Latest NewsArticleEditor's Choice

പ്രധാനമന്ത്രിയ്ക്ക് നേരെയുള്ള വധഭീഷണി വരെ എത്തി നില്‍ക്കുന്ന പാക്ക് ഭീകരത അതീവ ഗുരുതരം

സാഹോദര്യവും ഐക്യവും മുഖമുദ്രയായി ലോകത്തിന് മുന്‍പില്‍ തലയുയര്‍ത്തി നില്‍ക്കുന്ന നമ്മുടെ ഭാരതത്തിന് കരിനിഴലായി നില്‍ക്കുന്ന ഒന്നാണ് ഭീകരവാദം. രാജ്യത്തിന്‌റെ വിവിധ കോണുകളിലായി ഭീകരര്‍ നടത്തിയ സ്‌ഫോടനങ്ങളിലും വെടിവെയ്പ്പുകളിലും നൂറുകണക്കിന് ജനങ്ങളെയും പൊലീസ്, സൈനിക ഉദ്യോഗസ്ഥരേയും നമുക്ക് നഷ്ടമായിട്ടുണ്ട്. ഭീകരതയെയും ഭീകര സംഘടനകളെയും തുടച്ച് നീക്കാന്‍ അഹോരാത്രം കഷ്ടപ്പെടുകയും ഉറക്കമൊഴിച്ച് കാവലിരിക്കുകയുമാണ് നമ്മുടെ സൈന്യം.

തീവ്രവാദത്തിന്‌റെ മായാക്കറകളായി അവശേഷിക്കുന്ന നിരവധി സംഭവങ്ങള്‍ നമ്മുടെ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. ഏതാനും വര്‍ഷത്തിനുള്ളില്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണം മുതല്‍ ആഴ്ച്ചകള്‍ക്ക് മുന്‍പ് കശ്മീര്‍ അതിര്‍ത്തിയില്‍ നടന്ന സംഭവങ്ങള്‍ വരെ നമ്മുടെ മനസില്‍ ഭീതി നിറയ്ക്കുകയും വേദന ഉളവാക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ഒന്ന് ഇനി സംഭവിക്കരുതേ എന്ന് ഓരോ നിമിഷവും നമ്മള്‍ പ്രാര്‍ഥിക്കുക്കുമ്പോളാണ് നമ്മുടെ പ്രധാനമന്ത്രി നരേദ്ര മോദിയുടെ ജീവനും ഭീകരര്‍ ഭീഷണി ഉയര്‍ത്തുന്നത്.

റമദാന്‍ വിശുദ്ധമാസത്തിന്‌റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച്ച പാക്ക് അധിനിവേശ കാശ്മീരിലെ റാവല്‍കോട്ട് എന്ന സ്ഥലത്ത് ഒരു പ്രസംഗം നടന്നിരുന്നു. 26/11 മുംബൈ താജ് ഹോട്ടലില്‍ നടന്ന ഭീകരാക്രമണത്തിന്‌റെ മുഖ്യസൂത്രധാരനും നിരോധിത ഭീകര സംഘടനയായ ജമഅത് ഉദവാ തലവനുമായ ഹാഫിസ് സയിദാണ് പ്രസംഗം നടത്തിയത്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന ഭീഷണി പ്രസംഗത്തിലുണ്ടായിരുന്നുവെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പതിനായിരക്കണക്കിന് ആളുകള്‍ സാക്ഷി നില്‍ക്കെയായിരുന്നു ഹാഫിസിന്‌റെ ഭീഷണി.

റമദാന്‍ മാസത്തില്‍ വിശുദ്ധയുദ്ധത്തിന് ആരംഭം കുറിക്കണമെന്നും ഭീകര സംഘടനകള്‍ക്കായി പണവും ഭക്ഷ്യ വസ്തുക്കളും നല്‍കണമെന്നും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. ഇസ്ലാം എന്ന വിശുദ്ധ മതത്തിന്‌റെ പേര് ഉയര്‍ത്തിക്കാട്ടി ആളുകളെ കൊല്ലുന്ന നടപടി ശരിക്കും ഇസ്ലാം നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഇവര്‍ മറന്ന് പോകുന്നു. പാക്കിസ്ഥാനില്‍ ഭീകര സംഘനകളുടെ വേര് പടര്‍ന്ന് പിടിച്ചിട്ടുണ്ട് എന്നത് ഏവര്‍ക്കും അറിയാവുന്ന സത്യം തന്നെ. എന്നിരുന്നിട്ടും ഭീകരതയെ തുടച്ച് നീക്കാന്‍ തയാറാകാതെ അതിനോട് പാക്ക് ഭരണകൂടം കാണിക്കുന്ന മൗനം ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താനുള്ള മൗനാനുവാദമാണോ എന്നും സംശയമുയരുന്നുണ്ട്.

അയല്‍രരാജ്യങ്ങളുമായി കഴിവതും സൗഹൃദം സൃഷ്ടിക്കാനും കാലങ്ങളായി നില്‍ക്കുന്ന പിണക്കങ്ങള്‍ക്ക് വരെ അറുതി
കണ്ടെത്താനും മുന്‍കൈ എടുക്കുന്ന രാജ്യമാണ് ഇന്ത്യ. പാക്കിസ്ഥാനുമായും ഇന്ത്യ എടുത്തിരിക്കുന്ന നിലപാടുകള്‍ വ്യത്യസ്ഥമല്ല. സമാധാനകരാര്‍ പലതവണ സൃഷ്ടിക്കാന്‍ മുന്‍കൈ എടുക്കുകയും അത് പാലിക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്ത രാജ്യമാണ് ഇന്ത്യ. എന്നാല്‍ കരാര്‍ തയാറാക്കിയതിന്‌റെ മഷി ഉണങ്ങും മുന്‍പേ ഇന്ത്യയ്‌ക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ട ചരിത്രമാണ് പാക്കിസ്ഥാനുള്ളത്. നമ്മുടെ കശ്മീരിന്‌റെ കുറച്ച്
ഭാഗങ്ങള്‍ പാക്ക് കയ്യേറിയിട്ടുമുണ്ട്. ഈ ഭാഗങ്ങളില്‍ തന്നെയാണ് ഭീകര പ്രവര്‍ത്തനം തുടര്‍ച്ചയായി നടക്കുന്നതെന്നും നാം ഓര്‍ക്കണം. പട്ടാളവേഷത്തില്‍ എത്തുന്ന ഭീകരരെയാണ് മിക്ക സംഭവങ്ങളിലും ഇന്ത്യന്‍ സേന വധിച്ചിട്ടുള്ളത്.

ഭീകരതയുടെ മറവില്‍ മണ്ണ് പിടിച്ചടക്കാനുള്ള ഗൂഡാലോചനയാണോ ഇതെന്ന് ആരോപണങ്ങളുണ്ട്. എന്നാല്‍ പാക്ക് ഭരണകൂടം ഇത്തരത്തില്‍ കൂട്ട് നില്‍ക്കുന്നുവെന്ന് ഇന്ത്യന്‍ ഭരണകൂടം പറയില്ല. പക്ഷേ ശക്തമായി ഒരു ചോദ്യം ഉയര്‍ത്തും. എന്തുകൊണ്ട് ഭീകരപ്രവര്‍ത്തനത്തെ പാക്ക് തുടച്ച് നീക്കാന്‍ ശ്രമിക്കുന്നില്ല ?. ഭീകരതയുടെ മറവില്‍ നടത്തുന്ന ഇത്തരം ക്രൂരതയ്ക്ക് എന്തുകൊണ്ട് പാക്ക് അറുതി വരുത്തുന്നില്ല. മംബൈ ഭീകരാക്രമണത്തിന് പിന്നിലുള്ള ശക്തി പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകര സംഘടനയാണെന്നും ഗൂഡാലോന മുതല്‍ നടന്ന സംഭവങ്ങള്‍ പാക്ക് മണ്ണില്‍ നിന്നാണെന്നും തെളിവ് സഹിതം ഇന്ത്യ വാദിച്ചിട്ടും പാക്ക് ഈ വിഷയത്തില്‍ ഗൗരവപൂര്‍ണമായ നിലപാട് എടുത്തിട്ടില്ല.

ഇപ്പോള്‍ നമ്മുടെ പ്രധാനമന്ത്രിയ്ക്ക് നേരെ വധഭീഷണി ഉയര്‍ത്തുകയാണ് പാക്കിസ്ഥാനിലുള്ള ഭീകര സംഘടന. ഭരണാധികാരികള്‍ രക്തസാക്ഷികളാകേണ്ടി വന്ന രാജ്യം കൂടിയാണ് ഇന്ത്യ. നമുക്ക് വന്ന ആ തീരാനഷ്ടങ്ങള്‍ക്ക് പിന്നിലും ഭീകരതയുടെ കറുത്ത കൈകളായിരുന്നു. അത് ഇനി ആവര്‍ത്തിച്ചുകൂടാ. ഇസ്ലാം എന്ന വിശുദ്ധ മതം ലോകത്തിന് സമ്മാനിക്കുന്ന പുണ്യനാളുകളിലൂടെ കടന്ന് പോവുകയാണ് നമ്മള്‍. ഇതേ നാളുകളില്‍ ഇസ്ലാമിന് കളങ്കം ഉണ്ടാക്കും വിധമുള്ള പ്രചരണം ആരംഭിച്ചത് ലോകത്തിന് തന്നെ നാണക്കേടായി മാറുകയാണ്. ഭീകരത ഉയര്‍ത്തുന്ന ഭീഷണികള്‍ക്ക് മുന്‍പില്‍ പതറാന്‍ നമുക്കിനി ഇട വരരുത്. ഇനി ഒരു ജീവന്‍ പോലും ഭീകരരുടെ കാഞ്ചിക്ക് മുന്‍പില്‍ പൊലിയരുത്. മതമെന്നത് മനുഷ്യനെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്ന ഒന്നാണെന്ന് ലോകത്തിന് മുന്‍പില്‍ തെളിയിച്ച് കൊടുത്ത രാജ്യമാണ് ഇന്ത്യ. അത് അപ്രകാരം തന്നെ കൂടുതല്‍ പ്രകാശത്തോടെ നിലനിര്‍ത്താനും ഭീകരത നമ്മുടെ മണ്ണില്‍ വേരോടാതിരിക്കാനും നമുക്ക് പ്രാര്‍ഥിക്കുകയും ജാഗ്രതയോടെയിരിക്കുകയും ചെയ്യാം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button