Latest NewsKeralaNews

ബാലവേല-ബാല ഭിക്ഷാടന-തെരുവു ബാല്യ വിമുക്ത കേരളത്തിനായി ശരണബാല്യം പദ്ധതി

തിരുവനന്തപുരം: ബാലവേല-ബാല ഭിക്ഷാടന-തെരുവു ബാല്യ വിമുക്ത കേരളത്തിനായി കേരള സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പ് മുഖേന ശരണ ബാല്യം പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ, സാമൂഹ്യനീതി, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാനത്ത് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റേഷനുകള്‍, ട്രെയിനുകള്‍, തിരക്കേറിയ നഗര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ ബാല ഭിക്ഷാടനത്തിനും ബാല വേലയ്ക്കും ബാല ചൂക്ഷണത്തിനുമായി എത്തിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനെത്തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ വിജയകരമായി നടപ്പിലാക്കിയ ശരണബാല്യം പദ്ധതിയാണ് കേരളമൊട്ടാകെ വ്യാപിപ്പിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ പത്തനംതിട്ടയ്ക്ക് പുറമേ കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വനിതാശിശുവികസന വകുപ്പ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടുകൂടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. തിരുവന്തപുരത്ത് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സാമൂഹ്യ നീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്. പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

2016 മണ്ഡലകാല സമയത്ത് ശബരിമലയിലും പരിസര പ്രദേശങ്ങളിലുമായി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കച്ചവട ആവശ്യങ്ങള്‍ക്കായി (മാല, വള തുടങ്ങിയവയുടെ വില്പനയ്ക്കായി) കൊണ്ടുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിനെ പ്രതിരോധിച്ചുകൊണ്ട് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ പമ്പ, ളാഹ, കണമല, തുലാപ്പള്ളി എന്നീ പ്രദേശങ്ങളില്‍ പരിശോധന നടത്തിയിരുന്നു. തമിഴ്‌നാട്, ആന്ധ്ര, കര്‍ണ്ണാടക എന്നിവിടിങ്ങളില്‍ നിന്നായി കച്ചവട ആവശ്യങ്ങള്‍ക്കായി കൊണ്ടുവന്നിട്ടുളള 12 കുട്ടികളെ മോചിപ്പിക്കുകയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേനെ അതാത് സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി പുനരധിവാസത്തിനുള്ള നടപടി സ്വീകരിച്ചിരുന്നു.

തുടര്‍പ്രവര്‍ത്തനം ആവശ്യമായ പദ്ധതിയാണിതെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 2017-18 വര്‍ഷം ശരണബാല്യം പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ ഭാഷകളില്‍ ബോധവത്ക്കരണ ബോര്‍ഡുകള്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നിര്‍മ്മിച്ചിട്ടുള്ള ഷോര്‍ട്ട് ഫിലിം ബാലവേല-ബാലഭിക്ഷാടനങ്ങള്‍ക്കെതിരെ വ്യാപകമായ ബോധവത്ക്കരണം നടത്തുന്നതിന് സഹായകരമാകും.

ഈ പദ്ധതിയുടെ ഭാഗമായി നാല് ജില്ലകളിലും ആറ് വീതം റെസ്‌ക്യൂ ആഫീസര്‍മാറുടെ നിയമന നടപടി പൂര്‍ത്തിയായിട്ടുണ്ട്. ശരണ ബാല്യം പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തലത്തില്‍ ഏകോപിപ്പിക്കുന്നതിനായി പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ആഫീസര്‍ അബീന്‍ ഏ ഒ യെ സ്റ്റേറ്റ് നോഡല്‍ ആഫീസറായി നിയമിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button