KeralaLatest News

ആലപ്പാട് സമരം: ജയരാജന്‍ മാപ്പു പറയണമെന്ന് ചെന്നിത്തല

ചര്‍ച്ചയ്ക്ക് മുന്‍പേ തന്നെ സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചത് ശരിയായില്ല

കൊല്ലം: ആലപ്പാട് വിഷയത്തില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ സമരം നടത്തുന്നത് മലപ്പുറത്തുകാരാണെന്ന മന്ത്രിയുടെ പ്രസ്താവന പിന്‍വലിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. മലപ്പുറത്തുകാരല്ല ആലപ്പാട്ടുകാരാണ് സമരം നടത്തുന്നത്. ആ പ്രസ്താവന പിന്‍വലിച്ചു വ്യവസായമന്ത്രി മാപ്പുപറയണം. സമരം ചെയ്യുന്നവരെ ആക്ഷേപിക്കരുത്. അതേസമയം ആലപ്പാട്ടെ അനിയന്ത്രിതമായ കരിമണല്‍ ഖനനം വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. ആലപ്പാട് ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമര സമിതി നേതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകണം. ചര്‍ച്ചയ്ക്ക് മുന്‍പേ തന്നെ സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചത് ശരിയായില്ല. ആലപ്പാട് വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വളരെ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ആലപ്പാടേത്. ആലപ്പാടിനെക്കുറിച്ചുള്ള നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തു വിടണം. അനിയന്ത്രിതമായ ഖനനം വലിയ പ്രശ്‌നങ്ങളുണ്ടാക്കും. സര്‍ക്കാര്‍ ഇതെല്ലാം പരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ആലപ്പാട് സമരത്തിന് ചെന്നിത്തല ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അതേസമയം ചെന്നിത്തലയുടെ ആലപ്പാട് സന്ദര്‍ശനത്തിനിടെ ഐ.ആര്‍.ഇ ജീവനക്കാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഖനനം നിര്‍ത്തി വച്ചാല്‍ അത് തങ്ങളുടെ തൊഴില്‍ നഷ്ടത്തിന് കാരണമാക്കുമെന്ന് തൊഴിലാളികള്‍ പറഞ്ഞു്. എന്നാല്‍ തങ്ങളുടെ വീടിനും ജീവനും ഭീഷണിയായി ഖനനം അവസാനിപ്പിക്കണം എന്നായിരുന്നു സമരസമിതിക്കാരുടെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button