KeralaLatest News

സ്‌പെഷ്യല്‍ സ്‌കൂള്‍ ജീവനക്കാരോടുള്ള സര്‍ക്കാര്‍ അവഗണന; ജനുവരി 20 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം

തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ പരിശീലിപ്പിക്കുന്ന സംസ്ഥാനത്തെ സ്‌പെഷ്യല്‍ സ്‌കൂള്‍ ജീവനക്കാരോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ അംഗീകൃത സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന ആറായിരത്തിലധികം വരുന്ന ജീവനക്കാര്‍ ഡിസംബര്‍ 13ന് കേരള നിയമസഭാ മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്താന്‍ ഒരുങ്ങുന്നു. സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ന്യായമായ ശമ്പളം നിഷേധിക്കുന്നു എന്നാവശ്യപ്പെട്ട് കൊണ്ടാണ് പ്രതിഷേധം നടത്തുന്നത്.

സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ അധ്യാപകര്‍ക്ക് ലഭിക്കുന്ന ശമ്പളം 3800 രൂപ മുതല്‍ 6800 രൂപ വരെയാണ് എന്നാല്‍ തുല്യ യോഗ്യതയുള്ള ബഡ്‌സ് സ്‌കൂളിലെ അധ്യാപകര്‍ക്ക് 30650 രൂപയും ഐ.ഇ.ഡി യില്‍ 28500 രൂപയും ലഭിക്കുന്നു. തുല്യ യോഗ്യത ഉണ്ടായിട്ടും സ്‌പെഷ്യല്‍ സ്‌കൂള്‍ മേഖലയിലെ ജീവനക്കാര്‍ക്ക് ഇന്നും നീതി ലഭിച്ചിട്ടില്ല.പകരം പാലിക്കപ്പെടാത്ത കുറെ മോഹന വാഗ്ദാനങ്ങള്‍ മാത്രമായി ഒതുങ്ങുന്നു. കഴിഞ്ഞ സര്‍ക്കാര്‍ ഈ മേഖലയില്‍ കാലാകാലങ്ങളായി നടക്കുന്ന തെറ്റുതിരുത്തുന്നതിനായി 50 ല്‍ കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകളെ എയ്ഡഡ് പദവിയിലേക്ക് ഉയര്‍ത്തി ഉത്തരവും ഇറക്കിയിരുന്നു. എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ മാനദണ്ഡപ്രകാരമുള്ള മുഴുവന്‍ സ്‌പെഷ്യല്‍ സ്‌കൂളുകളെയും എയ്ഡഡ് ആക്കുമെന്ന് വാഗ്ദാനം നടത്തുകയുണ്ടായി.

എന്നാല്‍ ആ പ്രഖ്യാപനങ്ങളെല്ലാം കാറ്റില്‍ പറത്തി സ്‌പെഷ്യല്‍ സ്‌കൂള്‍ ജീവനക്കാരുടെ അവകാശങ്ങള്‍ തടഞ്ഞു വച്ചു. കഴിഞ്ഞവര്‍ഷം ഈ മേഖലയുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി ശ്രീ.ബിജു പ്രഭാകറിനെ നിയമിക്കുകയും ഒരു മാസം കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. നിയമസഭയില്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രി ശ്രീമതി. ഷൈലജ ടീച്ചര്‍ എം.എല്‍.എ മാരുടെ ചോദ്യങ്ങള്‍ക്ക് പലപ്പോഴായി സമഗ്ര പക്കേജ് നടപ്പാക്കുമെന്ന് പ്രഖ്യപനം നടത്തിയിരുന്നു. തുടര്‍നടപടികളൊന്നും നടന്നില്ല.സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കുള്ള ഗ്രാന്‍ഡ് ഇന്‍എയ്ഡ് 40 കോടിയാക്കി ഉയര്‍ത്തുമെന്ന് ധനകാര്യ മന്ത്രി ശ്രീ.തോമസ് ഐസക് പ്രഖ്യാപിച്ചു എന്നാല്‍ അതും വാക്കുകളില്‍ മാത്രമായി ഒതുക്കുന്നു. സ്‌പെഷ്യല്‍ സ്‌കൂള്‍ ജീവനക്കാര്‍ക്കായി തയ്യാറാക്കിയ സമഗ്ര പാക്കേജ് ഈ അധ്യായന വര്‍ഷം തന്നെ നടപ്പിലാക്കണം എന്നവശ്യപ്പെട്ടുകൊണ്ടാണ് കേരളത്തിലെ അംഗീകൃത സ്‌പെഷ്യല്‍ സ്‌കൂളുകളിലെ ജീവനക്കാര്‍ നിയമ സഭാ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. അനുകൂല നടപടി ഉണ്ടായില്ലങ്കില്‍ ജനുവരി 20 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുവാനായാണ് ജീവനക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button