Latest NewsEditorial

മാണിയെത്തിയിട്ടും ഫലമില്ല, യുഡിഎഫിലെ നേതൃമാറ്റത്തിന് ആക്കം കൂട്ടുമോ ചെങ്ങന്നൂര്‍ ഫലം ?

തോമസ് ചെറിയാന്‍ കെ

കോണ്‍ഗ്രസ് നേതൃമാറ്റത്തിന്‌റെ തീരുമാനങ്ങളിലേക്ക് കടക്കുമ്പോള്‍ സംസ്ഥാനത്ത് ശക്തി പ്രകടിപ്പിക്കാന്‍ പറ്റുന്ന ഒന്നായി മാറും ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് എന്ന് വിശ്വസിച്ചിരുന്ന വലത് മുന്നണിയ്ക്ക് നെറുകിലേറ്റ അപ്രതീക്ഷിതമായ പ്രഹരമായിരുന്നു ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിലെ തോല്‍വി. വിജയമുറപ്പിച്ചിരുന്ന യുഡിഎഫിന് കെ.എം.മാണി പിന്തുണയുമായി വന്നതോടെ ആത്മവിശ്വാസം ഇരട്ടിയായിരുന്നു. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തുന്നതായി മാറി ജനവിധി. കഴിഞ്ഞു പോയ ദിനങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ ചെയ്തു കൂട്ടിയതൊക്കെ എന്തിനായിരുന്നുവെന്ന് യുഡിഎഫ് നേതൃത്വത്തിന് തന്നെ ഒന്ന് ഇരുത്തി ചിന്തിക്കേണ്ടി വരും. സാഹചര്യങ്ങള്‍ എല്ലാം യുഡിഎഫിനൊപ്പമെന്ന് വിശ്വസിച്ച് മുന്നോട്ട് പോയവര്‍ തന്നെ തോല്‍വി വന്നപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ ഇരുന്ന് തന്നെ മുറുമുറുക്കുന്നുണ്ട്.

ഇത് അവസാനം ചെന്നെത്തുക നേതൃത്വനിരയുടെ പിടിപ്പ് കേടാണ് തോല്‍വിയ്ക്ക് കാരണമെന്നാകും. ഈ സാഹചര്യത്തില്‍ അടുത്ത് തന്നെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ആര് നയിക്കും, അഥവാ നയിച്ചാല്‍ തന്നെ വിജയ സാധ്യത എത്രത്തോളം എന്ന ചോദ്യവും രൂക്ഷമാകുന്നുണ്ട്. എഐസിസി തലപ്പത്തേക്ക് ഉമ്മന്‍ ചാണ്ടിയെ നിയോഗിച്ചപ്പോള്‍ അദ്ദേഹം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടത് ഒന്ന് മാത്രം. സംസ്ഥാനത്തെ യുഡിഎഫിനെ നയിക്കാനും ഈ പദവിയോടൊപ്പം അനുവദിക്കണം. അപ്പോള്‍ എങ്ങനാണ് നേതൃതലത്തില്‍ മാറ്റം വരികയെന്ന ചോദ്യം രാഷ്ട്രീയം എന്ന വാക്ക് എഴുതി പഠിക്കുന്ന കൊച്ചു കുട്ടികള്‍ വരെ ചോദിക്കാം.

ഡി . വിജയകുമാര്‍

ചെങ്ങന്നൂരെ അങ്കത്തട്ടില്‍ യുഡിഎഫ് ഇറങ്ങിയപ്പോള്‍ ഏറ്റവും മികച്ച തുറുപ്പ് ചീട്ടാണ് ഇറക്കിയിരിക്കുതെന്ന് അവര്‍ വിശ്വസിച്ചു. മണ്ഡലത്തിലെ ഏറ്റവും പരിചിതനായ സ്ഥാനാര്‍ഥി ഡി . വിജയകുമാര്‍ ജനമനസുകളില്‍ സ്ഥിര പ്രതിഷ്ഠയുള്ള നേതാവാണെന്നും വിജയമുറപ്പിക്കാന്‍ വിജയകുമാര്‍ മതിയെന്നും  നേതൃത്വം ആദ്യം മുതലേ ഉച്ചത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന്‌റെ കനം കുറഞ്ഞെന്നു മാത്രം. തിരഞ്ഞെടുപ്പിനു തൊട്ട് മുന്‍പ് സര്‍ക്കാരിനെതിരെ വന്ന വിവാദ ശരങ്ങള്‍ വരെ തങ്ങള്‍ക്ക് അനുകൂലമായ പുഷ്പ ശരങ്ങളായി ബാലറ്റില്‍ വീഴുമെന്ന് യുഡിഎഫ് കരുതി. എങ്കിലും ഫലം വിപരീതം.

മുന്‍പ് നടന്ന തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട 20000 വോട്ടുകള്‍ ബിജെപിയ്ക്കാണ് ലഭിച്ചതെന്നും അതില്‍ പകുതിയെങ്കലും തിരികെ കിട്ടിയാല്‍ വിജയമുറപ്പിക്കാം എന്ന പ്രതീക്ഷയും തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചരിച്ചിരുന്നു. അതിനൊപ്പം തന്നെ ഇടഞ്ഞ് നിന്ന മാണി അയഞ്ഞ് വന്ന സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയും യുഡിഎഫിന് ഉണ്ടായിരുന്നു. പക്ഷെ മാണിയുടെ തിരിച്ചു വരവ് വാര്‍ത്തകളായി നിറഞ്ഞു എന്നതൊഴിച്ചാല്‍ മറ്റൊരു ഗുണവും യുഡിഎഫിന് ലഭിച്ചില്ല. ജാതി എന്ന തുറുപ്പ് ചീട്ടില്‍ പ്രതീക്ഷ വയ്ക്കുവാനും യുഡിഎഫ് മറന്നില്ല. ഹിന്ദു സംഘടനകളുമായി വിജയകുമാറിനുള്ള അടുത്ത ബന്ധം വോട്ട് പെട്ടിയില്‍ വീഴുമെന്ന് കരുതിയിരുന്നെങ്കിലും യുഡിഎഫിന്‌റെ പ്രതീക്ഷകളുടെ ചീട്ടു കൊട്ടാരം താഴെ പോകുകയാണ് ചെയ്തത്.

എം.എം ഹസന്‍

ഇത്രയും തിരിച്ചടി കിട്ടിയ യുഡിഎഫിന് ഇനി വേണ്ടത് മികച്ച നേതൃത്വമാണെന്ന് സംശയമില്ലാതെ തന്നെ പറയാം. ജാതി എന്ന കാര്‍ഡിറക്കിയാണ് എല്‍ഡിഎഫ് ജയിച്ചതെന്ന എ.കെ ആന്‌റണിയുടെ പ്രസ്താവനയാണ് അടുത്തത്. തോല്‍വി ഏറ്റു
വാങ്ങിയ ശേഷം അതിനു കാരണം ജയിച്ചയാളാണെന്ന കാരണം കൊച്ചു കുട്ടികള്‍ പന്തു കളിക്കുമ്പോള്‍ പോലും അധികം പറയാറില്ല എന്ന വസ്തുതയും യുഡിഎഫ് മറന്നു പോയോ എന്നും ഈ അവസരത്തില്‍ സംശയിക്കാം. ഇനി ഉയരാന്‍ സാധ്യതയുള്ളത് ഒരേ ഒരു ആവശ്യമാണ്. യുഡിഎഫിനെ യുവ നേതൃത്വം തന്നെ നയിക്കണം. 2019 തിരഞ്ഞെടുപ്പിന് മുന്നോടിയായി മുതിര്‍ന്ന നേതാക്കള്‍ കയ്യേറിയിരുന്ന പല സ്ഥാനങ്ങളും യുവജനങ്ങള്‍ക്ക് കൈമാറിയ രാഹുല്‍ ഗാന്ധിയുടെ നയം തന്നെയാകും സംസ്ഥാനത്തെ യുഡിഎഫ് നേതൃത്വവും ഇനി സ്വീകരിക്കുക.

രാഹുല്‍ ഗാന്ധി

ഉമ്മന്‍ ചാണ്ടിയെ കേന്ദ്ര നേതൃത്വത്തിന്‌റെ ചുമതലയിലേക്ക് പ്രവേശിപ്പിച്ചത് സംസ്ഥാനത്ത്‌ ഇനി നടക്കാന്‍ പോകുന്ന നേതൃമാറ്റത്തിന്‌റെ ലക്ഷണം തന്നെയാകാം. ചെങ്ങന്നൂരില്‍ യുഡിഎഫ് ജയിച്ചാല്‍ എം.എം ഹസന്‍ തുടര്‍ന്നും കെപിസിസിയെ നയിക്കട്ടെ എന്ന ചിന്ത അത് സൃഷ്ടിച്ച യുഡിഎഫിനു തന്നെ പൊളിച്ചെഴുതേണ്ടി വരുമോ എന്നും കണ്ടു തന്നെ അറിയണം. നിലവിലുള്ള നേതൃനിരയുടെ ശക്തി ക്ഷയിച്ചു തുടങ്ങിയെന്ന് വെളിവാകുന്ന ഈ സമയം കോണ്‍ഗ്രസ് ചിന്തയില്‍ തന്നെ മുഴുകാതെ മാറ്റത്തിനുള്ള നടപടികള്‍ ആരംഭിച്ച് തുടങ്ങട്ടെ. നേതൃത്വമെന്നത് കുത്തകയല്ലെന്നും യുവ ജനതയാണ് മികച്ചൊരു നാടിനെ വാര്‍ത്തെടുക്കാന്‍ പ്രാപ്ത്തരായവരെന്നും തിരിച്ചറിഞ്ഞ് സ്വയം മാറുവാനും യുഡിഎഫിന് സാധിക്കട്ടെ.

Related Articles

Post Your Comments


Back to top button