Article

ഹുറിയത് വിഘടനവാദി നേതാക്കളുമായി കേന്ദ്രത്തിന്റെ ചര്‍ച്ച നല്‍കുന്ന സന്ദേശം, കാശ്മീര്‍ വിഷയത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെവിഎസ് ഹരിദാസിന്റെ വിശകലനം

ജമ്മു കാശ്മീരിലെ വിഘടനവാദ ഗ്രൂപ്പുകളുമായി, ഹുറിയത് കോണ്‍ഫറന്‍സുമായി, ചര്‍ച്ചക്ക് തയ്യാറാണ് എന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് ശ്രദ്ധിക്കപ്പെടേണ്ടുന്ന ഒന്നാണ്. അത് പെട്ടെന്നെടുത്ത ഒരു തീരുമാനമായി കാണേണ്ടതില്ല. കാശ്മീര്‍ അടക്കമുള്ള പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി നരേന്ദ്ര മോഡി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന വിവിധ തലങ്ങളിലുള്ള നടപടികളില്‍ ഒന്നുമാത്രമാണിത്. ഇത്തരം ചര്‍ച്ചകളും ആശയവിനിമയവും നടത്തുന്നതിനാണ് കേന്ദ്രം ഒരു മധ്യസ്ഥനെ, ഇന്റര്‌ലോക്യൂട്ടറെ, നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്; ഐബിയുടെ മുന്‍ മേധാവി ദിനേശ് ശര്മയാണത്. അവിടത്തെ പ്രശ്‌നങ്ങള്‍ നന്നായി അറിയുന്ന വ്യക്തി എന്നതും അദ്ദേഹത്തിന്റെ നിയമനത്തിന് കാരണമാണ്. അദ്ദേഹം നടത്തിയ ചില പ്രാഥമിക നീക്കങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാട് പുറത്തുവരുന്നത്. ഇവിടെ നാം ഓര്‍ക്കേണ്ടതായ മറ്റൊരു കാര്യം, സുരക്ഷാ സേന ശക്തമായി കാശ്മീരിനുള്ളില്‍ നടത്തിവരുന്ന നീക്കങ്ങള്‍ തുടരവേ പരിശുദ്ധ റംസാന്‍ മാസം പരിഗണിച്ചുകൊണ്ട് വെടിനിര്‍ത്തലിന് സര്‍ക്കാര്‍ തയ്യാറായിരുന്നു. അത് നല്ല സന്ദേശമായിരുന്നു എന്ന് കരുതുന്നവരാണ് അധികവും. അതിനൊപ്പമാണ് ഹുറിയത് നേതാക്കളെ കാണാനുള്ള താല്പര്യം കേന്ദ്രം പ്രകടിപ്പിച്ചത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നല്ല, പക്ഷെ ഇത്തരം ചര്‍ച്ചകള്‍ തുടരുന്നത് നല്ലതാണ് എന്നത് സമ്മതിക്കാതെ വയ്യ.

കഴിഞ്ഞ കുറച്ചുനാളായി സൈന്യം ശക്തമായ നിലപാടാണ് കാശ്മീരില്‍ സ്വീകരിച്ചിരുന്നത്. ഭീകരതയോട് ഒരു വിട്ടുവീഴ്ചയും വേണ്ടതില്ല എന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് അതെപടി അവര്‍ ഏറ്റെടുക്കുകയായിരുന്നു. രാജ്യത്തിനകത്തുള്ള ഭീകരരെ ഇല്ലായ്മ ചെയ്യുക, പുറമെനിന്ന് കൂടുതല്‍ ഭീകരര്‍ കടന്നുവരുന്നത് തടയുക ……. ഇതായിരുന്നു അവിടേക്കുള്ള സുരക്ഷാ പദ്ധതി. അതില്‍ ആദ്യത്തേതില്‍ സുരക്ഷാ സേന ഏതാണ്ടൊക്കെ വിജയിച്ചു. മുന്‍ കാലങ്ങളില്‍ സുരക്ഷാസേനക്കെതിരെ നടന്നുവന്നിരുന്ന കല്ലേറും ആക്രമണങ്ങളും പൂര്‍ണ്ണമായി ഇല്ലാതായിട്ടില്ലെങ്കിലും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതിര്‍ത്തികടന്നുള്ള ഭീകരപ്രവര്‍ത്തനം തടയുന്നതില്‍ സൈന്യവും ബിഎസ്എഫുമൊക്കെ സ്വീകരിക്കുന്ന കടുത്ത നിലപാടുകള്‍ കുറെയൊക്കെ വിജയിച്ചു; എന്നാല്‍ അത് പൂര്‍ണ്ണമായി തടയാനായിട്ടില്ല എന്നത് വസ്തുതയാണ്. അതിന് കാരണം ഭീകര പ്രസ്ഥാനങ്ങള്‍ മാത്രമല്ല ഇത് ചെയ്യുന്നത് എന്നതാണ്; പാക് സൈന്യം അവര്‍ക്ക് ശക്തമായ പിന്തുണയാണ് നല്‍കിവരുന്നത്. പാക്കിസ്ഥാന്‍ നിലപാടില്‍ എന്തെങ്കിലും വലിയ മാറ്റം ഇപ്പോള്‍ പ്രതീക്ഷിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല. കാശ്മീരില്‍ റംസാന്‍ പ്രമാണിച്ച് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചപ്പോഴും അതിര്‍ത്തിക്കപ്പുറത്തുനിന്ന് കുഴപ്പമുണ്ടക്കാന്‍ ശ്രമങ്ങള്‍ നടന്നത് മറക്കുകവയ്യല്ലൊ. എന്നാല്‍ സൈന്യം കരുതുന്നത്, അതിര്‍ത്തി കടന്നുള്ള ഭീകരതക്ക് താമസിയാതെ അറുതി വരും എന്നുതന്നെയാണ്. അതായത് ഭീകരരെ അതിര്‍ത്തി കടത്തിവിടുന്ന സമ്പ്രദായം തടയാനാവും എന്ന്. അതിനൊപ്പം രാജ്യത്തിനകത്തുള്ള വിധ്വംസക പ്രവര്‍ത്തകരുടെ എണ്ണത്തിലുണ്ടായിട്ടുള്ള കുറവും ശ്രദ്ധിക്കേണ്ടതാണ്. അത്തരമൊരു പശ്ചാത്തലത്തില്‍ കൂടിയാണ് ഹുറിയത് നേതാക്കളുമായി ഒരു ആശയവിനിമയത്തിന് രാജ്യം സന്നദ്ധമാവുന്നത്.

ഒരു പതിറ്റാണ്ട് മുന്‍പുള്ള ഹുറിയത് അല്ല ഇന്നുള്ളത്. അതിന്റെ ശേഷി വലിയതോതില്‍ കുറഞ്ഞിട്ടുണ്ട്. എല്ലും തോലുമായ ഒരു അവസ്ഥ എന്ന് പറയാമെന്ന് തോന്നുന്നു. അടുത്തകാലത്തൊക്കെ നടന്ന തിരഞ്ഞെടുപ്പ് സമയത്ത് അത് ബഹിഷ്‌കരിക്കാന്‍ അവര്‍ നല്‍കിയ ആഹ്വാനം ഏറ്റെടുക്കാന്‍ ആളുകള്‍ ഇല്ലാതിരുന്നത് കാണാതെ പോയിക്കൂടാ. 1993 ലാണ് ഹുറിയത് കോണ്‍ഫറന്‍സ് ജന്മമെടുക്കുന്നത്. അതിനുമുമ്പ് 1987 ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ്- നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിനെതിരെ ഒന്നിച്ചുവന്ന കുറെ സംഘടനകളാണ് അഞ്ചാറ് വര്‍ഷത്തിനുശേഷം ഹുറിയത് എന്ന ലേബലില്‍ പ്രത്യക്ഷപ്പെടുന്നത്. ഏതാണ്ട് 26 ഓളം സംഘടനകള്‍ അതിലുണ്ടായിരുന്നു. ഒന്നുകൂടി നാം ഓര്‍ക്കേണ്ടതുണ്ട്; അത് അതിനും മുന്‍പ് നിലനിന്നിരുന്ന ‘തെഹ്രീക് ഇ ഹുറിയത് കാശ്മീര്‍’ എന്ന കൂട്ടായ്മയാണ്; പത്തോളം ഗ്രൂപ്പുകളും സംഘടനകളുമാണ് അതിലുണ്ടായിരുന്നത്. ജമാ അത്തെ ഇസ്ലാമി, ജെകെഎല്‍ഫ്, മുസ്ലിം കോണ്‍ഫറന്‍സ് എന്നിവക്കൊപ്പം കശ്മീര്‍ ബാര്‍ അസോസിയേഷനും അതിലുണ്ടായിരുന്നു. ഇതില്‍ പലരും പിന്നീട് ഹുറിയതിന്റെ ഭാഗമായി.

കാശ്മീരിന് വേണ്ടി നിലകൊള്ളുന്നു എന്ന് പറയുമ്പോള്‍ തന്നെ അത് പാക് അനുകൂല നിലപാടായിരുന്നു. അവര്‍ക്ക് ആദ്യമെ മുതല്‍ പാക് സഹായവും കിട്ടിക്കൊണ്ടിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. യാതൊരു ജോലിയുമില്ലാത്ത ഈ ഹുറിയത് നേതാക്കളുടെ ഇന്നത്തെ ധനസ്ഥിതി അതിന് തെളിവാണ്. അവരില്‍ പലരുടെയും കുട്ടികള്‍ വിദേശത്താണ് പഠിച്ചതും ജോലി നേടിയതും. നാട്ടിലാവട്ടെ ഒരു ബാനര്‍ അല്ലാതെ അവര്‍ക്കൊപ്പം ആരുമില്ലാത്ത അവസ്ഥയായി. നോട്ട് റദ്ദാക്കലിനും ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചതിനും ഒക്കെ ശേഷം പഴയപോലെ പാക് സഹായം ലഭിക്കുന്നില്ല; അത് മാത്രമല്ല അത്തരത്തില്‍ പണം ലഭിച്ചാല്‍ തന്നെ അത് പുറത്തിറക്കാന്‍ കഴിയാത്ത അവസ്ഥ അവരില്‍ പലര്‍ക്കുമിന്നുണ്ട്. അതുകൊണ്ട് വല്ലാത്ത നിരാശയിലാണ് ഹുറിയത് നേതാക്കള്‍ എന്നത് വസ്തുതയാണ്. അടുത്തിടെ എന്‍ഫോഴ്സ്മെന്റ് അധികൃതരും മറ്റും പിടികൂടിയ വിവരങ്ങള്‍ അവരെ വല്ലാതെ വിഷമിപ്പിച്ചിട്ടുമുണ്ട്.

ഇതിനകം തന്നെ ഇന്ത്യ ഗവണ്മെന്റ് നിയോഗിച്ച മധ്യസ്ഥന്‍ ഹുറിയത്തിലെ ചിലരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ഒറ്റപ്പെട്ടുകൊണ്ടുള്ള ഇന്നത്തെ പൊക്കില്‍ വിഷമം അവര്‍ അറിയിച്ചിരുന്നു എന്നതാണ് സൂചന. മാത്രമല്ല, സുരക്ഷാസേന കാശ്മീരില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാവാത്തതും അവര്‍ക്ക് പ്രശ്‌നമാവുന്നുണ്ട്. മുന്‍പൊക്കെ ഇവരാണ് കല്ലെറിയാനും കുഴപ്പമുണ്ടാക്കാനുമൊക്കെ ‘കുട്ടികള്‍ക്ക് ‘ പണം നല്‍കിയിരുന്നത്. പാകിസ്ഥാന്‍ കൊടുക്കുന്ന പണം വീതിച്ചുകൊടുത്തിരുന്നവര്‍ എന്നര്‍ത്ഥം. അതൊക്കെ ഇന്ന് നടക്കുന്നില്ല. ഒരു കാരണം ഏറെ ചെറുപ്പക്കാര്‍ ഇന്ന് അതിനൊക്കെ വഴിപ്പെടുന്നില്ല എന്നതാണ്. മറ്റൊന്ന് പണം കൈമാറുന്നതും വിതരണം ചെയ്യുന്നതുമൊക്കെ ശ്രദ്ധിക്കാന്‍ സുരക്ഷാസേനകള്‍ തയ്യാറാവുന്നു. അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് ജയിലില്‍ കഴിയേണ്ടിവരുന്നതും ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നതുമൊക്കെ ഹുറിയതുകാരുടെ നില പരിതാപകരമാക്കിയിട്ടുണ്ട്. പാക് സഹായമില്ലെങ്കില്‍ പിന്നെന്ത് ഹുറിയത് എന്ന് കരുതുന്ന അണികളും അവര്‍ക്കുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ നേരായപാതയില്‍ വന്നില്ലെങ്കിലും നിലപാടില്‍ മാറ്റം വരുത്താന്‍ ചിലരെങ്കിലും സന്നദ്ധമാണ് എന്നാണ് കേന്ദ്രം കരുതുന്നത്. ഒറ്റരാത്രി കൊണ്ട് കാര്യങ്ങള്‍ സാധാരണ നിലയിലാവും എന്നൊന്നും കരുതേണ്ടതില്ല. എന്നാല്‍ അവര്‍ക്കും ഒരു ദേശീയചിന്താധാരയില്‍ വരാനുള്ള ഒരു അവസരം നല്‍കേണ്ടതുണ്ട് എന്ന് സര്‍ക്കാര്‍ കരുതുന്നതില്‍ തെറ്റ് കാണേണ്ടതില്ലല്ലോ.

ഇവിടെ പക്ഷെ ഒരു കാര്യം ശ്രദ്ധിക്കാതെ പോയിക്കൂടാ. ഇത്തരമൊരു ചര്‍ച്ചക്ക് സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചപ്പോള്‍, എന്താണ് ചര്‍ച്ച ചെയ്യുക എന്താണ് അജണ്ട, എന്താണിതിനിപ്പോള്‍ കാരണം എന്നൊക്കെ അന്വേഷിച്ചുവന്നവര്‍ അനവധിയുണ്ട്. ഹുറിയത് നേതാക്കള്‍ അന്വേഷിക്കുന്നത് മനസിലാക്കാം; പക്ഷെ അതിലേറെ സംശയാലുക്കള്‍, അന്വേഷണകുതുകികള്‍, പ്രതിപക്ഷത്താണ് . സിപിഎമ്മിന്റെയും മറ്റും ആശങ്ക കാണേണ്ടത് തന്നെ. ഏതാണ്ട് അതിനൊപ്പമുള്ള സമീപനമാണ് ലഷ്‌കര്‍ ഇ തൊയ്ബ പോലുള്ള ഭീകരര്‍ സ്വീകരിച്ചതും. ജമ്മു കാശ്മീരിലെ രാഷ്ട്രീയകക്ഷികളുമായി കേന്ദ്രം നിയോഗിച്ച മധ്യസ്ഥന്‍ ചര്‍ച്ചനടത്തിയിരുന്നു എന്നതോര്‍ക്കുക . മുഖ്യമന്ത്രിയുടെ പാര്‍ട്ടിയായ പിഡിപി ഇപ്പോള്‍ പറയുന്നത് ചര്‍ച്ചക്ക് യോജിച്ച വേളയാണിത് എന്നാണ്. പ്രശ്നപരിഹാരത്തിന് സാധ്യതയുണ്ട് എന്നും അവര്‍ കരുതുന്നു. ഇത് നിലവിലുള്ള കേസുകള്‍ ഒതുക്കിത്തീര്‍ക്കാനുള്ള ഉദ്യമമല്ല. പല ഹുറിയത് നേതാക്കളും പലവിധേനയുള്ള കേസുകളില്‍ പെട്ടിട്ടുണ്ട് എന്നതോര്‍ക്കുക. വിദേശത്തുനിന്ന് അനധികൃതമായി സഹായം നേടിയതുള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ അവര്‍ നേരിടുന്നുണ്ട്. അതൊക്കെ നിയമത്തിന്റെ വഴിയിലാണ്; അത് അങ്ങിനെതന്നെ പോകട്ടെ. കോടതികളില്‍ എത്തിപ്പെട്ട ഒരു വിഷയത്തില്‍ സര്‍ക്കാരിന് ഇടപെടാനാവുകയുമില്ലല്ലോ.

വിവിധ നിലപാടുകള്‍ എന്തായാലും, വിവാദങ്ങള്‍ നിലനില്‍ക്കുന്നെങ്കിലും, ചര്‍ച്ചകള്‍ നടക്കട്ടെ. ഇന്ത്യയുടെ പരമാധികാരം ഈ സര്‍ക്കാര്‍ പണയം വെയ് ക്കുമെന്ന് ആരും കരുതേണ്ടതില്ല. അതേസമയം ഇന്ത്യന്‍ മണ്ണില്‍ വിദേശരാജ്യത്തിന്റെ പ്രവര്‍ത്തനവും പരസ്യമായി അനുവദിക്കില്ല. അതുകൊണ്ടുതന്നെ ചര്‍ച്ച ആദ്യമേതന്നെ വിജയകരമാവും എന്നൊന്നും എനിക്കും തോന്നുന്നില്ല; അങ്ങിനെ കരുതേണ്ടതുമില്ല. പക്ഷെ കാശ്മീരടക്കമുള്ള പ്രശ്നപരിഹാരത്തിന് ഇന്ത്യ തയ്യാറാണ് എന്നുള്ള ഒരു സന്ദേശം ആണ് ഇപ്പോള്‍ നല്‍കുന്നത് എന്നത് മറക്കരുത്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button