Latest NewsKerala

അതീവ സുരക്ഷാ മേഖലയായ എയര്‍പോര്‍ട്ടിലും കൈകൊട്ടികളി നടത്തുന്നു- നാമജപ പ്രതിഷേധത്തിനെതിരെ ജസ്റ്റിസ് കമാല്‍ പാഷ

കൊല്ലം•കോടതിയാണ് രാജ്യത്തെ മതങ്ങളുടെയും വിശ്വാസങ്ങളുടെയും കാര്യത്തില്‍ അന്തിമ വിധി പറയേണ്ടതെന്നും മറിച്ച് തന്ത്രിയും മന്ത്രിയുമാല്ലെന്നും മുന്‍ ഹൈക്കോടതി ജസ്റ്റിസ് കമാല്‍ പാഷ.

സത്യം വിളിച്ച്‌ പറഞ്ഞാല്‍ തന്റെ വീടിന് മുന്നിലും നാമജപം നടക്കുന്ന അവസ്ഥയാണിപ്പോള്‍. ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ അവമതിപ്പുണ്ടാകുന്ന സംഭവങ്ങളാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു അതീവ സുരക്ഷാ മേഖലയായ എയര്‍പോര്‍ട്ടിലും കൈകൊട്ടി കളി നടത്തുകയാണ്. ഒരു മുസ്ലിം എയര്‍പോര്‍ട്ടില്‍ ഇങ്ങനെ പ്രതിഷേധിച്ചാല്‍ വിവരമറിയും. ഭീകരവാദിയായി ചിത്രീകരിക്കും.പിന്നെ ജയിലില്‍ നിന്ന് ഇറങ്ങാന്‍ സമയം കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പുനലൂര്‍ ബാലന്‍ ഫൌണ്ടേഷന്‍ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം കൊല്ലത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസവും അതിന്റെ പ്രചാരണവും ആരാധനാ സ്വാതന്ത്ര്യവും ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശമാണെങ്കില്‍ അതില്‍ തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ ഇടപെടാനും കോടതിക്ക് അധികാരമുണ്ട്. നിയമത്തിന്റെ പ്രഖ്യാപനത്തിനു സുപ്രിംകോടതിക്കും നിയമനിര്‍മാണത്തിനു പാര്‍ലമെന്റിനുമാണ് അധികാരം. കോടതിയുടെ വിധി നടപ്പാക്കാന്‍ ഭരണഘടന സ്ഥാപനമെന്ന നിലയില്‍ സര്‍ക്കാര്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മതപ്രചാരണത്തിനും വിശ്വാസസ്വാതന്ത്ര്യത്തിനും ഭരണഘടന നല്‍കിയിരിക്കുന്ന അവകാശം എല്ലാവര്‍ക്കും തുല്യമാണെന്ന കാര്യം തന്നെയാണു ശബരിമലവിധിയുടെ സാരം. അവിടേക്ക് ആരെയും നിര്‍ബന്ധിച്ചു കൊണ്ടു പോകാനോ അവിടെ വരുന്ന വിശ്വാസികളെ തടയാനോ സുപ്രിംകോടതി ആര്‍ക്കും ചുമതല നല്‍കിയിട്ടില്ലെന്നും കെമാല്‍പാഷ പറഞ്ഞു.

ശബരിമല വിഷയം ഉപയോഗിച്ചു രാഷ്ട്രീയമായി വളരാമെന്ന് ആരെങ്കിലും വ്യാമോഹിക്കുന്നുണ്ടെങ്കില്‍ അതിന് അല്‍പായുസാണ്. ഹര്‍ത്താലും വഴിതടയലും ഒരു പാര്‍ട്ടിക്കും ഭൂഷണമല്ല. പ്രളയത്തില്‍ തകര്‍ന്നു നില്‍ക്കുന്ന കേരളത്തില്‍ നടക്കുന്ന ഓരോ ഹര്‍ത്താലുകളും സമരങ്ങളും നമ്മളെ കൂടുതല്‍ പ്രതിസന്ധിയിലേക്കു തള്ളിയിട്ടുകൊണ്ടിരിക്കുകയാണ്. പ്രളയജലത്തിനൊപ്പം നമ്മുടെ മനസിലുണ്ടായിരുന്ന നന്മകളും ഒലിച്ചുപോയെന്നു വേണം കരുതാന്‍. ശ്രീനാരായണ ഗുരുവിനെ പോലൊരു നേതാവോ കുമാരനാശാനെ പോലൊരു സാഹിത്യ നായകനോ ഇന്ന് ഇല്ലാത്തതാണു നമ്മള്‍ നേരിടുന്ന പ്രതിസന്ധിയെന്നും കെമാല്‍പാഷ അഭിപ്രായപ്പെട്ടു.

ആശാന് ശേഷം കേരളം കണ്ട ഏറ്റവും ശക്തനായ നവോത്ഥാന കവിയായിരുന്നു പുനലൂര്‍ ബാലനെന്നും കെമാല്‍ പാഷ പറഞ്ഞു.

ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡി. സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. വിഷ്ണുദേവ്, റഷീദ്, അനിത ബാലന്‍, സന്ധ്യ ബാലന്‍, സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു. വി. ഹര്‍ഷകുമാര്‍ സ്വാഗതം പറഞ്ഞു. പുനലൂര്‍ ബാലനെക്കുറിച്ച്‌ ഡി. സുരേഷ് കുമാര്‍ എഴുതിയ ‘ആഗ്നേയം” എന്ന കവിത സംഗതീജ്ഞന്‍ ടി.എസ്. ജയരാജ് ആലപിച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close