Latest NewsEditorialSpecials

ആവിഷ്കാര സ്വാതന്ത്ര്യവാദികളുടെ ഇരട്ടമുഖം വെളിപ്പെടുമ്പോള്‍

ഇന്ന് നമ്മുടെ സമൂഹം വലിയതോതില്‍ ചര്‍ച്ച ചെയ്യുന്ന ഒന്നാണ് ആവിഷ്കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും. ഒരു ചിത്രത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ നടി പാര്‍വതിയ്ക്ക് നേരെ നടന്ന സൈബര്‍ ആക്രമണം നമ്മള്‍ കണ്ടു കഴിഞ്ഞു. ഈ വിഷത്തില്‍ ഒന്നിലധികം പേര്‍ അറസ്റ്റില്‍ ആകുകയും ചെയ്തു. ഇത് കൂടാതെ മുഖ്യ മന്ത്രിയെ അപഹസിച്ചത്തിന്റെ പേരിലും മറ്റും പലപ്പോഴും ആളുകള്‍ അറസ്റ്റില്‍ ആയിട്ടുണ്ട്. ഓര്‍മ്മയില്ലേ ഫേസ് ബുക്ക് പോസ്റ്റിന്റെ പേരില്‍ ആദ്യമായി ഇന്തയില്‍ ഒരാള്‍ അറസ്റ്റിലായ സംഭവം. അന്ന് മലയാളികള്‍ അതിനെതിരെ സംഘടിച്ചു. ശക്തമായി അപലപിച്ചു. തങ്ങളുടെ പ്രതിഷേധം അറിയിച്ചു. എന്നാല്‍ അഭിപ്രായ സ്വാതന്ത്യത്തിന്റെ പേരില്‍ നാട്ടില്‍ ദിനംപ്രതി ആളുകള്‍ അറസ്റ്റിലാകുകയാണ്.

അഭിപ്രായ പ്രകടനങ്ങളുടെ പേരില്‍ നിരവധി മലയാളികള്‍ ഇടതു സര്‍ക്കാറിന്റെ കാലത്ത് അറസ്റ്റിലാകുമ്പോള്‍ ആര്‍ക്കും ഒന്നും മിണ്ടാനില്ല. പൊതുവേ സ്വതന്ത്രമായി അഭിപ്രായം പറയാന്‍ എല്ലാവരെയും പ്രേരിപ്പിക്കുന്ന വ്യക്തിയാണ് കേരള സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. എന്നാല്‍, അദ്ദേഹവും ഇപ്പോള്‍ വിമര്‍ശനം സഹിക്കാന്‍ കൂട്ടാക്കാത്ത വ്യക്തികളുടെ കൂടെയായോ? ഈ സംശയം ന്യായമാണ്. കാരണം കഴിഞ്ഞ ദിവസം സ്പീക്കറെ വിമര്‍ശിച്ചതിന്റെ പേരില്‍ ഒരു യുവാവ് അറസ്റ്റിലായിരിക്കുകയാണ് . സ്പീക്കറും പൊന്നാനി എംഎ‍ല്‍എയുമായ പി. ശ്രീരാമകൃഷ്ണനെ വാട്സ്‌ആപ് ഗ്രൂപ്പ് വഴി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് യുവാവിനെ പൊലീസ് അറസ്റ്റുചെയ്തത്. അഴീക്കല്‍ സ്വദേശി കുഞ്ഞിരായിന്‍ കുട്ടിക്കാനകത്ത് അല്‍അമീന്‍ (32) നെയാണ് പൊന്നാനി എസ്.ഐ. കെ. നൗഫല്‍ അറസ്റ്റുചെയ്തത്.

ഓഖി ദുരന്തമുണ്ടായ സമയത്ത് ശ്രീരാമകൃഷ്ണന്‍ പൊന്നാനി തീരദേശമേഖല സന്ദര്‍ശിച്ചില്ലെന്നാരോപിച്ച്‌ സമൂഹമാധ്യമങ്ങള്‍വഴി അശ്ലീലച്ചുവയുള്ള സംഭാഷണങ്ങള്‍ പ്രചരിപ്പിക്കുകയും അപമാനിക്കുകയുംചെയ്ത കേസിലാണ് അല്‍അമീനെ അറസ്റ്റുചെയ്തത്. സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി മനോഹരന്‍ നായര്‍ പൊന്നാനി സിഐ സണ്ണി ചാക്കോയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ അല്‍അമീനെ ജാമ്യത്തില്‍ വിട്ടയച്ചു.

എന്തേ മറ്റുള്ളവരുടെ വിമര്‍ശങ്ങള്‍ ആരോഗ്യപൂര്‍ണ്ണമായ സംവാദമായി കാണണമെന്നു പലപ്പോഴും അഭിപ്രായപ്പെടുകയും അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി സംസാരിക്കുകയും ചെയ്യുന്ന സ്പീക്കര്‍ സ്വന്തം കാര്യം വന്നപ്പോള്‍ ഈ അഭിപ്രായ സ്വാതന്ത്ര്യം ഓര്‍ത്തില്ലേ? അതോ മുഖ്യമന്ത്രിയെ വിമര്‍ശിക്കാം തന്നെ വിമര്‍ശിക്കാന്‍ പാടില്ല എന്നായോ?. വല്ലവന്റെയും കാര്യം വരുമ്പോള്‍ അഭിപ്രായം ശക്തമായി പറയുകയും മറ്റുള്ളവരുടെ ജനാധിപത്യ മൂല്യങ്ങളും അവകാശ ബോധങ്ങളും ഘോരഘോരം പ്രസംഗിക്കുകയും ചെയ്യുന്നവരില്‍ പലരും സ്വന്തം കാര്യം വരുമ്പോള്‍ അത് മറക്കുന്നത് നമ്മള്‍ കാണുകയാണ്. അത് തന്നെ അല്ലെ ഇവിടെയും നടന്നത്.

വിമര്‍ശനങ്ങള്‍ സഹിക്കാന്‍ കഴിയാത്ത ഒരു സമൂഹമായി നമ്മള്‍ മാറിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ തങ്ങളെ വിമര്‍ശിക്കാന്‍ പാടില്ലയെന്ന ചിന്തയാണ് ഇവരില്‍ പലരും വച്ച് പുലര്‍ത്തുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനു കൈവിലങ്ങിടുന്നവര്‍ തന്നെ ആവിഷ്കാര സ്വാതന്ത്ര്യത്തിനായി മുറവിളി നടത്തിയതും മെഴുകുതിരി കത്തിച്ചു പ്രതിഷേധ ജ്വാല ഉയര്‍ത്താന്‍ മുന്നില്‍ നിന്നതെന്നും ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു. ഇത് പറയുമ്പോള്‍ വ്യക്തിപരമായി ഒരാളെ അസഭ്യ വര്‍ഷത്തിലൂടെ അപസ്മാനിക്കുന്നതിനെ ന്യായീകരിക്കുന്നു എന്ന് ചിന്തിക്കേണ്ടതില്ല. വിമര്‍ശങ്ങള്‍ വ്യക്തി ഹത്യയും അസഭ്യ വര്‍ഷവും ആകുന്നത് ശരിയല്ല.

എന്നാല്‍ ഇന്നിവിടെ നടക്കുന്നത് അതല്ല. വിമര്‍ശനത്തിനു അതീതരാണ് തങ്ങളെന്ന ചിന്തയാണ് ഭരണകര്‍ത്താക്കള്‍ക്കുള്ളത്. അത് നല്ലതല്ല. ചെയ്യുന്ന പ്രവര്‍ത്തിയില്‍ കാണുന്ന തെറ്റുകള്‍ ചൂണ്ടികാണിക്കുന്നതിനെ അംഗീകരിക്കാന്‍ കഴിയണം. അതാണ്‌ വേണ്ടത്. ആരോഗ്യപരമായി വിമര്‍ശിക്കുകയും അതിനെ ആ കാഴ്ച്ചപ്പാടില്‍ ഉള്‍ക്കൊള്ളുകയും വേണം. എങ്കില്‍ മാത്രമേ ജനാധിപത്യ മൂല്യങ്ങളില്‍ ശക്തമായ സംവാദങ്ങള്‍ ഉണ്ടാകുകയും അതിലൂടെ രാജ്യത്തിനും നാടിനും ആവശ്യമായ പുരോഗമന ചിന്തകള്‍ വളരുകയും ചെയ്യുകയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button