Complete ActorLalisam

മോഹൻലാലിന്റെ നടനവൈഭവത്തെക്കുറിച്ച് സംവിധായകന്‍ ഷാജി കൈലാസ്

മോഹന്‍ലാല്‍ എന്ന നടന്റെ നടനവൈഭവത്തെക്കുറിച്ച് സംവിധായകന്‍ ഷാജി കൈലാസ് പറയുന്നു. പൂര്‍ണത എന്നതിന് അപ്പുറം ഒരു വാക്കുണ്ടെങ്കില്‍ അതാണ് മോഹന്‍ലാല്‍. കൂടാതെ മോഹന്‍ലാല്‍ എന്ന നടന്‍ ‘സംവിധായകന്റെ നടനാണ് എന്നും ഷാജി കൈലാസ് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ഷാജി കൈലാസിന്റെ പ്രതികരണം

”വില്ലന്‍ കണ്ടു…ഒത്തിരി ഇഷ്ടപ്പെട്ടു. തുടര്‍ച്ച നഷ്ടപ്പെടാത്ത മനശാസ്ത്രപരമായ ഒരു അവതരണം. ഈ സിനിമയുടെ ഷോട്ട് ഡിവിഷന്‍, ട്രാക്കിംഗ് ഷോട്സിന്റെ വേഗത, അവയുടെ സ്ഥിരത, സോളിഡ് ഫ്രെയിമിങ്ങ്, ക്ലോസപ്പുകളുടെ പൂര്‍ണത.. ഇവയെല്ലാം വാക്കുകള്‍ക്ക് അതീതം. ഇത്തരമൊരു ചിത്രമൊരുക്കിയ ഉണ്ണികൃഷ്ണന് അഭിനന്ദനങ്ങള്‍. പിന്നെ ലാലേട്ടന്‍… പൂര്‍ണത എന്നതിന് അപ്പുറം ഒരു വാക്കുണ്ടെങ്കില്‍ അതാണ് മോഹന്‍ലാല്‍ എന്ന നടന്‍. അതിന്റെ മഹത്തായ ഒരു ഉദാഹരണം തന്നെയാണ് മാത്യൂ മാഞ്ഞൂരാന്‍. പകരം വെക്കാനില്ലാത്ത ആ പ്രകടനം കണ്ടപ്പോള്‍ ഞാനും ലാലേട്ടനും ആദ്യമായി ഒരുമിച്ച ആറാം തമ്ബുരാന്‍ ഷൂട്ടിങ്ങ് സമയത്തെ ഒരു സംഭവം ഓര്‍മ്മ വന്നു.

ഷൂട്ടിങ്ങിന്റെ മൂന്നാം ദിവസമാണെന്നാണ് ഓര്‍മ്മ. വരിക്കാശ്ശേരി മനയിലാണ് ചിത്രീകരണം. സ്ഥാവരജംഗമവസ്തുക്കളെല്ലാം എടുത്ത് സ്ഥലം കാലിയാക്കാന്‍ പറഞ്ഞ് ജഗന്നാഥന്‍ ഉണ്ണിമായയെ വിരട്ടുന്ന സീനാണ്. ഒരു ഫുള്‍ ലെങ്ത് ഡയലോഗ്. മഞ്ജു വാര്യര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന്‍, ശങ്കരാടി ചേട്ടന്‍, കുതിരവട്ടം പപ്പുചേട്ടന്‍, കുഞ്ചുവേട്ടന്‍ അങ്ങനെ എല്ലാവരുമുണ്ട്. ലാലേട്ടന്‍ മുകളില്‍ നിന്ന് ആ ഡയലോഗ് അവരുടെ മുന്‍പില്‍ വെച്ചു പറയുകയാണ്. സുകുവാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ട്രാക്ക് ഷോട്ടായിരുന്നു എടുത്തുകൊണ്ടിരുന്നത്. അതിന്റെ മൂഡ് അനുസരിച്ച്‌ ട്രാക്ക്, ക്രെയിന്‍, സൂം ലെന്‍സ് എന്നിങ്ങനെ മൂന്നെണ്ണവും സെലക്‌ട് ചെയ്‍ത് കൊടുത്തിരിക്കുകയാണ് ഞാന്‍. ഷൂട്ട് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ എത്ര ചെയ്തിട്ടും ശരിയാകുന്നില്ല. ട്രാക്ക് തെറ്റുക, ക്യാമറ ഫോക്കസ് ആകാതെയിരിക്കുക, ക്യാമറ ഷെയ്ക്കാകുക എന്നിങ്ങനെ ഞങ്ങളുടെ തന്നെ കുഴപ്പം തന്നെയാണ്. മോഹന്‍ലാലിന്റേതല്ല. എട്ടോളം ടേക്കുകള്‍ എടുത്തിട്ടും ശരിയാകാത്തപ്പോള്‍ ഇനി പെര്‍ഫെക്ടായിട്ട് റിഹേഴ്സല്‍ എടുത്തിട്ട് ഷൂട്ട് ചെയ്താല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. രണ്ടാമത്തെ ടേക്ക് എടുക്കുമ്ബോള്‍ മോഹന്‍ലാല്‍ ഡയലോഗ് പറയുന്നതിനിടയില്‍ അസാമാന്യമായ ഒരു പ്രകടനം നടത്തിയിരുന്നു. ഒന്‍പതാമത്തെ ടേക്ക് പോകുന്നതിന് മുന്‍പായി ഞാന്‍ അത് സൂചിപ്പിക്കുകയും ചെയ്തു. അന്ന് മോണിറ്റര്‍ ഒന്നുമില്ല. 2C ക്യാമറ കൂടിയാണ്. നമുക്ക് വ്യൂ ഫൈന്‍ഡര്‍ കൂടി അങ്ങോട്ടും ഇങ്ങോട്ടും മാറ്റാന്‍ കഴിയാത്ത ഒരു അവസ്ഥയായിരുന്നു. അത് കാണാന്‍ പറ്റില്ല. ക്യാമറമാന്‍ എന്തു പറയുന്നുവോ അതാണ് ഓക്കേ. അത് ഞാന്‍ മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. “ഇത് ഇപ്പോള്‍ എട്ടാമത്തെ ടേക്ക് ആണ്. രണ്ടാമത്തെ ടേക്ക് എന്തു ചെയ്തുവെന്ന് എനിക്ക് യാതൊരു പിടിയുമില്ല. ക്യാമറയുടെ മുന്‍പില്‍ നില്‍ക്കുമ്ബോള്‍ എനിക്ക് spontaneous ആയിട്ട് വരും. അപ്പോഴേ അതൊക്കെ ചെയ്യാന്‍ പറ്റൂ.” ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. അദ്ദേഹം എല്ലാ സംവിധായകരെയും സര്‍ എന്നേ വിളിക്കൂ. ഈ ടേക്കില്‍ എന്തു വരുമോ അതാണ് ചെയ്യാന്‍ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.

കുറച്ചു കഴിഞ്ഞ് എന്നെ അകത്തേക്ക് വിളിച്ചിട്ട് അദ്ദേഹം പറഞ്ഞു. “ഷാജി സര്‍, ഈ ടേക്കിലും ഇത് നന്നായി വന്നില്ലെങ്കില്‍ സര്‍ ഒരു കാര്യം ചെയ്യണം. ഒന്നുകില്‍ എന്നെ മാറ്റണം അല്ലെങ്കില്‍ ക്യാമറമാനെ മാറ്റണം.” രണ്ടുപേരെയും മാറ്റില്ലെന്ന് പറഞ്ഞ് ഞാന്‍ പോയി ഷോട്ട് എടുത്തു. അത് ഓക്കെ ആയി. അന്ന് രാത്രിയും ഇപ്പോഴും ഞാന്‍ ചിന്തിക്കുന്ന ഒരു വസ്തുതയാണ് എന്തുകൊണ്ട് അദ്ദേഹം ആ ഷോട്ട് മാറ്റാന്‍ പറഞ്ഞില്ല? ഒരു സംവിധായകനെ അത്രത്തോളം ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരു ആര്‍ട്ടിസ്റ്റാണ് അദ്ദേഹം. അത് നമുക്ക് ഒരു പുണ്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം മാത്രമല്ല. എല്ലാ സംവിധായകര്‍ക്കും ലാലേട്ടനൊപ്പവും അല്ലാതെയും ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ ആ വ്യത്യാസം കൃത്യമായി അറിയാന്‍ സാധിക്കും. മോഹന്‍ലാല്‍ എന്ന നടന്‍ ‘സംവിധായകന്റെ നടനാണ്’. അദ്ദേഹത്തെ എപ്രകാരം ഉപയോഗിക്കുന്നുവെന്നതിലാണ് സംവിധായകന്റെ മികവ്. അത്തരത്തില്‍ അദ്ദേഹത്തെ പൂര്‍ണമായി വിനിയോഗിച്ചിരിക്കുന്ന ഒരു ചിത്രമാണ് വില്ലന്‍. തുടക്കം മുതല്‍ അവസാനം വരെ അദ്ദേഹത്തിന്റെ മൂഡ് നിലനിര്‍ത്തിയിരിക്കുന്ന ഒരു ടൈമിങ്ങും, അദ്ദേഹത്തിന്റെ ടേണിങ്ങും, നടപ്പും, ഭാവങ്ങളും, ഒരു ചിരി പോലും വരാതെ ഇങ്ങനെ കൊണ്ടുപോകുന്നതും എല്ലാം വളരെയധികം മനോഹരമാണ് കണ്ണ് നിറഞ്ഞിരിക്കുമ്ബോള്‍ പോലും ചിരിക്കുന്ന ആ മുഖം തരുന്നത് വല്ലാത്തൊരു ഫീലിങ്ങാണ്. ആ ഫീലിങ്ങ് പ്രേക്ഷകര്‍ക്ക് കൂടി അനുഭവവേദ്യമാക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് എന്നെ സംബന്ധിച്ചിടത്തോളം വില്ലന്റെ ഏറ്റവും വലിയ വിജയവും.”

shortlink

Related Articles

Post Your Comments

Related Articles


Back to top button