KeralaLatest News

ശ്രീജ നെയ്യാറ്റിന്‍കരക്ക് നേരെയുള്ള അശ്ലീല-സൈബര്‍ ആക്രമണം; നടപടി ആവശ്യപ്പെട്ട് വനിത സാമൂഹിക പ്രവര്‍ത്തകര്‍

തിരുവനന്തപുരം•പൊതു പ്രവര്‍ത്തകയും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ശ്രീജ നെയ്യാറ്റിന്‍കരയുടെ ഫേസ് ബുക്ക് പോസ്റ്റില്‍ നിധിന്‍ പിലാലാണ്ടി പീടിക എന്ന പേരില്‍ ഫേസ് ബുക്ക് ഐഡി ഉപയോഗിക്കുന്ന വ്യക്തിയില്‍ നിന്ന് അത്യന്തം ഹീനമായ രീതിയില്‍ ലൈംഗികാക്രമണ സ്വഭാവത്തിലുള്ള അശ്ലീലമായ സൈബര്‍ ആക്രമണം നടന്നിരിക്കുകയാണ്. പൊതു പ്രവര്‍ത്തന രംഗത്തുള്ള ഒട്ടു മിക്ക സ്ത്രീകള്‍ക്കു നേരെയും സമാനമായ രീതിയില്‍ ആക്രമണങ്ങളുണ്ടാകുക എന്നത് പതിവായിരിക്കുക്കുകയാണെന്നും വനിത സാമൂഹിക പ്രവര്‍ത്തകര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

മുസ്‌ലിം സ്ത്രീകളെ പരസ്യമായി ബലാത്സംഗം ചെയ്യാന്‍ ആഹ്വാനം ചെയ്തതും ദീപാ നിശാന്ത്, സിന്ധു സൂര്യകുമാര്‍ തുടങ്ങി നിരവധി സ്ത്രീകള്‍ക്കുനേരേ വ്യക്തിപരമായി അശ്ലീലമായും ആഭാസകരമായും സൈബര്‍ ലൈംഗികാക്രമണങ്ങളും നടത്തിയതുമുള്‍പ്പെടെയുള്ള നിരവധി സംഭവങ്ങള്‍ ഇത്തരത്തില്‍ ഉണ്ടായിട്ടുണ്ട്. ഇവയിലൊന്നും വ്യക്തമായ പരാതി നല്‍കിയിട്ടും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുന്ന നില ഉണ്ടായിട്ടില്ല. എന്നു മാത്രമല്ല ഇത്തരം അവഹേളനം നടത്തുന്നവര്‍ക്ക് ഹീറോ പരിവേഷം നല്‍കാനും ചിലര്‍ മടിക്കുന്നില്ല. പൊതുരംഗത്തും സാമൂഹ്യമാധ്യമങ്ങളിലും സ്ത്രീകള്‍ക്ക് അന്തസ്സോടെയും സുരക്ഷയോടെയും ഇടപെടാനുള്ള അവസരങ്ങളെ ഇല്ലാതാക്കുക എന്നതാണ് ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നവരുടെയും അവരെ പിന്തുണക്കുന്നവരുടേയും ഉദ്ദേശം. നിര്‍ഭയ നിയമമടക്കമുള്ള നിയമങ്ങളൊന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകളുടെ സുരക്ഷക്കും ഉപകാരപ്പെടുന്നില്ല. ഇത് ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം.

ശ്രീജ നെയ്യാറ്റിന്‍കരക്ക് നേരേ നിധിന്‍ പിലാലാണ്ടി പീടിക എന്ന ഫേസ്ബുക്ക് പ്രൊഫൈല്‍ ഉപയോഗിക്കുന്ന വ്യക്തി നടത്തിയ സൈബര്‍ ലൈംഗിക ആക്രമണം ഗുരുതരമായ ക്രിമിനല്‍ കുറ്റവും സ്ത്രീത്വത്തിന് നേരെയുള്ള ആക്രമണവുമാണ്. ഇതിനെ ശക്തമായി ഞങ്ങള്‍ അപലപിക്കുന്നു. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന നീചന്‍മാര്‍ക്ക് പാഠമാകത്തക്കരീതില്‍ ഈ ക്രമിനല്‍ കുറ്റം ചെയ്ത വ്യക്തിയെ കണ്ടെത്തി പഴുതടച്ച നിയമവിചാരണയിലൂടെ കടുത്ത ശിക്ഷ വാങ്ങി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഡോ. ജെ ദേവിക, കെ അജിത, സി.എസ് ചന്ദ്രിക, ബിന്ദുകൃഷ്ണ, കെ.കെ രമ, രേഖാ രാജ്, ദീദി ദാമോദരന്‍, വിധു വിന്‍സെന്റ്, മാല പാര്‍വതി, കെ.കെ ഷാഹിന, മാഗ്ലിന്‍ ഫിലോമിന യോഹന്നാന്‍, സോണിയ ജോര്‍ജ്, ഡോ. വര്‍ഷ ബഷീര്‍, പ്രമീള ഗോവിന്ദ്, നജ്്ദ റൈഹാന്‍, ഇ.സി ആയിഷ, അഡ്വ. ആര്‍.കെ ആശ, ഗോമതി (പെമ്പിളൈ ഒരുമ), അശ്വതി ജ്വാല, ജസീറ മാടായി, എ റഹ്മത്തുന്നീസ ടീച്ചര്‍, രശ്മി, അഡ്വ. കെ.കെ പ്രീത, ജബീന ഇര്‍ഷാദ്, വി.പി റജീന, മൃദുല ഭവാനി, ലാലി പി.എം, ധന്യാ രാമന്‍ തുടങ്ങിയവര്‍ പ്രസ്താവനയെ പിന്തുണച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close