Latest NewsWeekened GetawaysNewsNorth IndiaIndia Tourism SpotsTravel

സഞ്ചാര വിശേഷങ്ങൾ: അസ്തമയ സൂര്യൻ അണിയിച്ചൊരുക്കിയ “താജ് മഹൽ”

ശിവാനി ശേഖര്‍

ശിശിരം പുതപ്പിച്ച കമ്പളമണിഞ്ഞ് ചൂളി നില്ക്കുന്ന ഒരു ജനുവരിപ്പകലിലാണ് ഞങ്ങൾ”താജ്മഹൽ” ന്റെ മണ്ണിലേക്ക് കാലു കുത്തിയത്!വായനയിലൂടെയും, ചിത്രങ്ങളിലൂടെയും മനസ്സിന്റെ ഇടനാഴികളെ ത്രസിപ്പിച്ചിരുന്ന ഒരു സ്വപ്നത്തിന്റെ സാക്ഷാത്ക്കാരം കൂടിയായിരുന്നു ഈ യാത്ര! പുറപ്പെട്ടപ്പോൾ മുതൽ “മുംതാസ് മഹൽ എന്ന അതിസുന്ദരിയായ ബീഗവും അവരെ പ്രാണനായി കണ്ടിരുന്ന ഷാജഹാൻ ചക്രവർത്തിയും, വിസ്മയങ്ങൾ ഒളിപ്പിച്ചു വെച്ച മഹലും എന്റെ സഹയാത്രികരായി!

ലോകത്തെ വിസ്മയിപ്പിച്ച മഹാത്ഭുതങ്ങളിൽ ഒന്ന് സ്ഥിതി ചെയ്യുന്ന” ആഗ്ര” എന്ന നഗരിയിലേക്ക് വികസനത്തിന്റ വഴിവിളക്കുകൾ മങ്ങിയാണ് കത്തുന്നുന്നതെന്ന യാഥാർത്ഥ്യം വളരെയേറെ നിരാശപ്പെടുത്തി!എങ്ങും പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷം.പഴമയുടെ കറുപ്പണിഞ്ഞ കെട്ടിടങ്ങൾ ചരിത്രമാവാൻ വെമ്പി നില്ക്കുന്നു! എങ്കിലും വെണ്ണക്കല്ലിൽ കൊത്തിയ പ്രണയകുടീരത്തിന്റെ ചാരുതയിൽ ഈ കുറവുകളെ ല്ലാം നിഷ്:പ്രഭമായി.

പാർക്കിംഗ് ഏരിയയിൽ നിന്ന് അല്പദൂരം നടക്കാനുണ്ട് താജ്മഹലിലേക്ക്.പൊടിപടലങ്ങളുടെ ആവരണം ഈ മനോഹര സൗധത്തെ കളങ്കപ്പെടുത്താതിരിക്കുവാനുള്ള മുൻകരുതലെന്നോണമാണ് പാർക്കിംഗ് ദൂരം നിശ്ചയിച്ചിരിക്കുന്നത്..പുറത്ത് ശൈത്യം കൊടുമ്പിരി കൊള്ളുമ്പോൾ ഇഞ്ചിയിട്ട് നന്നായി തിളപ്പിച്ചെടുത്ത ചായ വാങ്ങി ഊതിക്കുടിച്ചു കൊണ്ട് ഞങ്ങൾ പതിയെ നടന്നു തുടങ്ങി!

എൻട്രി ടിക്കറ്റെടുത്ത്,ചെക്കിങ്ങ് കഴിഞ്ഞ് അകത്തേക്ക് കയറുമ്പോൾ മദ്ധ്യാഹ്ന സൂര്യൻ തന്റെ സ്വർണ്ണപ്പരവതാനി വിരിച്ച് അതിഥികളെ വരവേല്ക്കാൻ ഒരുങ്ങി നില്പുണ്ടായിരുന്നു! അതിശൈത്യം അസ്ഥികളെപ്പോലും വിറങ്ങലിക്കുമ്പോൾ ഹാ! അർക്കന്റെ വരദാനമായിരുന്നു ആ വെയിൽ നാളങ്ങൾ!

(ഇങ്ങനെയുള്ള യാത്രകൾക്ക് തണുപ്പുകാലമാണ് അനുയോജ്യം.ഉച്ചിയിൽ വെയിൽ തട്ടിയാലും സുഖമുള്ള അനുഭവമായി മാറും..നടന്നു മടുക്കുകയുമില്ല)

ഏക്കറുകളിൽ നീണ്ട് പരന്ന് കിടക്കുന്ന വിശാലമായ ഉദ്യാനം! ഇരുവശങ്ങളിലുമായി പള്ളിയും അതിഥി മന്ദിരവും.കോൺക്രീറ്റ് മതിലുകളുടെ സുരക്ഷാ കവചം.കാലുകൾക്ക് വേഗത പോരാ, എന്നൊരു തോന്നൽ!കണ്ടു നടന്ന കാഴ്ച്ചകൾക്കൊടുവിൽ വെണ്ണക്കൽ ദൃശ്യങ്ങൾ അവിടവിടെയായി കണ്ടു തുടങ്ങി.അപ്പോഴേക്കും മനസ്സ് പിടി വിട്ടു പോയിരുന്നു.കൺമുന്നിൽ കാണുന്നതെല്ലാം” മുംതാസും ഷാജഹാനുമാണെന്നൊരു തോന്നൽ” മനസ്സേ അടങ്ങുക! ഒരു പക്ഷേ അവിടെയെത്തുവരുടെ കരളിൽ പ്രണയത്തിന്റെ പവിഴമുത്തുകൾ പൊഴിച്ച് ഷാജഹാനും പ്രണയിനിയും ചെറു ചിരിയോടെ ഉലാത്തുന്നുണ്ടാവാം!

ജലധാരകൾ മത്സരിച്ച് വഴിയൊരുക്കുന്ന താജ്മഹൽ എന്ന മഹാവിസ്മയത്തെ കൈവിരൽത്തുമ്പിൽ നിർത്തിയ പോലെ നിരവധി ഫോട്ടോ പോസുകൾ തകൃതിയായി നടക്കുന്നു.

(മുഗൾ ചക്രവർത്തി ഷാജഹാൻ തന്റെ പ്രിയപ്പെട്ട ബീഗം മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണി കഴിപ്പിച്ച സ്മാരകം! ഇന്ത്യയിലേയും ഏഷ്യയിലേയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാധനസാമഗ്രികളും 20000 ൽ പരം കലാകാരന്മാരുടെ നീണ്ട ഇരുപത്തിരണ്ട് വർഷങ്ങൾ ഹോമിച്ചതിലൂടെയുമാണ് ഈ സ്വപ്നകുടീരം അതിന്റെ പൂർണ്ണതയിലെത്തുന്നത്.അതിന് ശേഷം ഈ കലാകാരന്മാരുടെ വിരലുകൾ അറുത്തു മാറ്റിയെന്ന ദുഃഖസത്യവും ഇതിന്സ്വന്തം!

വെണ്ണക്കല്ലിന്റെ വശ്യതയും അമൂല്യ രത്നങ്ങളുടെ ചാരുതയും അഴകു പകരുന്ന ഈ സ്മാരകത്തിന്റെ അകത്തും പുറത്തുമുള്ള ഭിത്തികളിൽ വിശുദ്ധ ഖുർആൻ ലെയും പേർഷ്യൻ കവിതകളിലെയും ശകലങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു.ഇസ്ലാമിക് വാസ്തുവിദ്യാ വിദഗ്ദ്ധൻ”ഉസ്താദ് ഈസയും, ഉസ്താദ് അഹമ്മദ് ലാഹോറിയുടെയും മേൽനോട്ടത്തിൽ പണി പൂർത്തിയാക്കിയ ഈ പ്രണയകുടീരത്തിനുള്ളിൽ മുംതാസും, ഷാജഹാനും അന്ത്യവിശ്രമം കൊള്ളുന്നു.താമരയുടെ ആകൃതിയിലുള്ള താഴികക്കുടങ്ങളും മിനാരങ്ങളുമൊക്കെയുള്ള താജ്മഹലിനെ ” ഇസ്ലാമിക് വാസ്തുവിദ്യയുടെ കിരീടത്തിലെ അമൂല്യരത്നം” എന്നാണ് UNESCO world Heritage വിശേഷിപ്പിക്കുന്നത്! പിൻവശത്ത് തെളിഞ്ഞൊഴുകുന്ന യമുന ശാന്തമായി ഒഴുകുന്നു.നദിയുടെ അങ്ങേക്കരയിൽ കറുത്ത മാർബിളിൽ മറ്റൊരു കുടീരം നിർമ്മിക്കാൻ ഷാജഹാൻ പദ്ധതിയിട്ടുവെന്നും, താജ്മഹലിന്റെ പണി പൂർത്തിയായതും അദ്ദേഹത്തിന്റെ മകൻ ഔറംഗസേബ്, ആഗ്രഫോർട്ടിനടുത്ത് തുറങ്കലിലടച്ചുവെന്നും ചരിത്രരേഖകൾ സൂചിപ്പിക്കുന്നു.)

Taj-Mahal-India“ഇന്ത്യയുടെ കവിളിലെ കണ്ണുനീർത്തുള്ളി”എന്ന് മഹാനായ ടാഗോർ വിശേഷിപ്പിച്ച താജ്മഹലിന്റെ അകത്തളങ്ങളിലേയ്ക്ക് കാലെടുത്തു വയ്ക്കുമ്പോൾ ചുറ്റിലും വിവിധ ചിന്തകൾ പേറിയ കുതിരക്കുളമ്പടി നാദങ്ങൾ കടന്നു പോയി! ശരീരമാകെ യൊരു കുളിര് മൂടുന്ന പോലെ.പ്രണയമിഥുനങ്ങൾ സർവ്വം മറന്ന്, ആരെയും ശ്രദ്ധിക്കാതെ,ശല്യപ്പെടുത്താതെ തങ്ങളിലേയ്ക്ക് മാത്രമമൊതുങ്ങി! സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത!എത്ര നേരം അതിനുള്ളിൽ ചിലവഴിച്ചുവെന്ന് ഓർമ്മയില്ല.ഒടുവിൽ നേരം സന്ധ്യയോടടുക്കുന്നു എന്ന വെളിപാടിലാണ് പുറത്തേക്കിറങ്ങിയത്.പുറക് ഭാഗത്തേക്ക് നീങ്ങി യമുനയുടെ കുളിർകാറ്റിലലിഞ്ഞ് കുറച്ച് നേരം അവിടെയിരുന്നു.തീർത്തും ശാന്തമായ പകൽ സന്ധ്യയുടെ വിരിമാറിലേയ്ക്ക് ചാഞ്ഞു തുടങ്ങിയിരുന്നു.അപ്പോഴാണ് ആ കാഴ്ച്ച കണ്ടത്.പടിഞ്ഞാറൻ കിളിവാതിലിലൂടെ മറയാനൊരുങ്ങുന്നതിന് മുൻപ് സൂര്യതേജസ്സ് താജ്മഹലിന്റെ നെറുകയിൽ ഒരു മുത്തം പകർന്നു! അവളുടെ മുഖമാകെ ചുവന്നു തുടുത്തു!ഒരു നവോഢയെപ്പോലെ ചെങ്കതിരിൽ കുളിച്ചു നിന്നു!ആ സുന്ദര മുഹൂർത്തത്തിന് സാക്ഷിയായി ഞങ്ങളും!

Note:::: ഡെൽഹിയിൽ നിന്നും ആഗ്രയിലേക്ക് ബസ്, ട്രെയിൻ, ടാക്സി സർവീസുകൾ ലഭ്യമാണ്.15 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.ഇന്ത്യൻ പൗരന് പ്രവേശനഫീസ് ₹40
വിദേശികൾക്ക് ₹1000
ടിക്കറ്റുകൾ ഓൺലൈൻ വഴിയും ലഭ്യമാണ്.
ഇപ്പോൾ പുതിയൊരു നിയമം വന്നിരിക്കുന്നത് എത്തുന്ന സമയം മുതൽ 3 മണിക്കൂർ മാത്രമേ അവിടെ ചിലവഴിക്കാൻ പാടുള്ളൂ എന്നതാണ്! തിരക്ക് നിയന്ത്രിക്കാനാണ് പുതിയ പരിഷ്ക്കാരം.
“Adopt A Heritage” എന്ന ഗവൺമെന്റ് സ്കീമിന്റെ കീഴിൽ ITC LTD.എന്ന Consumer product& cigarette company യും GMR Group എന്ന കമ്പനിയും ഇതിന്റെ സംരക്ഷണത്തിനായി മത്സരിക്കുന്നു.എങ്കിലും ഭരണാവകാശം Ministry of Tourism ത്തിന്റെ കീഴിലായിരിക്കും.

Tags

Post Your Comments

Related Articles


Back to top button
Close
Close