Latest NewsNewsIndia

മോദിയെ തള്ളിപ്പറഞ്ഞവര്‍ ഇന്ന് ഞെട്ടി : രാജ്യത്ത് മോദിപ്രഭാവം ; കേരളത്തെയും തമിഴ്‌നാടിനേയും കീഴടക്കാന്‍ അണിയറയില്‍ കരുനീക്കം നടത്തി അമിത് ഷായും മോദിയും

ന്യൂഡല്‍ഹി: രാജ്യത്ത് ബി.ജെ.പിയുടെ തേരോട്ടം തുടരുകയാണ്. ആര് എന്തൊക്കെ പറഞ്ഞാലും രാജ്യത്ത് മോദി പ്രഭാവം തന്നെയാണെന്ന് ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്നും വ്യക്തമായതാണ്. ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞതും ഹിമാചലില്‍ ഭരണം പിടിക്കാന്‍ കഴിഞ്ഞതും രാഷ്ട്രീയമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്‍ നേട്ടമാകുകയാണ്. രണ്ട് സംസ്ഥാനങ്ങളിലും മോദി തന്നെയായിരുന്നു പ്രധാന താര പ്രചാരകന്‍. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി ഭരണം തുടരാനുള്ള ജനഹിതമായി കൂടി ഇതിനെ ബിജെപി ഉയര്‍ത്തിക്കാട്ടും. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടാനായി എന്നത് മാത്രമാണ് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും അല്പമെങ്കിലും ആശ്വാസമാകുന്നത്.

ഗുജറാത്തില്‍ വിജയിക്കുന്നത് മോദിയുടെ ജനകീയ മുഖമാണ്. ഒപ്പം അമിത് ഷായുടെ തന്ത്രങ്ങളും. 150 സീറ്റെന്ന ലക്ഷ്യത്തിലേക്ക് എത്തിക്കാനായില്ലെങ്കിലും ബിജെപിയെ അഞ്ചാം തവണയും വിജയത്തിലെത്തിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്റെ കരുതലുകള്‍ക്കാകുന്നു. ജിഎസ്ടിയും നോട്ട് നിരോധനവും മോദിയെ തളര്‍ത്തിയില്ല. ശക്തനാക്കുകയും ചെയ്തു. ഇനി ബിജെപിക്ക് ഒറ്റ നേതൃത്വമേ ഉള്ളൂ. മോദിയുടെ നേതൃത്വം. മോദിക്കായി അമിത് ഷാ കരുനീക്കം നടത്തും. അടുത്ത ലക്ഷ്യം മേഘാലയയും മിസ്സോറാമുമാണ്. അതിനൊപ്പം കര്‍ണ്ണാടകയും. ഈ മൂന്ന് സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് ഭരണം തൂത്തെറിയുകയെന്നതാണ് അടുത്ത അജണ്ട.

ഗുജറാത്തില്‍ പട്ടീദാര്‍ നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍, ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി, ആദിവാസ് നേതാവ് അല്‍പേഷ് ഠാക്കൂര്‍ എന്നിവരെ ഒപ്പം നിര്‍ത്തിയിട്ടും ഭരണം പിടിക്കാന്‍ പറ്റാത്തത് കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ബിജെപിക്ക് ഇരട്ടി മധുരം നല്‍കുന്നതും ഇതു തന്നെയാണ്. ഇതിലുപരി ഇന്ത്യ മുഴുവന്‍ മോദി പ്രഭാവം വളരുകയാണ്. രാജ്യസഭയിലും ഏറ്റവും വലിയ കക്ഷിയായി താമസിയാതെ ബിജെപി മാറും. ഇതോടെ ആഗ്രഹിക്കുന്നതെല്ലാം നിയമമാക്കാന്‍ മോദി സര്‍ക്കാരിന് കഴിയും. ഗുജറാത്തിലും ഹിമാചലിലും നേടുന്ന വിജയം ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിയെ ശക്തരാക്കുന്നത് രാജ്യസഭയിലെ ബലാബലത്തില്‍ കൂടിയാണ്. കര്‍ണാടക, ബംഗാള്‍ തുടങ്ങിയ വലിയ സംസ്ഥാനങ്ങളും കേരളം, ത്രിപുര പോലുള്ള ഏതാനും ചില സംസ്ഥാനങ്ങളും ഒഴിച്ചാല്‍ ഇന്ത്യയുടെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപിയാണ്. ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും ഫലങ്ങള്‍ കൂടി പുറത്തു വന്നതോടെ ഇന്ത്യയില്‍ ബിജെപി ഒറ്റയ്ക്ക് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ 14 ആകും.

ഗുജറാത്തില്‍ 22വര്‍ഷമായി അടക്കി ഭരിക്കുന്ന ബിജെപി ആറാം തവണയും അധികാരം നിലനിര്‍ത്തിയപ്പോള്‍ ഹിമാചല്‍ പ്രദേശ് ബിജെപി കോണ്‍ഗ്രസ്സില്‍ നിന്ന് തിരിച്ചു പിടിക്കുകയായിരുന്നു.രാജ്യത്തെ 28 സംസ്ഥാനങ്ങളില്‍ 18ഉം ബിജെപിയോ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയോയാണ് ഭരിക്കുന്നത്. ഇതില്‍ 14 സംസ്ഥാനങ്ങളില്‍ ബിജെപി ആരുടെയും പിന്തുണയില്ലാതെ ഒറ്റയ്ക്കാണ് ഭരണത്തിലിരിക്കുന്നത്. അരുണാചല്‍ പ്രദേശ്, ആസ്സാം, ചത്തീസ്ഗഡ്, ഗോവ, ഹരിയാന, ഗുജറാത്ത്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പുര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്,ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ബിജെപി ഭരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യഭരണമാണുള്ളത്. ആന്ധ്രാപ്രദേശ്, ബീഹാര്‍, ജമ്മുകശ്മീര്‍, നാഗാലാന്‍ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണം നിലനില്‍ക്കുന്നത്.

മോദി അധികാരത്തിലെത്തുമ്‌ബോള്‍ ഗുജറാത്തും ജാര്‍ഖണ്ഡും മധ്യപ്രദേശും രാജസ്ഥാനും ഉത്തരാഖണ്ഡും ചത്തീസ് ഗഡും ഗോവയും മാത്രമാണ് ബിജെപി പക്ഷത്തുണ്ടായിരുന്നത്. അതിന് ശേഷമാണ് അരുണാചലിലും അസമിലും യുപിയിലും ഹിമാചലിലും ഝാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി ഭരണം പിടിച്ചത്. ഇത് മോദി പ്രഭാവത്തിന്റെ സൂചനയായിരുന്നു. ഇതില്‍ മഹാരാഷ്ട്രയില്‍ ശിവസേനയില്‍ നിന്ന് അകന്ന് ബിജെപി ഒറ്റയ്ക്കാണ് മത്സരിച്ചത്. എന്നിട്ടും മഹാരാഷ്ട്ര ജയിക്കാനായി. യുപി പിടിച്ചതും അവിസ്മരണീയമായിരുന്നു. മൂന്നൂറിലധികം സീറ്റുകളിലാണ് ബിജെപി അവിടെ വിജയിച്ചത്. എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ക്ക് അപ്പുറത്തേക്ക് പോയ വിജയം.

വര്‍ഷങ്ങളായി ചത്തീസ്ഗഡിലും ഗുജറാത്തിലും മധ്യപ്രദേശിലും ബിജെപി അധികാരത്തിലുണ്ടായിരുന്നെങ്കിലും ഗോവയിലും രാജസ്ഥാനിലും അധികാരം പിടിച്ചെടുത്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി നിയമ സഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി തരംഗത്തിന് തുടക്കമിട്ടത്.

ഡല്‍ഹി, കര്‍ണാടക എന്നിവിടങ്ങളില്‍ ബിജെപി മുന്‍പ് ഭരണത്തിലിരുന്നിട്ടുണ്ട്. മോദി പ്രഭാവം എന്ന ഒരൊറ്റ തുറുപ്പ് ചീട്ട് മുതലെടുത്തുകൊണ്ട് ഇന്ത്യയുടെ സിംഹഭാഗവും ബിജെപിക്ക് കയ്യടക്കാനായെങ്കിലും കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, മിസ്സോറാം, മേഘാലയ, ത്രിപുര, തുടങ്ങിയ സംസ്ഥാനങ്ങള്‍ ഒരിക്കല്‍ പോലും ബിജെപിയെ അധികാരത്തിലേറ്റിയിട്ടില്ല. ഇവ പിടിക്കുകയെന്ന ദൗത്യമാണ് മോദിക്ക് മുന്നില്‍ ഇനിയുള്ളത്. ഇതില്‍ കേരളവും തമിഴ്‌നാടും പശ്ചിമ ബംഗാളും ത്രിപുരയും കടുത്ത വെല്ലുവിളിയാണ്. നോര്‍ത്ത് ഈസ്റ്റില്‍ ബിജെപി ചുവടുറപ്പിച്ചു കഴിഞ്ഞു. മേഘാലയയിലും മിസ്സോറാമിലും കോണ്‍ഗ്രസ് സര്‍ക്കാരാണ് നിലവിലുള്ളത്. അടുത്ത വര്‍ഷമാധ്യം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മേഘാലയയും മിസ്സോറാമും പിടിക്കാനുള്ള തന്ത്രങ്ങള്‍ ബിജെപി ഒരുക്കുന്നുണ്ട്. ഇത് വിജയിക്കുമെന്നാണ് അമിത് ഷായും മോദിയും കണക്ക് കൂട്ടുന്നത്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button