KeralaLatest NewsNews

കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷം : മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെട്ടു

തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ വിശദീകരണം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോടും സംസ്ഥാന പൊലീസ് മേധാവിയോടും ഗവര്‍ണര്‍ പി.സദാശിവം ആവശ്യപ്പെട്ടു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ എം.എല്‍.എ എന്നിവരുടെ നേതൃത്വത്തിലാണ് നേതാക്കള്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്.

ബി.ജെ.പി നേതാക്കള്‍ നല്‍കിയ പരാതി മേല്‍നടപടികള്‍ സ്വീകരിക്കുന്നതിനായി മുഖ്യമന്ത്രിക്ക് അയച്ചു കൊടുത്തതായി ഗവര്‍ണര്‍ അറിയിച്ചു. സംസ്ഥാനത്ത് ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് നേരെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ വ്യാപകമായ അക്രമങ്ങള്‍ നടക്കുകയാണെന്ന് ഇന്ന് ഗവര്‍ണറെ സന്ദര്‍ശിച്ച ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം 15 ബി.ജെ.പി, ആര്‍ എസ്‌എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.

സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു നേരെ 600 ല്‍ അധികം ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നൂറുകണക്കിനു പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കോടിക്കണക്കിനു രൂപയുടെ നാശം ഉണ്ടായി. നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് അനുസരിച്ച്‌ അക്രമ സംഭവങ്ങളുടെ കാര്യത്തില്‍ കേരളം മുന്നിലാണ്. തൃശൂര്‍, കോട്ടയം ജില്ലകളിലും സി.പി.എം അക്രമം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതി തടയാന്‍ ഗവര്‍ണര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നു പ്രതിനിധി സംഘം ആവശ്യപ്പെട്ടതായും കുമ്മനം പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിട്ട് കാര്യമില്ലാത്തതിനാലാണ് സംസ്ഥാനത്തിന്റെ ഭരണ തലവനായ ഗവര്‍ണറെ സമീപിച്ചതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. പിണറായി വിജയന്റെ ഭരണത്തില്‍ ഏകപക്ഷീയമായി ബി.ജെ.പി, ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. മട്ടന്നൂര്‍ അയല്ലൂര്‍ വായനശാലയില്‍ ഇരിക്കുകയായിരുന്ന ഡോ.സുധീര്‍, ശ്രീജിത്ത് എന്നിവരെയാണ് മാരകായുധങ്ങളുമായി ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button