Latest NewsKuwait

വ്യാജന്‍മാരെ പിടിക്കാന്‍ നിയമം

കുവൈത്ത് സിറ്റി: സാമൂഹിക മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ നിയമം മൂലം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നീക്കം. സൈബര്‍ കുറ്റകൃത്യങ്ങളും ഇന്റര്‍നെറ്റ് വഴിയുള്ള വിദ്വേഷ പ്രചാരണവും ഇല്ലാതാക്കുക, ദേശീയ സുരക്ഷ ഉറപ്പുവരുത്തുക, തീവ്രവാദ നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്നതും ഇസ്ലാമികാധ്യാപനങ്ങള്‍ക്ക് വിരുദ്ധമായതുമായ സന്ദേശങ്ങള്‍ തടയുക എന്നിവയാണ് നടപടിയുടെ പ്രധാനലക്ഷ്യം. വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തുന്നത് എന്നതിനാല്‍ വ്യാജ അക്കൗണ്ടുകള്‍ ഇല്ലാതാക്കുന്നതിനാണ് അധികൃതര്‍ പ്രഥമ പരിഗണന നല്‍കുന്നത്.

അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്റെ നിര്‍ദേശപ്രകാരമാണ് സാമൂഹിക മാധ്യമങ്ങളിലെ തെറ്റായ പ്രവണതകളെ തിരുത്താന്‍ അധികൃതര്‍ നിയമനിര്‍മാണത്തിനൊരുങ്ങുന്നത്. ജി.സി.സിയിലേതുള്‍പ്പെടെ ചില വിദേശരാജ്യങ്ങള്‍ വ്യാജ സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ നിയന്ത്രിക്കുന്നതിനായി സ്വീകരിച്ച നടപടികളും അവിടങ്ങളിലെ നിയമങ്ങളും അധികൃതര്‍ പഠിക്കും. സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെട്ട കരടുനിയമം സര്‍ക്കാറിന്റെ മുന്നിലുണ്ട്.

നേരത്തെ, സാമൂഹിക മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിനായി കുവൈത്ത് സര്‍ക്കാര്‍ പ്രത്യേക സോഫ്റ്റ്വെയര്‍ സ്വന്തമാക്കാന്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയവയിലെ നിയമവിരുദ്ധമായ ഉള്ളടക്കം കണ്ടെത്താനാണ് സോഫ്റ്റ്വെയര്‍ ഉപയോഗിക്കുക. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് 75000 ദീനാറാണ് ചെലവ് കണക്കാക്കുന്നത്. വ്യാജപേരും ചിഹ്നങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന അക്കൗണ്ടുകള്‍ പൂട്ടിക്കാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ വര്‍ഷം ട്വിറ്റര്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button