Kerala

‘ഇവളെ വലിച്ച് വണ്ടിയില്‍ കയറ്റിക്കോ’ എന്ന് എസ് ഐ ഷിബു; പോലീസ് സ്റ്റേഷനിൽ നടന്നത് ഇതാണ്

കോട്ടയം: കെവിന്റെ കൊലപാതകത്തിൽ പോലീസ് കൂട്ട് നിന്നുവെന്ന കാര്യത്തിൽ കൂടുതൽ തെളിവുകൾ ഓരോ നിമിഷവും പുറത്തുവരികയാണ്. എസ് ഐ ഷിബുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെവിന്‍റെ സുഹൃത്ത് അനീഷ് തന്നെയാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

എസ് ഐ ഷിബു തുടക്കം മുതലേ കെവിനോടും നീനുവിനോടും വൈരാഗ്യമുള്ള പോലെയായിരുന്നു പെരുമാറിയിരുന്നത്. കെവിനും നീനുവും വിവാഹം ചെയ്‌തെന്ന് അറിഞ്ഞ മാതാപിതാക്കള്‍ മകളെ കാണാനില്ലെന്നു പരാതി നല്‍കിയപ്പോൾ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ ഇരുവരേയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി. രജിസ്റ്റർ വിവാഹം കഴിഞ്ഞെന്ന് അറിയിച്ചിട്ടും എസ് ഐ ഷിബു മാതാപിതാക്കളോട് ‘ഇവളെ വലിച്ച് വണ്ടിയില്‍ കയറ്റിക്കോ’ എന്നാണ് പറഞ്ഞത്.

ALSO READ: കെവിന്റെ കൊലപാതകം ; ഐജിയുടെ റിപ്പോർട്ട് പുറത്ത്

സ്റ്റേഷനില്‍നിന്ന് തല്ലിയും വലിച്ചിഴച്ചുമാണ് അച്ഛന്‍ നീനുവിനെ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിനടുത്തേക്ക് കൊണ്ടുപോയത്. ഇടയ്ക്ക് നിലത്തുവീണുപോയ നീനുവിനെ ചവിട്ടാന്‍ എസ്ഐ ആക്രോശിച്ചു. ചോദ്യം ചെയ്ത തന്നോടും സുഹൃത്തുക്കളോടും ‘മാറി നില്‍ക്ക്, ഇതില്‍ ഇടപെടണ്ട’ എന്ന് എസ്ഐ അലറിയെന്നും അനീഷ് പറയുന്നു.

ആളുകൾ സംഭവം ശ്രദ്ധിക്കുകയും ദൃശ്യങ്ങൾ പകർത്താൻ തുടങ്ങിയതോടെയാണ് എസ് ഐ ഷിബു നീനുവിനെ അകത്ത് കൊണ്ടുവരാൻ ആവശ്യപ്പെട്ടത്. ശേഷം കെവിനൊപ്പം പോയാല്‍ മതിയെന്ന് നീനു അറിയിച്ചു. ഞായറാഴ്ച കെവിനെ കാണാതായപ്പോള്‍ പരാതി പറയാനെത്തിയ നീനുവിനോടും കെവിന്‍റെ കുടുംബത്തോടും ഇതേ സമീപനമാണ് എസ്ഐ സ്വീകരിച്ചത്.

കെവിനെയും തന്നേയും തട്ടിക്കൊണ്ടുപോയ ഇന്നോവ കാറിന്‍റെ നമ്പർ അടക്കമാണ് കുടുംബം സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. എന്നിട്ടും പൊലീസ് തിരി​ഞ്ഞുനോക്കിയില്ലെന്നും അനീഷ് പറയുന്നു. വഴിയിലിറക്കിവിട്ട അനീഷ് പത്ത് മണിയോടെ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെത്തി. അപ്പോള്‍ മുതല്‍ അക്രമിസംഘത്തിന്‍റെ ആളുകള്‍ അതേ ഇന്നോവ കാറിലും ബൈക്കുകളിലുമായി സ്റ്റേഷനു ചുറ്റും കറങ്ങിനടക്കുന്നുണ്ടായിരുന്നു. ഇത് പൊലീസ് സ്റ്റേഷനില്‍ അറിയിച്ചിരുന്നുവെന്നും അനീഷ് പറയുന്നത്.

Tags

Post Your Comments


Back to top button
Close
Close