KeralaLatest News

‘പെണ്ണുങ്ങള്‍ കേറിയതിനാണ് നടയടപ്പും ശുദ്ധികലശവും!’ പ്രതികരണവുമായി ദിപാ നിഷാന്ത്

തൃശ്ശൂര്‍ : ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നടക്കുന്ന പ്രതിഷേധങ്ങളെ വിമര്‍ശിച്ച് അധ്യാപിക ദീപാ നിഷാന്ത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ദീപ പ്രതികരണവുമായി രംഗത്തെത്തിയത്.

‘പെണ്ണുങ്ങള്‍ കേറിയതിനാണ് നടയടപ്പും ശുദ്ധികലശവും! കേറിയത് ദളിത് സ്ത്രീകളാവുമ്പോ കുറേക്കൂടി രോഷം കൂടും!അയിത്തായില്യേ’ !! എന്നാണ് പ്രതിഷേധക്കാര്‍ക്ക് നേരെ ദീപയുടെ പരിഹാസ്യം. വി.ടി ഭട്ടതിരിപ്പാടിന്റെ ജാതിയതയ്‌ക്കെതിരായ പോരാട്ടങ്ങളെ കുറിച്ചും തൊഴില്‍കേന്ദ്രത്തിലേയ്ക്ക് എന്ന പഴയ നാടകത്തിലെ സംഭഷണങ്ങളും ഉദ്ദരിച്ച് കൊണ്ടാണ് ദീപ തന്റെ നിലപാട് വ്യക്തമാക്കുന്നത്.
ഓരോ സമരശരികളും തിരിച്ചറിയപ്പെടുന്നത് അതാത് കാലഘട്ടത്തിലാകണമെന്നില്ല. പില്‍ക്കാലചരിത്രങ്ങളിലെ തിളങ്ങുന്ന അധ്യായങ്ങളായിരിക്കും നിലവിലെ പല എടുത്തുചാട്ടങ്ങളും. അതുവരെ നിലവിളികളും ഹര്‍ത്താലുകളും തുടരും. എന്നും ദീപ കുറിച്ചു

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പെണ്ണുങ്ങൾ കേറിയതിനാണ് നടയടപ്പും ശുദ്ധികലശവും! കേറിയത് ദളിത് സ്ത്രീകളാവുമ്പോ കുറേക്കൂടി രോഷം കൂടും!

അയിത്തായില്യേ !!

ഇരിപ്പിടമിളകുന്നതിന്റെ ഭയമാണ്!

‘തൊഴിൽകേന്ദ്രത്തിലേക്ക് ‘ എന്നൊരു നാടകമുണ്ട്… 1948 ൽ പ്രസിദ്ധീകരിച്ചതാണ്.അതിലൊരു വക്കീലുണ്ട്.അയാളുടെ വലിയൊരാശങ്ക ഇപ്രകാരമാണ്:

“സ്ത്രീകള് പ്രസവൊക്കെ ഉപേക്ഷിച്ച് ഭർത്താക്കന്മാരെ ഒക്കെ വേണ്ടാച്ച് അങ്ങട്ട് പോയാലോ? എങ്ങനെ ഈ ലോകം നടക്കും? കരിവാന്മാര് ഇരുമ്പ് പണിക്കൊന്നും തയ്യാറില്ല! കേമാവില്ല്യേ? വെളുത്തേടന്മാര് അലക്കാൻ ഭാവല്യ! എന്താ കഥ !എത്ര ബുദ്ധിമുട്ടുണ്ടാവും? ഒന്ന്വറിയാണ്ടല്ല പണ്ടുള്ളോര് ഓരോരുത്തർക്കും ഓരോ ജോലീന്ന് വച്ചിട്ടുള്ളത് !”

സംഗതി അതന്നെ! ഓരോരുത്തർക്കും ഓരോ പണി പറഞ്ഞിട്ട്ണ്ട്! അതങ്ങ്ട്‌ ചെയ്താ മതി! അനാചാരങ്ങളോട് ഇഞ്ചോടിഞ്ച് പൊരുതിത്തന്നെയാണ് ഒരു ജനാധിപത്യമതേതരസമൂഹം അതിന്റെ നവോത്ഥാനനാൾവഴികൾ പിന്നിട്ടത് എന്നും പറഞ്ഞു ഇവിടെ ആരും വരേണ്ടതില്ല !! ഞങ്ങള് ചെവി പൊത്തിക്കളയും!

“ഞാനൊരു ശാന്തിക്കാരനായിരുന്നെങ്കിൽ വെച്ചു കഴിഞ്ഞ നിവേദ്യം വിശന്നുവലയുന്ന കേരളത്തിലെ പാവങ്ങൾക്ക് വിളമ്പിക്കൊടുക്കും . ദേവന്റെ മേൽ ചാർത്തിക്കഴിഞ്ഞ പട്ടുതിരിയുടയാട അർദ്ധനഗ്നരായ പാവങ്ങളുടെ അരമറയ്ക്കാൻ ചീന്തിക്കൊടുക്കും. പുകഞ്ഞു തുടങ്ങിയ ധൂപം അമ്പലത്തിലുള്ള പെരുച്ചാഴികളെ -നമ്പൂതിരി, പട്ടർ തുടങ്ങിയ വർഗ്ഗങ്ങളെ – പുറത്തോടിച്ച് കളയാനാണ് ഉപയോഗിക്കുക.” [സമ്പൂർണ കൃതികൾ – വി ടി ഭട്ടതിരിപ്പാട് ]

സവർണ്ണതയുടെ ‘സവിശേഷപദവികൾ ‘സ്വയം നിരാകരിച്ച് അകത്തും പുറത്തും സമരം നടത്തിയ വി ടി ഭട്ടതിരിപ്പാടും ഒരിക്കൽ ശാന്തിക്കാരനായിരുന്നു.

ഓരോ സമരശരികളും തിരിച്ചറിയപ്പെടുന്നത് അതാത് കാലഘട്ടത്തിലാകണമെന്നില്ല. പിൽക്കാലചരിത്രങ്ങളിലെ തിളങ്ങുന്ന അധ്യായങ്ങളായിരിക്കും നിലവിലെ പല എടുത്തുചാട്ടങ്ങളും. അതുവരെ നിലവിളികളും ഹർത്താലുകളും തുടരും.

https://www.facebook.com/deepa.nisanth/posts/1049893765217319

shortlink

Related Articles

Post Your Comments

Related Articles


Back to top button