Parayathe VayyaWriters' CornerUncategorizedSpecials

നിയമം സെലിബ്രിറ്റികളിലേക്ക് മാത്രം ഒതുങ്ങുമ്പോള്‍

നിയമം എന്നത് ജനതയെ ഒറ്റക്കെട്ടാക്കുന്ന നൂല്‍ച്ചരടാണ്. അത് എല്ലാവര്‍ക്കും ഒരുപോലെയാണ്. അല്ലാതെ പ്രശസ്തര്‍ക്ക് ഒരു നിയമം, രാഷ്ട്രീയക്കാര്‍ക്ക് മറ്റൊരു നിയമം എന്നൊന്നുമില്ല. എന്നാല്‍ കുറച്ചുനാളായി നമ്മുടെ സര്‍ക്കാരും പോലീസുമൊക്കെ ഈ വസ്തുത മറന്നുപോകുന്നതാണോ അതോ മനപ്പൂര്‍വം മറക്കുന്നതാണോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഇവിടെ ചോദ്യം ഉന്നയിക്കുന്നവരെ നമുക്ക് കുറ്റെപ്പെടുത്താനുമാകില്ല. കാരണം കുറച്ചുനാളായി നമുക്ക് ചുറ്റും പ്രത്യേകിച്ച് കേരളത്തില്‍ നടക്കുന്നത് വിവാദങ്ങളുയര്‍ത്തുന്ന സംഭവവികാസങ്ങളാണ്. മലയാള സിനിമാ മേഖലയാണ് ഇന്ന് വിവാദം സൃഷ്ടിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നതും. ഇവിടെ സര്‍ക്കാരിനെ മാത്രം കുറ്റം പറഞ്ഞാല്‍ അത് ഒട്ടും ന്യായമല്ലാത്ത കാര്യമായിപ്പോകും. സോഷ്യല്‍മീഡിയയും ഇത്തരം വിവാദങ്ങള്‍ക്ക് പ്രധാന കാരണമാകാറുണ്ട്.

മലയാളികള്‍ക്ക് ഒരു പ്രത്യേക സ്വഭാവമുണ്ട്. നമുക്ക് എപ്പോഴും സംസാരിക്കാന്‍ എന്തെങ്കിലുമൊക്കെ വിഷയങ്ങള്‍ വേണം. ഒരെണ്ണം കിട്ടുമ്പോള്‍ പഴയ വിഷയത്തെ നമ്മള്‍ പിന്നീട് ഓര്‍ക്കാറുകൂടിയില്ല. കഴിഞ്ഞ രണ്ടാഴ്ചയോളമായി സോഷ്യല്‍മീഡിയ ചര്‍ച്ചചെയ്യുന്ന വിഷയമാണ് പാര്‍വതിയുടേത്. കസബ എന്ന സിനിമയേയും നടന്‍ മമ്മൂട്ടിയേയും പാര്‍വതി അധിക്ഷേപിച്ചുന്നതാണ് വിഷയം. ഇതോടെ മമ്മൂട്ടി ഫാന്‍സെല്ലാം പാര്‍വതിക്ക് എതിരാവുകയും ചെയ്തു. പുതിയ രീതിയില്‍ പറഞ്ഞാല്‍ പാര്‍വതിക്കുനേരെ പൊങ്കാലയിട്ടു തുടങ്ങി. പൊങ്കാലയെന്നു പറഞ്ഞാല്‍ വെറും പൊങ്കാലയല്ല, മറിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും വരെയുണ്ടായി.

ഇതൊക്കെത്തന്നെ ഇന്നു എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഇനിയും ഉത്തരം കിട്ടാത്ത കുറച്ച് ചോദ്യങ്ങളുണ്ട്. എല്ലാവര്‍ക്കും അഭിപ്രായസ്വാതന്ത്ര്യമുള്ള നാടാണ് നമ്മുടേത്. അപ്പോള്‍ ഒരു സിനിമയെ കുറിച്ചും അഭിപ്രായം പറയാന്‍ നമുക്കവകാശമുണ്ട്. അപ്പോള്‍ പാര്‍വതി ചെയ്തതില്‍ എന്താണ് തെറ്റ്? അവരുടെ അഭിപ്രായം അവര്‍ തുറന്നു പറഞ്ഞു. എന്നാല്‍ ഇനി മറ്റൊരു ചോദ്യം. കസബയിലെ മഹാനടന്‍ എന്നാണ് പാര്‍വതി പറഞ്ഞത്. അത് മമ്മൂട്ടി തന്നെയാണ്. അതിന് പ്രത്യേകിച്ച് പേര് പറയേണ്ട കാര്യമൊന്നുമില്ല. സ്ത്രീ വിരുദ്ധ സിനിമകള്‍ തിരഞ്ഞെടുത്ത് അഭിനയിക്കുന്ന നടനല്ല മമ്മൂട്ടി. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍ ഏതായാലും അത് ഭംഗിയായി അവതരിപ്പിക്കുന്ന താരമാണ് അദ്ദേഹം. തന്നെയുമല്ല അദ്ദേഹത്തിന്റെ മറ്റൊരു സിനിമ പരിഗണിച്ചാല്‍, മൃഗയ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലെ വാറുണ്ണി എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെ കേരളം മാത്രമല്ല, രാജ്യം തന്നെ അംഗീകരിച്ചതാണ്. കൂടാതെ നിരവധി പുരസ്‌കാരങ്ങള്‍ മൃഗയ എന്ന സിനിമയിലെ അഭിനയത്തിന് മമ്മൂട്ടിക്ക് ലഭിച്ചിട്ടുണ്ട്. പാര്‍വതിയുടെ കണ്ണിലൂടെ നോക്കുകയാണെങ്കില്‍ കസബ മാത്രമല്ല മൃഗയയും കടുത്ത സ്ത്രീ വിരുദ്ധ സിനിമയാകുമല്ലോ? ഇതിനും കൃത്യമായ ഒരു മറുപടി കിട്ടേണ്ടതുണ്ട്. ഇതൊക്കെ കേവലം ഒരു സാധാരണക്കാരന്റെ മാത്രം ചോദ്യമായി വേണം കണക്കാക്കാന്‍.

സത്യത്തില്‍ ഇവിടെ ഇരട്ടത്താപ്പ് കളിക്കുന്നതാരാണ്. ഇനി ഒരു ചോദ്യവുംകൂടി ഉന്നയിച്ചോട്ടെ, കേരളത്തില്‍ നിന്നു മാത്രം നിരവധിപേര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കുന്നുണ്ട്. അതില്‍ എത്രയെണ്ണം പോലീസ് കണ്ടുപിടിച്ചു. നമുക്ക് തന്നെ കുറേപ്പേരുടെ അവസ്ഥകളിറിയാം. സൈബര്‍സെല്ലില്‍ പരാതി നല്‍കിയിട്ടും ഇപ്പോള്‍ പോലീസ് കാണിച്ച ശുഷ്‌കാന്തിയൊന്നും ഒരു പോലീസും ഇതുവരെ കാണിച്ചിട്ടില്ല. ഏതൊ ഒരു സിനിമയിലെ ‘ഫലഭൂയിഷ്ടമായ എണ്ണപ്പാടം കണ്ടിട്ടുതന്നെയാണ് ഈ ശുഷ്‌കാന്തി എന്നു ഞങ്ങള്‍ക്കറിയാം’ എന്ന ഡയലോഗ് പോലെ എന്ത് കണ്ടിട്ടാണ് പോലീസിന് ഇത്തരം കേസുകളോട്ട് ഇത്തരം ശുഷ്‌കാന്തിയെന്ന് ഇവിടുത്തെ ഒരോ ചെറിയ കുട്ടികള്‍ക്ക് വരെ അറിയാം.

എല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്ന ഒരു പട്ടമാണല്ലോ ‘പബ്ലിസിറ്റി’. ഒരു സാധാരണ കേസന്വേഷിക്കുമ്പോള്‍ പോലീസിന് കിട്ടാത്ത പബ്ലിസിറ്റി ഇത്തരം കേസുകളിലൂടെ അവര്‍ക്ക് ലഭിക്കുന്നുണ്ട്. പാവപ്പെട്ട നിരവധി സ്ത്രീകളെ സോഷ്യല്‍ മീഡിയയിലൂടെ പിച്ചിച്ചീന്തിയവര്‍ക്കെതിരെ എത്രയോ പരാതികള്‍ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ ദിവസവും വരുന്നുണ്ടെന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? കേസ് പരിഗണിക്കാം എന്ന് പറഞ്ഞ് പലരെയും മടക്കി അയച്ചപ്പോള്‍ പോലീസ് ഏമാന്‍മാരുടെ ശുഷ്‌കാന്തിയെ എവിടെ ഒളിപ്പിച്ചുവെച്ചിരുന്നു. എന്നാല്‍ ഈ ന്യായങ്ങളെല്ലാം കാറ്റില്‍പ്പറത്തി നടി പാര്‍വതിയുടെ കേസില്‍ നടപടിയെടുത്തപ്പോള്‍ ഏമാന്‍മാര്‍ക്ക് ഒന്ന് തെറ്റി.പാവപ്പെട്ടവരുടെ കാര്യം പൊക്കിപ്പിടിച്ച് ആരും രംഗത്ത് വരില്ലെന്ന് വിചാരിച്ചെങ്കില്‍ ഒന്ന് തുറന്ന് പറയട്ടെ, ഏത് വ്യക്തി നല്‍കിയാലും അതില്‍ അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിക്കേണ്ട ബാധ്യത പൊലീസിനുണ്ട്. പാര്‍വതിക്ക് നേരെ വ്യക്തിഹത്യ നടത്തിയവര്‍ക്കെതിരെ തീര്‍ച്ചയായും ഒരു വിട്ടുവീഴ്ചയുമില്ലാതെ നടപടി സ്വീകരിക്കണം. അതുപോലെ തന്നെ ഇതിനേക്കാള്‍ ക്രൂരമായി അപമാനിക്കപ്പെടുന്ന മറ്റ് സ്ത്രീകളുടെ കാര്യത്തിലും ഇത്തരം നടപടികള്‍ തന്നെ വേണം.

ഇവിടെ കണ്ണീരോടെ വിലപിച്ച് എത്രയോ സ്ത്രീകള്‍ സൈബര്‍ ആക്രമണത്തിനെതിരെ പരസ്യമായി സോഷ്യല്‍ മീഡിയയിലുടെ നേരിട്ട് തന്നെ രംഗത്ത് വന്നിട്ടുണ്ട്. അന്നൊന്നും പൊലീസിന്റെ ഈ അന്വേഷണ ജാഗ്രത കേരളം കണ്ടിട്ടില്ല. സ്ത്രീത്വത്തെ അപമാനിച്ചതിന് പൊലീസിന് ഇത്തരം സംഭവങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും സ്വമേധയാ കേസെടുക്കാമായിരുന്നല്ലോ? എന്നിട്ടും പോലീസ് ഏമാന്‍മാര്‍ അത് ചെയ്തില്ലല്ലോ? അതിനും നിങ്ങള്‍ ഉത്തരം നല്‍കിയേ തീരു. ഒരു സംശയം, നിങ്ങള്‍ കാക്കിയണിയുന്നത് ആരെ പ്രീതിപ്പെടുത്താന്‍വേണ്ടിയാണ്? നിങ്ങള്‍ സംരക്ഷണം നല്‍കേണ്ടത് സാധാരണ ജനങ്ങള്‍ക്കാണ് എന്ന പച്ചപ്പരമാര്‍ത്ഥം എന്തുകൊണ്ട് നിങ്ങള്‍ മറന്നുപോകുന്നു. പോലീസ് ഇത്തരത്തില്‍ ഇരട്ടത്താപ്പ് കളിക്കുന്നത് ആദ്യത്തെ കേസിലൊന്നുമല്ല.

പ്രമുഖ നടിയെ കൊച്ചയില്‍ ഓടുന്ന കാറിനുള്ളില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തിരുന്നു. എത്രവേഗമാണ് ആ കേസില്‍ പോലീസ് മുന്നേറിക്കൊണ്ടിരുന്നത്. എന്തൊരു ജാഗ്രതയായിരുന്നു അന്നു കണ്ടത്. എന്നാല്‍ അതിന്റെ പകുതി പ്രയത്‌നം പോലും സൗമ്യകേസില്‍ നിങ്ങള്‍ പരിഗണിക്കാതിരുന്നതെന്താണ്? 2011 ഫെബ്രുവരി ഒന്നിന് നടന്ന സൗമ്യ കേസില്‍ പോലീസ് നീങ്ങിയത് ഒച്ച് ഇഴയുന്നതിനേക്കാള്‍ പതുക്കെ ആയിരുന്നു എന്ന കാര്യത്തില്‍ ഒട്ടും ആലോചിക്കാതെ തന്നെ പറയാം. അവിടെയും അപമാനിക്കപ്പെട്ടതും വിലപ്പെട്ട ജീവന്‍ നഷ്ടമായതും പാര്‍വതിയെ പോലെയുള്ള ഒരു പെണ്ണിനായിരുന്നു. അത് പോലീസുകാര്‍ എന്തുകൊണ്ട് മനസിലാക്കിയില്ല. ഓ…. സൗമ്യ സെലിബ്രിറ്റിയല്ലല്ലോ അല്ലേ? ഇത് തുറന്നുകാട്ടുവാന്‍ ഒന്നല്ല, മറിച്ച് ഒട്ടനവധി സംഭവങ്ങള്‍ ഉണ്ട്.

പാര്‍വതിയുടെ വിഷയത്തില്‍ സത്യത്തില്‍ ആരുടെ ഭാഗത്താണ് തെറ്റ്. എല്ലാവരും ഒരോരുത്തരെയും പഴിചാരുമ്പോള്‍ ഒരു പക്ഷേ മാധ്യമങ്ങളും തലകുനിക്കേണ്ടി വരും. കാരണം മാധ്യമങ്ങള്‍ സത്യം വളച്ചൊടിക്കുന്നത് കാരണം പ്രശ്‌നങ്ങള്‍ നേരിടുന്നത് ഒന്നല്ല ഒരുപാട് പേരാണ്. ഇനി ഒന്നുകൂടി ചോദിച്ചോട്ടെ എല്ലാവര്‍ക്കും അഭിപ്രായം പറയാം. എന്നാല്‍ അതിനെ ഇങ്ങനെ വിമര്‍ശിക്കുന്ന ആരാധകര്‍ ഒന്നോര്‍ക്കണം, നിങ്ങളുടെ അമ്മയേയും സഹോദരിയേയും പലെയുള്ള ഒരു പെണ്ണാണ് പാര്‍വതിയും. സിനിമയെ വിമര്‍ശിക്കാനും അത് തുറന്നു പറയനും എല്ലാവര്‍ക്കും അവകാശമുണ്ട്. അല്ലാതെ ഫാന്‍സ് ആണെന്ന് കരുടെ ആരെയും വ്യക്തിഹത്യ ചെയ്യാനുള്ള അവകാശം ആര്‍ക്കുമില്ല. നടീ നടന്‍മാരോട് ആരാധനയാകാം എന്നാല്‍ അത് ഒരിക്കലും മറ്റുള്ളവരെ ബാധിക്കുന്ന തരത്തിലാകരുത്. സിനിമയെ സ്ത്രീപക്ഷമെന്നോ പുരുഷപക്ഷമെന്നോ നോക്കിയിട്ടല്ല ആളുകള്‍ സിനിമ കാണാന്‍ പോകുന്നത്. അതുകൊണ്ട് തന്നെ അവര്‍ സിനിമകള്‍ നല്ലതാണെങ്കില്‍ നല്ലതാണെന്നും അല്ലെങ്കില്‍ അല്ലെന്നും വിമര്‍ശിക്കാനുള്ള അവകാശമുണ്ട്. എവന്നാല്‍ ഫാന്‍സ് എന്ന കിരീടവും ചൂടി അവരെ വിമര്‍ശിക്കുമ്പോള്‍ ആ വിമര്‍ശനത്തില്‍ മാന്യത പുലര്‍ത്താന്‍ വിമര്‍ശകരും തയ്യാറാകണം. എന്നാല്‍ പലരും ഇക്കാര്യത്തില്‍ അമിത താരാരാധന കാട്ടി എടുത്ത് ചാടിയത് ശരിയായില്ല.

അതേസമയം മാത്തുകുട്ടിയുടെ ഒരു പരിപാടിയില്‍ സ്ത്രീയെ ഉദ്ധരിക്കാന്‍ ഒരു കുഴല് വെച്ച് ഊതി പുക വിടുന്ന രംഗമുണ്ടായിരുന്നല്ലോ? അതിന്റെ പുകയും ഊതി വിട്ട് ബുദ്ധിയും ഗുഡ്ക്കയും നല്ല കോംബിനേഷന്‍ ആണന്ന് പറഞ്ഞ ആ ആള് തന്നെ ഈ സ്ത്രീ വിരുദ്ധത എന്ന് വിളിച്ചുകൂവുമ്പോള്‍ സത്യം പറഞ്ഞാല്‍ ഒട്ടും ബഹുമാനമല്ല, മറിച്ച് വെറും പുച്ഛം മാത്രമാണ് തോന്നുന്നത്. കൂടാതെ കുടുംബവുമായി സിനിമ കാണാന്‍ വരുന്ന സ്ത്രീകള്‍ക്ക് മുന്നിലേക്ക് എത്രയോ നടിമാര്‍ എത്രയോ വട്ടം എത്രയോ സിനിമകളില്‍ സ്വയം തുണി ഉരിഞ്ഞു കളഞ്ഞ് കോപ്രായം കാണിച്ചിട്ടുണ്ട്. ഈയിടെ സ്ത്രീ വിരുദ്ധത എന്ന് വിളിച്ചുകൂവിയ പാര്‍വതി പോലും അങ്ങ് ഹിന്ദിയില്‍ പോയി ഒരു ഉളുപ്പും ഇല്ലാതെ ഒരു ബഡ്ഷീറ്റും ആയി നിന്നില്ലോ. പാര്‍വതിയും ഇര്‍ഫാന്‍ ഖാനുമായുള്ള അഭിമുഖത്തില്‍ ഇതേ പാര്‍വതിയുടെ മുഖത്ത് നോക്കിയല്ലേ ഇര്‍ഫാന്‍ ഖാന്‍ ചോദിച്ചത് ‘malayali womens hot in bed’ ഈ ചോദ്യത്തില്‍ എന്നെപ്പോലത്തെ എല്ലാ മലയാളി സ്ത്രീകളെയും അപമാനിച്ച് കൊണ്ടല്ലേ അയാള്‍ സംസാരിച്ചത്. അപ്പോള്‍ പാര്‍വതിയുടെ ഉള്ളില്‍ ഉള്ള ഫെമിനിസ്റ്റ് എവിടെ പോയി..? തമിഴില്‍ പോയി ധനുഷുമായി ലിപ്ലോക്ക് ചെയ്തതൊന്നും സ്ത്രീ വിരുദ്ധത ആകില്ലേ….

സിനിമയെ വെറും സിന്മയായി മാത്രം കാണാനുള്ള കഴിവാണ് ആദ്യം നമുക്ക് വേണ്ടത്. സിനിമയെ സ്വന്തം ജീവിതവുമായി ബന്ധപ്പെടുത്തുമ്പോഴാണ് അത് ഗുരുതര പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്. സിനിമ നമുക്ക് ആസ്വദിക്കാനുള്ളതാണ്. അല്ലാതെ അതിനെ വെറും ലോജിക്കിന്റെ കാര്യത്തില്‍ മാത്രം വിലയിരുത്തുമ്പോള്‍ ഇങ്ങനെയുള്ള പ്രശ്‌നങ്ങളും നേരിടേണ്ടിവരും. തെറ്റാണ്…..എല്ലാം തെറ്റാണ്, അത് പക്ഷേ എല്ലാവരുടെയും ഭാഗത്തുമുണ്ടെന്ന കാര്യം പരിഗണിച്ചാല്‍ തീരുന്ന പ്രശാനമാണ് നമ്മള്‍ വലിയ പല തട്ടിലേക്കും വലിച്ചിഴക്കുന്നത്. ഒരു കാര്യം കൂടി സിനിമ കാണുേേമ്പാള്‍ സ്ത്രീപക്ഷ സിനിമ എന്നും പുരുഷപക്ഷ സിനിമ എന്നുമൊക്കെ തരംതിരിക്കുമ്പോള്‍ നമ്മള്‍ മസലുകൊണ്ട് അംഗീകരിച്ച പല സിനിമകളും അതില്‍ ഉള്‍പ്പെടുമെന്ന കാര്യം കൂടി നാം ഓര്‍ക്കണം…പല രാജ്യങ്ങളും പുതിയ കണ്ടുപിടുത്തങ്ങളെ കുറിച്ച് തലപുകഞ്ഞാലോചിക്കുമ്പോള്‍ നമ്മള്‍ ഇവിടെ വെറും നിസാര കാര്യങ്ങള്‍ പറഞ്ഞ് തമ്മില്‍ അടിയുണ്ടാക്കിയും വിമര്‍ശിച്ചും നടക്കുന്നു…..

ത്രിലോകിതാ മേനോന്‍

 

shortlink

Related Articles

Post Your Comments

Related Articles


Back to top button