KeralaLatest NewsNews

സംസ്ഥാനത്ത് കാലവര്‍ഷവും തുലാവര്‍ഷവും കിട്ടിയത് ശരാശരിക്കണക്കില്‍

തിരുവനന്തപുരം : കാലവര്‍ഷത്തിനു പിന്നാലെ തുലാവര്‍ഷവും തകര്‍ത്തുപെയ്തതോടെ സംസ്ഥാനത്തു കിട്ടിയത് ശരാശരി മഴ. ഓഖി ചുഴലിക്കാറ്റിനൊപ്പമെത്തിയ മഴ തെക്കന്‍ കേരളത്തിലും ജലസമൃദ്ധമാക്കി.
തുലാവര്‍ഷക്കാലം ഉള്‍പ്പെടുന്ന ഒക്ടോബര്‍ ഒന്നു മുതല്‍ കഴിഞ്ഞ ബുധന്‍ വരെയുള്ള കണക്കു പ്രകാരം, സംസ്ഥാനത്തു പെയ്ത മഴയുടെ അളവില്‍ എട്ടു ശതമാനത്തിന്റെ കുറവുണ്ട്. 20 ശതമാനം കുറവു വരെ ശരാശരിയുടെ കണക്കിലാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 62 ശതമാനത്തിന്റെ കുറവാണുണ്ടായിരുന്നത്.
കഴിഞ്ഞ വര്‍ഷം വരണ്ടുണങ്ങിയ കേരളം ഇത്തവണ കൊടുംവരള്‍ച്ചയെ അതിജീവിച്ചേക്കുമെന്നാണു കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം.

മുന്‍ വര്‍ഷത്തേതു പോലെ വയനാടാണ് ഇത്തവണയും മഴക്കുറവില്‍ മുന്നില്‍:- കാലവര്‍ഷത്തില്‍ 37 ശതമാനത്തിന്റെയും തുലാവര്‍ഷത്തില്‍ 50 ശതമാനത്തിന്റെയും കുറവാണ് അവിടെ. കാലവര്‍ഷം ശരാശരി പെയ്തിറങ്ങിയ പാലക്കാട്, കാസര്‍ഗോഡ് ജില്ലകളെയും തുലാവര്‍ഷം ചതിച്ചു. പാലക്കാട്ട് 58 ശതമാനവും കാസര്‍ഗോട്ട് 46 ശതമാനവുമാണു തുലാവര്‍ഷക്കുറവ്.

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ മഴ ലഭിച്ചതു പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ്. രണ്ടിടത്തും കാലവര്‍ഷം രണ്ടു ശതമാനം അധികം പെയ്തു. തുലാവര്‍ഷത്തില്‍ പത്തനംതിട്ടയില്‍ 45 ശതമാനത്തിന്റെയും കൊല്ലത്തു 42 ശതമാനത്തിന്റെയും വര്‍ധനയുണ്ടായി. കോട്ടയത്തും അധിക മഴ കിട്ടി.

തുലാവര്‍ഷക്കാലത്തുണ്ടായ ന്യൂനമര്‍ദങ്ങളും ഓഖിക്കു കൂട്ടായെത്തിയ മഴയുമാണു തെക്കന്‍ കേരളത്തിലെ മഴ വര്‍ധനയ്ക്കു കാരണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍ തുലാവര്‍ഷം അധികമായി പെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button