Latest NewsEditorial

സര്‍ക്കാരും ബോര്‍ഡും വിവാദങ്ങള്‍ക്ക് പിന്നാലെ, മണ്ഡലകാലത്തിന് മുമ്പ് പമ്പ ഒരുങ്ങുമോ ഭക്തര്‍ക്കായി

മഹാപ്രളയത്തില്‍ തകര്‍ന്നുപോയ പമ്പയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തുന്നില്ല. തുലാമാസ പൂജകള്‍ക്കായി നട തുറക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോഴും സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ് ഉത്തരവാദിത്തപ്പെട്ടവര്‍. അരനൂറ്റാണ്ടായി ഘട്ടംഘട്ടമായി നടപ്പിലാക്കിയ അടിസ്ഥാനസൗകര്യങ്ങള്‍ അപ്പാടെ പ്രളയമെടുത്തുപോയപ്പോള്‍ 100 കോടി രൂപയുടെ നഷ്ടമാണ് ദേവസ്വം ബോര്‍ഡ് വിലയിരുത്തിയത്. മണ്ഡല മകരവിളക്കിനായി ഒരു മാസം മാത്രം ബാക്കിനില്‍ക്കെ പമ്പയിലും നിലയ്ക്കലിലും അതിനുള്ള തയ്യാറെടുപ്പുകള്‍ എങ്ങുമെത്തിയിട്ടില്ല. മണ്ഡലകാലത്തിന് മുമ്പ് പമ്പ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയതായിരുന്നു.

നേതൃത്വമില്ലാത്ത മുന്നൊരുക്കങ്ങള്‍

അതിവൃഷ്ടി കാരണം ശബരിഗിരി പദ്ധതിയുടെ ആനത്തോട് അണക്കെട്ട് തുറന്നപ്പോള്‍ കുതിച്ചെത്തിയ ജലപ്രവാഹമാണ് പമ്പയെ തകര്‍ത്തത്.. 3000 പേര്‍ക്ക് വിശ്രമത്തിന് സൗകര്യമൊരുക്കിയിരുന്ന രാമമൂര്‍ത്തി മണ്ഡപം, മണല്‍പ്പുറത്തെ നടപ്പന്തല്‍, അന്നദാന മണ്ഡപം, അയ്യപ്പസേവാസംഘം ഹാള്‍ ഇവയെല്ലാം പ്രളയത്തില്‍ തകര്‍ന്നിരുന്നു. പമ്പയില്‍ പ്രവര്‍ത്തനം തുടങ്ങിയ പുതിയ ഹോട്ടല്‍ സമുച്ചയവും പ്രളയപ്പാച്ചില്‍ കഴിഞ്ഞതോടെ ഇല്ലാതായി. വിവാദങ്ങള്‍ക്ക് പിന്നാലെ പായുന്ന സര്‍ക്കാരും ദേവസ്വവും ഇനി ഈ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ എന്ത് സൗകര്യമാണ് മണ്ഡലകാലത്തെത്തുന്ന ലക്ഷക്കണക്കിന് ഭക്തര്‍ക്കായി ഒരുക്കാന്‍ പോകുന്നതെന്ന് കണ്ടറിയണം.

pamba-flood-new

പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പിലാക്കേണ്ട സര്‍ക്കാരും ദേവസ്വംബോര്‍ഡും രണ്ട് തട്ടില്‍ നില്‍ക്കുന്നതും മുന്നൊരുക്കങ്ങള്‍ക്ക് തടസ്സമാകുന്നുണ്ട്. സ്ത്രീപ്രവേശനത്തില്‍ പിണറായി സര്‍ക്കാരിന്റെ നിലപാടിനോട് ശക്തമായി വിയോജിപ്പുള്ള വ്യക്തിയാണ് ദേവസ്വം പ്രസിഡന്റ് എ പദ്മകുമാര്‍. വിശ്വാസിയായ പ്രസിഡന്റ് ആ നിലയില്‍ നടത്തിയ പ്രസ്താവനകള്‍ മുഖ്യമന്ത്രി പിണറായി താക്കീത് നല്‍കി നിര്‍ത്തിച്ചതാണ്. എന്തായാലും ശബരിമലയിലേക്ക് ഒരു കാരണവശാലും സ്ത്രീകളെ കടത്തിവിടില്ലെന്ന നിലപാടില്‍ ഒരു വിഭാഗം പ്രാര്‍ത്ഥനായോഗങ്ങളുമായി നിലയ്ക്കലില്‍ കഴിയുകയാണ്. സുപ്രീംകോടതിയില്‍ നല്‍കിയ റിവ്യൂ ഹര്‍ജിയില്‍ വീണ്ടും ഇവര്‍ക്ക് പ്രതികൂലമായ വിധിയാണ് ഉണ്ടാകുന്നതെങ്കില്‍ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭം എങ്ങനെയാകും എന്നത് പ്രവചനാതീതമാണ്.

മഴയില്‍ കുടുങ്ങി ക്രമീകരണപ്രവര്‍ത്തനങ്ങള്‍

പ്രളയക്കെടുതിയിലായ പമ്പയിലെ ക്രമീകരണങ്ങള്‍ ഇത്തവണ ഒന്നുമുതല്‍ തുടങ്ങണമെന്നതിനാല്‍ കൂടുതല്‍ സമയവും സാങ്കേതികോപദേശവും ആവശ്യമാണുതാനും. എന്നാല്‍ വിവാദങ്ങള്‍ തുടങ്ങിയതോടെ ക്രമീകരണങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ പോലും ആളില്ലാത്ത സ്ഥിതിയായി. നിലവിലെ വിവാദങ്ങള്‍ ഒഴിയാതെ ശബരിമലയിലേക്കില്ലെന്ന നിലപാടിലാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. തുലാമാസ പൂജക്ക് 17നും മണ്ഡല മകരവിളക്ക് ഉത്സവത്തിനായി നവംബര്‍ 16 നുമാണ് നടതുറക്കുന്നത്. മുംബൈ കേന്ദ്രമായ ടാറ്റാ പ്രോജക്ട് ലിമിറ്റഡ് പമ്പയിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 25 കോടി രൂപയുടെ എസ്റ്റിമേറ്റാണ് ആദ്യഘട്ടത്തില്‍ ബോര്‍ഡിന് നല്‍കിയത്.

എന്നാല്‍ പമ്പ മണപ്പുറത്ത് പ്രളയത്തില്‍ അടിഞ്ഞുകൂടിയ കല്ലും മണ്ണും നീക്കുന്നതും ഹില്‍ടോപ് ്പാര്‍ക്കിംഗ് ഗ്രൗണ്ടിന് മണല്‍ച്ചാക്ക് ഇട്ട് താത്കാലികമായി സംരക്ഷണഭിത്തി കെട്ടുന്നതുമാണ് ഇവിടെ നടക്കുന്നത്. ഇതിനിടെ വീണ്ടും മഴ കനക്കുന്നത് ഈ ജോലികളുടെ പുരോഗതിയേയും തടസപ്പെടുത്തുകയാണ്. രാമമൂര്‍ത്തി മണ്ഡപത്തിനും സ്വാമി അയ്യപ്പന്‍ നടപ്പന്തലിനും പകരം പ്രീ ഹാബ് പൂപത്തില്‍ നടപ്പന്തല്‍ നിര്‍മ്മിക്കാനുള്ള തീരുമാനവും എവിടെയും എത്തിയിട്ടില്ല. പ്രളയത്തില്‍ നികന്നുപോയ പമ്പ നദിയില്‍ നിന്ന് മണ്ണ് വാരിക്കളഞ്ഞ് ആഴം കൂട്ടാനുള്ള പ്രവര്‍ത്തവും എവിടെയും എത്തിയിട്ടില്ല. ചുരുക്കത്തില്‍ പ്രളയക്കെടുതികള്‍ നീക്കി പമ്പയെ ഒരുക്കാന്‍ ഇനിയും മാസങ്ങള്‍ വേണ്ടിവരും.

ശൗചാലയങ്ങളുടെ കുറവും വെല്ലുവിളി

പമ്പയിലെ സ്നാനഘട്ടം ഒരുക്കുന്നതിന് ത്രിവേണി മുതല്‍ ചെറിയാനവട്ടം വരെയുള്ള ഭാഗത്തു നദിയില്‍ നിന്നു മണല്‍ നീക്കിവരികയാണ്. പമ്പയില്‍ സ്ത്രീകള്‍ക്കായി പിങ്ക് ടോയ്ലറ്റുകളും കുളിക്കടവുകളും ഒരുക്കാന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊക്കെ എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് കണ്ടറിയണം. പമ്ബമ്പയില്‍ നിലവില്‍ പുരുഷന്‍മാര്‍ക്കു പോലും ടോയ്ലറ്റുകള്‍ ഇല്ലാത്ത സ്ഥിതിയാണ്. മൂന്ന് ടോയ്ലറ്റ് കോംപ്ലക്സുകളാണ് പ്രളയത്തില്‍ തകര്‍ന്നത്. ഇതോടൊപ്പം 50,000 തീര്‍ഥാടകരെ ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്ന പമ്പയിലെ രാമമൂര്‍ത്തി മണ്ഡപവും പ്രളയമെടുത്തു.

ചെറിയാനവട്ടം സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റും കുടിവെള്ള വിതരണത്തിനുള്ള കിയോസ്‌ക്കുകളും തകരാറിലാണ്. പമ്പയില്‍ നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ തീര്‍ഥാടകരെ ഉള്‍ക്കൊള്ളാനാകാത്തതിനാലാണ് നിലയ്ക്കലില്‍ കൂടുതല്‍ സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞത്.കഴിഞ്ഞ മാസം പൂജാവേളയില്‍ ടോയ്ലറ്റുകളില്‍ വെള്ളമില്ലാതെ അയ്യപ്പഭക്തര്‍ വലഞ്ഞിരുന്നു. വാഹനങ്ങളില്‍ വെള്ളമെത്തിച്ച് ടാങ്കുകളില്‍ നിറയ്ക്കുകയാണ് ചെയ്യുന്നത്. ഇത് തീര്‍ഥാടനകാലത്ത് എത്രത്തോളം പ്രായോഗികമാണെന്ന ആശങ്കയും ഉയരുന്നു.

ഇല്ലാതാകരുത് ആ അധ്യാത്മിക ഊര്‍ജ്ജം

ശബരിമല തീര്‍ത്ഥാടനകാലം കേരളത്തിന്റെ ഹിന്ദു അധ്യാത്മികമേഖലക്ക് നല്‍കുന്ന ഊര്‍ജ്ജം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. വിവാദങ്ങളില്‍ കുടുങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ എങ്ങുമെത്താതാകുന്നതോടെ മറ്റ് വഴികളില്ലാതെ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.. അങ്ങനെയാണെങ്കില്‍ വ്രതമെടുത്ത് അയ്യപ്പനെ തൊഴാന്‍ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഭക്തര്‍ക്ക് അത് സമ്മാനിക്കുന്ന വേദന ചെറുതല്ല. തുടര്‍ച്ചയായി മലചവിട്ടി അയ്യനെ തൊഴാനെത്തുന്ന ലക്ഷക്കണക്കിന് ഭക്തര്‍ക്കാണ് നിരാശപ്പെടേണ്ടി വരുന്നത്.

sabarimala-temple

അതിനുമപ്പുറം മല ചവിട്ടാന്‍ യുവതികള്‍ കൂടി എത്തിയാല്‍ ഇത്തവണത്തെ മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനകാലം ശബരിമലയുടെ ചരിത്രത്തില്‍ ഏറ്റവും ദുര്‍ഘടമായ അവസ്ഥയില്‍ കൂടിയാകും കടന്നുപോകുന്നത്. വിവാദങ്ങളൊന്നും ഇല്ലാത്ത സീസണുകളിലും അടിസ്ഥാനസൗകര്യമില്ലായ്മ വലിയ ബുദ്ധിമുട്ടാണ് അയ്യപ്പഭക്തര്‍ക്ക് സൃഷ്ടിച്ചിരുന്നത്. എന്തായാലും വിവാദങ്ങളും അടിസ്ഥാനസൗകര്യമില്ലായ്മയും ലോകപ്രശസ്തമായ ഒരു ക്ഷേത്രത്തിന്റെ ഖ്യാതിക്കും ചൈതന്യത്തിനും മങ്ങലേല്‍പ്പിക്കാന്‍ ഇട വരരുത്. സര്‍ക്കാരും ദേവസ്വംബോര്‍ഡും ഇക്കാര്യത്തില്‍ കൂടുതല്‍ ആര്‍ജ്ജവവും ഉത്സാഹവും ഉത്തരവാദിത്തവും കാണിച്ചേ തീരൂ…

shortlink

Related Articles

Post Your Comments


Back to top button