KeralaLatest News

മനുഷ്യത്വം മരിച്ചിട്ടില്ല: പഴയ മൊബൈല്‍ ഫോണുമായി നിറകണ്ണുകളോടെ അടുത്തു വന്ന വൃദ്ധയ്ക്ക് തണലായി ഡെലിവറി ബോയ്, വൈറല്‍ കുറിപ്പ്

എന്റെ പോസ്റ്റ് ഞാന്‍ എന്തോ മഹത്തരം ചെയ്തു എന്ന് വിളിച്ചറിയിച്ചു പ്രീതി പറ്റാനോ അല്ല

തൊടുപുഴ: ആരും സഹായിക്കാനില്ലെന്ന് ബോധ്യപ്പെടുന്ന നിമിഷങ്ങളിലും ദൈവ ദൂതന്മാരെപ്പോലെ ചിലര്‍ നമ്മുടെ ജീവിതത്തിലേയ്ക്ക് കടന്നു വരാറുണ്ട്. പരസ്പരം ഊരോ പേരോ അറിയാതെ എവിടെ നിന്നോ എത്തുന്ന അവര്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത നന്മയുടെ ഒരു കൂടാരം കെട്ടിയിട്ടാടും പിരിയുന്നത്. അത്തരത്തില്‍ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം തൊടു പുഴയില്‍ നടന്നത്. ഇവിടെ കൊച്ചു മകന്റെ ചികിത്സയ്ക്ക് പണം തികയാതെ എന്തു ചെയ്യണമെന്ന് അറിയാതെ കണ്ണീരോടെ നടന്ന ഒരു വൃദ്ധയ്ക്ക് തുണയായത് സാധാരണക്കാരനായ ഒരു ഡെലിവറി ബോയ് ആണ്. ഫ്‌ളിപ്കാര്‍ട്ട് ഡെലിവറി ബോയ് ആയ ഷംനാസ് തന്നെയാണ് ഈ അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. മറ്റുള്ളവരെ സഹായിക്കാന്‍ വലിയ ഉദ്യോഗമോ പണമോ പ്രശസ്തിയോ ഒന്നും വേണ്ട എന്നാണ് ഷ്ംനാസ് പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

ഇന്നലെ ഫ്‌ലിപ്കാര്‍ട്ടിന്റെ ഒരു ഡെലിവെറിയുമായി തൊടുപുഴയിലെ ഒരു ഹോസ്പിറ്റലില്‍ ചെന്നു.. കസ്റ്റമറിന്റെ കൈയില്‍ നിന്ന് കാശും വാങ്ങി ഇറങ്ങുമ്പോഴാണ് മധ്യവയസ്‌കയായ ഒരു ‘അമ്മ റിസപ്ഷന് മുന്നില്‍ ഇരിക്കുന്ന എല്ലാവരുടെയും മുന്നില്‍ ഒരു മൊബൈല്‍ ഫോണുമായി നടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്.. പത്രത്തില്‍ മുഴുകി ഇരിക്കുന്ന മുതിര്‍ന്നവരും മൊബൈലില്‍ പബ്ജി കളിച്ചു ലൈഫ് കോഞ്ഞാട്ടയാക്കുന്ന ന്യൂ ജെനെറേഷന്‍ പുള്ളകളും ആ അമ്മയെ മൈന്‍ഡ് ചെയ്യുന്ന പോലുമില്ല.. വല്ല ലോക്കും തുറക്കാനോ അല്ലേല്‍ റീചാര്‍ജ് ചെയ്യുവാനോ ആയിരിക്കുമെന്ന് കരുതി ഞാന്‍ അവരുടെ അടുത്ത് ചെന്ന്.. കലങ്ങിയ അവരുടെ കണ്ണുകള്‍ കണ്ടപ്പോള്‍ മനസ്സിലായി അവര്‍ക്കു വേറെ എന്തോ ആണ് പ്രശ്‌നമെന്ന്..ല്‍ ഞാന്‍ ചോദിച്ചു എന്ത് പറ്റി ചേച്ചീ ഫോണിന് എന്ന്… അപ്പൊ അവര്‍ പറഞ്ഞു മോന്‍ ഈ ഫോണ്‍ ഒന്നെടുത്തിട്ട് എനിക്കൊരു 1500 രൂപ തരണമെന്ന്… ഞാന്‍ ആകെ വല്ലാണ്ടായി..

എന്താണ് പ്രശ്നം എന്ന് തിരക്കിയപ്പോള്‍ അവര്‍ പറഞ്ഞു പേര് മീനാക്ഷിയെന്നാണ് വണ്ണപ്പുറത്താണ് വീട് കൊച്ചുമകനെയും കൊണ്ട് മരുന്നിനു വന്നതാണ്.. പക്ഷെ ചികിത്സയും മരുന്ന് മെഡിക്കലും ഒക്കെ കഴിഞ്ഞപ്പോ കയ്യിലുള്ള ക്യാഷ് തികഞ്ഞില്ല… കയ്യിലുള്ളത് കൊച്ചുമകന്റെ മൊബൈല്‍ ആണ്.. അത് വിറ്റാല്‍ കിട്ടുന്ന പണം കൊണ്ട് മരുന്നും മേടിച്ചു അവര്‍ക്കു മടങ്ങണം… കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അവരുടെ മകന് മരണപെട്ടതാണ്. ഭാര്യ വിവാഹമോചനം നേടി പോയതുമാണ്. ഈ കൊച്ചുമകനും അമ്മയും മാത്രമാണ് താമസം. കൊച്ചുമകന്‍ അരുണ്‍ ഒരു 18 വയസ്സ് കാണും. ഹോട്ടലില്‍ വെയ്റ്ററാണ്. അതാണവരുടെ ആകെ വരുമാനം.. ആ പയ്യനെ ഞാനൊന്നു നോക്കി പനിച്ചു അവശനാണ്…
എനിക്ക് അവരുടെ അവസ്ഥ കണ്ട് സഹായിക്കണം എന്നുണ്ട്. എന്നാല്‍ ബാഗുമായി ഡെയിലി 400രൂപയ്ക്കു ഡെലിവെറിക്ക് പോകുന്ന ഞാന്‍ എങ്ങിനെ സഹായിക്കുമെന്ന് ഓര്‍ത്തപ്പോഴാണ് ആ ‘അമ്മ വീണ്ടും മൊബൈല്‍ എന്റെ നേരെ നീട്ടിയത് . നല്ല പഴക്കം ഉണ്ട് ആ മൊബൈലിനു. കൂടാതെ കുറച്ചു പൊട്ടലും ഏറിവന്നാല്‍ ഒരു 800 രൂപ കിട്ടും.. എന്നാലും ഞാന്‍ അത് അവരുടെ കൈയില്‍ നിന്ന് വാങ്ങി. തൊടുപുഴ സ്‌റാന്‍ഡിലുള്ള സുഹൃത്തിന്റെ മൊബൈല്‍ കടയില്‍ ചെന്ന് കാര്യം പറഞ്ഞപ്പോള്‍ അവന്‍ ഒരു 700 രൂപ തരാം എന്നുപറഞ്ഞു… അത് ഒന്നുമാകില്ലന്നു പറഞ്ഞപ്പോള്‍ അവന്‍ 200 രൂപകൂടി കൂട്ടി തരാം എന്ന് പറഞ്ഞു. പക്ഷെ അതുകൊണ്ടും തീരില്ലല്ലോ… അവസാനം അവന്റെ കൈയില്‍ നിന്ന് 500രൂപ കടം വാങ്ങി ഞാന്‍ അവിടെനിന്നു ഇറങ്ങി..

അടുത്തുള്ള സ്റ്റേറ്റ് ബാങ്ക് എടിഎം കയറി ബാലന്‍സ് നോക്കി 1300രൂപ. അതില്‍ നിന്നു 1000 രൂപയും എടുത്തു ആശുപത്രി ലക്ഷ്യമാക്കി പറന്നു… അവിടെ ചെന്നപ്പോള്‍ ആ അമ്മ ആകാംക്ഷ നിറഞ്ഞ കണ്ണുകളോടെ ചോദിച്ചു ‘മോനെ പൈസ കിട്ടിയോ??’ ഞാന്‍ പറഞ്ഞു കിട്ടിയെന്നു. ഇന്‌ജെക്ഷന്റെ ക്ഷീണമുണ്ടെങ്കിലും ആ പയ്യന്‍ എന്റെ നേരെ ഒന്ന് നോക്കി. അവനറിയായിരിക്കണം ആ ഫോണിന് 1500 കിട്ടില്ല. എന്ന് എന്നാലും ഞാനൊന്നുമറിഞ്ഞില്ലേ എന്നമട്ടില്‍ ഞാന്‍ നിന്ന്… അവസാനം മരുന്നും മേടിച്ചു അവരെ തൊടുപുഴ സ്റ്റാന്‍ഡില്‍ നിന്ന് വണ്ണപ്പുറം ബസിനു കയറ്റി യാത്രയാക്കന്‍ നേരം ആ അമ്മ പറഞ്ഞു മോനേ മോന്‍ ആരാണെന്നറിയില്ല പക്ഷെ എവിടെ പോയാലും മോന് ഐശ്വര്യവും ഉയര്‍ച്ചയും ഉണ്ടാകും… പാതി കേള്‍കാത്തതാണെങ്കിലും വികാരം നിറഞ്ഞ ആ അമ്മയുടെ വാക്കുകള്‍ എന്റെ ചെവിയില്‍ ഇപ്പോഴും മുഴങ്ങുന്നു…

ചിലപ്പോ നമ്മുടെ കുറച്ചു സമയവും നമ്മള്‍ ചുമ്മാ പിടിച്ചിരിക്കുന്ന രൂപയും ഉണ്ടെങ്കില്‍ ചില മുഖത്ത് പുഞ്ചിരി കൊണ്ടുവരാന്‍ കഴിയുമെന്ന ചിന്തയോടെ ആ മൊബൈലും പോക്കറ്റിലിട്ടു അടുത്ത ഡെലിവെറിക്കായി ഞാന്‍ തൊടുപുഴ ജ്യോതി സൂപ്പര്‍ ബസാര്‍ ലക്ഷ്യമാക്കി നീങ്ങി …

എന്റെ പോസ്റ്റ് ഞാന്‍ എന്തോ മഹത്തരം ചെയ്തു എന്ന് വിളിച്ചറിയിച്ചു പ്രീതി പറ്റാനോ അല്ല. മറിച്ചു എനിക്കൊരു ആശയമുണ്ട് അത് പങ്കുവയ്ക്കുവാന്‍ വേണ്ടിയാണ്. നമ്മുടെ മുന്നില്‍ കൈനീട്ടുന്നത് ആരായാലും അവരെ കണ്ടില്ലന്നു നടിക്കരുത്. നമ്മളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യുക കാരണം നാളെ നമുക്കൊരു സഹായം ആവശ്യം വരുമ്പോള്‍ നമ്മള്‍ ചെയ്തത്തിന്റെ ഫലം കിട്ടുകതന്നെ ചെയ്യും. അതിനുള്ള മനസ്സ് എല്ലാവര്ക്കും ഉണ്ടാകട്ടെ.

https://www.facebook.com/shamnaas.yoosuff/posts/1490540601077358

shortlink

Related Articles

Post Your Comments

Related Articles


Back to top button