തീര്‍ത്ഥത്തില്‍ കുളിക്കാം. ഒന്ന് അകത്തെ മാലിന്യം കളയുന്നു. രണ്ടാമത്തേത് പുറത്തേ മാലിന്യവും. അപ്പോഴാണ് തീര്‍ത്ഥാടകന്‍ പുതിയ ഒരാളാവുന്നത്. അയാളില്‍ ഒരു പുതിയ സൂര്യന്‍ ഉദിക്കുന്നത്. പുതിയ പുതിയ നക്ഷത്രങ്ങള്‍ തെളിയുന്നത്. എന്നില്‍ അങ്ങനെ സംഭവിച്ചു. ഒരു ദേശം നിങ്ങളില്‍ മതിപ്പുളവാക്കുന്നത് അതിന്റെ പരിസരഭംഗികൊണ്ടും ജീവിതഭംഗികൊണ്ടുമാണ്. ഇത് രണ്ട് വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു.

ഭൂട്ടാനില്‍ തിംപു, പാരോ എന്നീ നഗരങ്ങളില്‍ ഞാന്‍ താമസിച്ചു. അതിന്റെ തെരുവുകളിലൂടെ നടന്നു. ചന്തകളിലും ചെറിയ ചെറിയ ഹോട്ടലുകളിലും പോയി. ആളുകളുമായി സംസാരിച്ചു, മലവഴികളിലൂടെ വടി കുത്തി നടന്നു. വെള്ളച്ചാട്ടങ്ങള്‍ കണ്ടു. ബുദ്ധവിഹാരങ്ങളും പ്രാര്‍ത്ഥനാകേന്ദ്രങ്ങളും കണ്ടു. പാര്‍ക്കുകളില്‍ പോയി. എല്ലായിടവും ഏറെ വൃത്തിയുള്ളതായിരുന്നു. വൃത്തിയാക്കി വെയ്ക്കാന്‍ ഓരോ പൗരനും നന്നായി ശ്രമിക്കുന്നുമുണ്ടായിരുന്നു. വൃത്തികെട്ട ചവറുകൂമ്ബാരങ്ങള്‍ നഗരത്തിലില്ല. മാലിന്യം നിക്ഷേപിക്കാന്‍ പ്രത്യേക സ്ഥലങ്ങള്‍ ഉണ്ട്. അവിടെ മാത്രം നിക്ഷേപിക്കാന്‍ ജനങ്ങള്‍ നന്നായി ശ്രദ്ധിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button