Latest NewsEditorialSpecials

തമിഴക രാഷ്ട്രീയത്തെ ഞെട്ടിച്ച തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോള്‍

 തമിഴ്നാട്  രാഷ്ട്രീയത്തില്‍  ദിശാമാറ്റം.  തമിഴകത്ത് നെറ്റിപ്പട്ടം ചാര്‍ത്തി നിന്ന ദ്രാവിഡ പാര്‍ട്ടികളെ തളച്ചു കൊണ്ട് ശശികലയുടെ ചാണക്യ തന്ത്രവുമായി ദിനകരന്‍ വിജയിച്ചു കയറി.   ജയലളിതയുടെ മണ്ഡലമായ ആര്‍ കെ നഗറില്‍ വിജയം സ്വതന്ത്രനായി മത്സരിച്ച എ ഐ എ ഡി എം കെ വിമതന്‍ ടി ടി വി ദിനകരന്‍ നേടി.  40,707 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി എ ഐ എ ഡി എം കെയിലെ മധുസൂദനെ  ദിനകരന്‍ തോല്‍പ്പിച്ചത്.  ഡി എം കെയുടെ മരുതുഗണേഷാണ് മൂന്നാം സ്ഥാനത്ത്. അണ്ണാ ഡി എം കെയെ നിയന്ത്രിച്ചിരുന്ന മന്നാര്‍ഗുഡി സംഘത്തില്‍ നിന്നു പളനിസാമി, പനീര്‍സെല്‍വം വിഭാഗം പാര്‍ട്ടി പിടിച്ചശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പെന്ന നിലയില്‍ തമിഴകവും ദേശീയ രാഷ്ട്രീയം  വന്‍പ്രാധാന്യത്തോടെയാണ് ഈ തിരഞ്ഞടുപ്പിനെ കണ്ടിരുന്നത്.

ഡിസംബര്‍ അഞ്ചിന് ജയലളിത മരണപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവുവന്ന ആര്‍ കെ നഗര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ്  ഏപ്രില്‍ 12ന് നടത്താന്‍ ആദ്യം തീരുമാനിച്ചതായിരുന്നു. എന്നാല്‍  പ്രചാരണത്തിനിടെ ദിനകരന്‍ വോട്ടര്‍മാരെ പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്  ആ ഇലക്ഷന്‍ റദ്ദാക്കുകയായിരുന്നു.  വിവാദങ്ങള്‍ക്കൊടുവില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടന്നു. എന്നാല്‍ ഭരണ പ്രതിപക്ഷ പാര്‍ട്ടികളെ ഞെട്ടിച്ച്‌ കൊണ്ടാണ് വിമതന്‍  ദിനകരന്‍ വിജയം സ്വന്തമാക്കിയത്.

ജയലളിതയുടെ തോഴിയായിരുന്ന ശശികലയുടെ സഹോദരി വനിതാമണിയുടെ മകനാണ്  ദിനകരന്‍.    1999-ല്‍ പെരിയംകുളം മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലും 2004 മുതല്‍ 2010 വരെ രാജ്യസഭയിലും അംഗമായിട്ടുണ്ട്   ദിനകരന്‍. തിരഞ്ഞെടുപ്പ് കമ്മിഷനെ സ്വാധീനിക്കാന്‍ കൈക്കൂലി കൊടുത്തെന്ന കേസിലും വിദേശ പണവിനിമയ കേസിലും പ്രതിയാണ് അദ്ദേഹം.  ഇവിടെ രസകരമായ ഒരു സംഗതിയുണ്ട്. കഴിഞ്ഞ പ്രാവശ്യം പനീര്‍ശെല്‍വം പിന്തുണ നല്‍കിയിരുന്ന വ്യക്തിയാണ് ദിനകരന്‍.  രാഷ്ട്രീയ വടം വലിയില്‍ ചേരി തിരിഞ്ഞ് പരസ്പരം പോരാടി. കൂടാതെ വോട്ടു സ്വന്തമാക്കാന്‍ പല പഴികളും അവര്‍ കണക്കു കൂട്ടി. രണ്ടില ചിഹ്നം സ്വന്തമാക്കിയതും അതിനു പിന്നിലെ തന്ത്രമായിരുന്നു. കാരണം തുടര്‍ച്ചയായി ആ ചിഹ്നത്തില്‍ വോട്ടു രേഖപ്പെടുത്തുന്നവര്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നു ഇവര്‍ കരുതി. എന്നാല്‍ എല്ലാ പ്രതീക്ഷയും അസ്തമിച്ചു.

 ഈ  തിരഞ്ഞെടുപ്പ് ഭരണ പക്ഷത്തിനു തിരിച്ചടി ആയിരിക്കുകയാണ്. അഴിമതിക്കേസില്‍ ശശികല ജയിലിലേക്കു പോയശേഷം പളനിസ്വാമിയും പനീര്‍ശെല്‍വവും അഭിപ്രായ ഭിന്നതകള്‍ മറന്ന് ഒന്നിച്ചിട്ടും പാര്‍ട്ടി സ്ഥാനാര്‍ഥി മധുസൂദനന്‍ ബഹുദൂരം പിന്നിലായത് ഔദ്യോഗിക പക്ഷത്തിനുണ്ടാക്കുന്ന ക്ഷീണം കുറച്ചൊന്നുമല്ല.  തെലുങ്ക് വോട്ടര്‍മാര്‍ക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ അതേ വിഭാഗത്തില്‍ നിന്നുള്ള ആളാണ് തങ്ങളുടെ സ്ഥാനാര്‍ഥിയെന്നതും പാര്‍ട്ടിയെ തുണക്കുമെന്ന് കരുതിയിരുന്നു. മാത്രമല്ല, മധുസൂദനന് വേണ്ടി സംസ്ഥാന മന്ത്രിമാരെല്ലാം പ്രചാരണ വേദിയിലെത്തുകയും ചെയ്തു. അതൊന്നും ഫലപ്പെട്ടില്ലെന്നാണ് ഫലം കാണിക്കുന്നത്.

കൂടാതെ ഇവരുടെ ശക്തമായ ആയുധമായിരുന്നു  ജയയുടെ മരണത്തില്‍ ദിനകരന്‍ പക്ഷത്തിന് പങ്കുണ്ടെന്ന പ്രചാരണം.  വോട്ടര്‍മാരെ ദിനകരനില്‍ നിന്ന് ഇത് അകറ്റുമെന്ന കണക്കുകൂട്ടലും വെറുതെയായി. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജയലളിതയുടെ അവസാന നാളുകളിലെ ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് ദിനകരന്‍ പക്ഷം ഈ ആരോപണത്തെ പ്രതിരോധിച്ചത്. ജയലളിത മരിച്ച ശേഷമാണ് ശശികല അവരെ ആശുപത്രിയിലെത്തിച്ചതെന്ന ഔദ്യോഗിക പക്ഷത്തിന്റെ പ്രചാരണം ഇതോടെ വെള്ളത്തിലായി.

ഭരണ പക്ഷത്തിനു മാത്രമല്ല ഈ തിരഞ്ഞെടുപ്പ് ഡി എം കെക്കും  നിരാശാജനകാണ്. 2ജി സ്‌പെക്ട്രം കേസില്‍ കനിമൊഴിയെയും രാജയെയും വെറുതെ വിട്ടുകൊണ്ടുള്ള സി ബി ഐ പ്രത്യേക കോടതി വിധി വന്നത് തിരഞ്ഞടുപ്പ് ദിനത്തിലായിരുന്നു. അതു പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്നായിരുന്നു നേതൃത്വത്തിന്റെ വിലയിരുത്തല്‍.  ഇടതുപാര്‍ട്ടികളും വൈക്കോയും ഡി എം കെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നിട്ടും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് നേതാവെന്ന നിലയില്‍ എ കെ സ്റ്റാലിന് കടുത്ത ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒരു തിരിച്ചു വരവിനുള്ള സാധ്യതയാണ് അതോടെ മങ്ങിയത്.

എന്നാല്‍ ദയനീയ തോല്‍വിയാണ് ബിജെപി ആര്‍ കെ നഗറില്‍ നേരിട്ടത്.  മണ്ഡലത്തില്‍ ബി ജെ പി രംഗത്തിറക്കിയ നാഗരാജന് നോട്ടക്കും പിന്നില്‍ ആറാമതായാണ് സ്ഥാനം ലഭിച്ചതെന്നത് സംസ്ഥാനത്ത് ബി ജെ പിയുടെ ദയനീയത വ്യക്തമാക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയാറെടുത്തു കൊണ്ടിരിക്കുന്ന പാര്‍ട്ടിക്ക് ഇതു കനത്ത തിരിച്ചടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button