KeralaLatest News

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തെ നനഞ്ഞ പടക്കത്തോട് ഉപമിച്ച് തോമസ് ഐസക്

കൊല്ലം ബെെപ്പാസ് നാടിന് സമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി കേരളം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ സന്ദര്‍ശനത്തെ കടുത്ത ഭാഷയില്‍ വിര്‍ശിച്ചിരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്. ഉത്തരേന്ത്യയിലെ ചെപ്പടി വിദ്യ കേരളത്തില്‍ ചിലവാകില്ലെന്നും സന്ദര്‍ശനം നനഞ്ഞ പടക്കം മാതിരി ആയിപ്പോയെന്നും തോമസ് ഐസക് വിമര്‍ശിച്ചു. പ്രവര്‍ത്തകരെ പോലും ആവേശം കൊളളിക്കാന്‍ പ്രധാനമന്ത്രിക്ക് കഴി‍ഞ്ഞില്ലെന്നും അദ്ദേഹം ഫേസ് ബുക്കിലൂടെ പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം …

വേദിയിലുള്ള നേതാക്കളെയും സദസിലുള്ള അണികളെയും പോലും ആവേശം കൊള്ളിക്കാത്ത പ്രസംഗമാണ് പ്രധാനമന്ത്രി കൊല്ലത്തു നടത്തിയത്. സംഘപരിവാറുകാരെ ആ പ്രസംഗം ആവേശം കൊള്ളിക്കാത്തതിനു കാരണമുണ്ട്. സാക്ഷരതയുടെയും സാമൂഹ്യബോധത്തിന്റെയും രാഷ്ട്രീയനിലപാടിന്റെയും കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു ജനതയെ ഉത്തരേന്ത്യൻ രീതിയിൽ കബളിപ്പിക്കാൻ ബിജെപി നേതാക്കൾക്കു കഴിയില്ല.

പത്രം വായിച്ചും ചാനലുകൾ വീക്ഷിച്ചും സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായും വിവരങ്ങൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയും അതിൻ്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയബോധ്യം രൂപപ്പെടുത്തുകയും ചെയ്യുന്നവരാണ് കേരളീയർ. നരേന്ദ്രമോദിയെപ്പോലുള്ളവർക്ക് അറിയാവുന്ന ചെപ്പടിവിദ്യകളൊന്നും ഇവിടെ ബിജെപിക്കാരുടെ മുന്നിൽപ്പോലും ചെലവാകില്ല. അതുകൊണ്ടാണ് സദസും വേദിയും അദ്ദേഹത്തിൻ്റെ പ്രസംഗത്തെ തികഞ്ഞ നിസംഗതയോടെ വരവേറ്റത്.

ശബരിമലയെക്കുറിച്ചുള്ള മോദിയുടെ പ്രസ്താവന നോക്കൂ. സുപ്രിംകോടതി വിധി നടപ്പാക്കിയത് അറപ്പുളവാക്കുന്ന കൃത്യമാണത്രേ. ഭരണഘടനയെയും നിയമവാഴ്ചയെയും മാനിക്കുന്ന ഒരു പ്രധാനമന്ത്രിയ്ക്ക് ഒരിക്കലും പറയാനാവാത്ത കാര്യം.

ശബരിമല വിഷയത്തിൽ ബിജെപിയുടെ സ്ഥിരതയുള്ള നിലപാടിനെക്കുറിച്ച് മോദി ഊറ്റം കൊള്ളുമ്പോൾ സദസിലിരുന്നവർ ബിജെപി സംസ്ഥാന പ്രസിഡൻ്റ് ശ്രീധരൻ പിള്ളയുടെ ഭാവമായിരിക്കും കൌതുകത്തോടെ വീക്ഷിച്ചിട്ടുണ്ടാവുക. ഓരോ ദിവസവും ഓരോ ആഴ്ചയും ഓരോ നിലപാട് ഇക്കാര്യത്തിൽ മാറ്റിപ്പറഞ്ഞ് സമൂഹമധ്യത്തിൽ പരിഹാസ്യനായി നിൽക്കുന്ന അദ്ദേഹത്തെ വേദിയിരുത്തി ഇത്തരത്തിൽ പ്രസംഗിച്ചത് വലിയ സാഹസമായിപ്പോയി. ചിരിയമർത്താൻ പാടുപെട്ട സദസ് കൈയടിക്കാൻ മറന്നത് സ്വാഭാവികം.

അതുപോലെ പ്രസംഗം പരിഭാഷപ്പെടുത്തിയ വി മുരളീധരൻ എംപിയും “സ്ഥിരതയുള്ള നിലപാടിൻ്റെ” കാര്യത്തിൽ തനതായ സംഭാവന നൽകിയിരുന്നു.. ഇവിടെ സമരരംഗത്തുള്ള അദ്ദേഹമാണല്ലോ, ഭക്തരായ സ്ത്രീകൾ ശബരിമലയില്‍ എത്തുന്നതിൽ‍ പ്രശ്നമില്ലെന്നും സുപ്രീം കോടതി വിധി നടപ്പാക്കുക സംസ്ഥാന സർക്കാരിൻ്റെ ഉത്തരവാദിത്വമാണെന്നുമൊക്കെ ദേശീയ ചാനലിൽ ചെന്നിരുന്നു വാദിച്ചത്.

അതുപോലെയാണ് ആയുഷ്മാൻ ഭാരത് ഇൻഷ്വറൻസ് പദ്ധതിയുടെ കാര്യം. രാജ്യത്തിനാകെ മാതൃകയായ പൊതുആരോഗ്യസംവിധാനങ്ങളും ആരോഗ്യഇൻഷ്വറൻസ് പദ്ധതികളും ഉള്ള സംസ്ഥാനമാണ് കേരളം. കൊല്ലം പീരങ്കി മൈതാനത്ത് തടിച്ചുകൂടിയ ബിജെപിക്കാരും കുടുംബാംഗങ്ങളുമടക്കം എത്രയോ പേർ ആ പദ്ധതികളുടെ ഗുണഭോക്താക്കളാണ്. വെറുതെയല്ല, ആയുഷ്മാൻ ഭാരത് പദ്ധതിയുടെ പേരിൽ നടത്തിയ അവകാശവാദം അണികൾ പോലും കൈയടിച്ചു സ്വീകരിക്കാതിരുന്നത്.

അമ്പതുകോടിപേർക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകുമെന്നാണ് പ്രധാനമന്ത്രി കൊട്ടിഘോഷിച്ചത്. ഒരാൾക്ക് എത്ര രൂപ തരും, കേന്ദ്രം? അതു മാത്രം പറഞ്ഞില്ല. 1100 രൂപ പ്രീമിയമടച്ചാൽ എങ്ങനെയാണ് അഞ്ചു ലക്ഷം രൂപയുടെ ഇൻഷ്വറൻസ് ആനുകൂല്യം നൽകാനാവുക? ആ തുക കിട്ടണമെങ്കിൽ, പ്രീമിയമായി ഏഴായിരം രൂപയോളം അടയ്ക്കേണ്ടി വരും. ആ പണം ആരു നൽകും?

കാരുണ്യ, ചിസ്, ചിസ് പ്ലസ് പദ്ധതികൾ മാതൃകാപരമായി നടത്തിക്കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. ഉള്ളിന്റെ ഉള്ളിലെങ്കിലും അക്കാര്യം ബിജെപിയുടെ അണികളും അനുഭാവികളും അംഗീകരിക്കുകയും ചെയ്യും. കാരണം, അവരുടെ കുടുംബങ്ങളിലും ആ ഇൻഷ്വറൻസ് ആനുകൂല്യം എത്തിയിട്ടുണ്ട്. ആയുഷ്മാൻ ഭാരതിന്റെ ഗുണഭോക്താക്കളെ സമൂഹത്തിനു മുന്നിൽ അങ്ങനെ പരിചയപ്പെടുത്താൻ ബിജെപിയ്ക്കു കഴിയില്ല.

ഏതായാലും ഒരുകാര്യം ഇപ്പോൾ പറയാം. ആയുഷ്മാൻ ഭാരത് പദ്ധതിയ്ക്ക് മറുപടി ഇത്തവണത്തെ കേരള ബജറ്റിലുണ്ടാകും. ജനുവരി 31ന് അതു രാജ്യം കാണും.

പൊതുസമൂഹത്തിൻ്റെ വിചാരണക്കോടതിയിൽ കുറ്റവാളികളുടെ വേഷത്തിലാണ് ബിജെപി. ചെന്നുപെട്ട ഊരാക്കുടുക്കിൽ നിന്ന് കരകയറാനാണ് അവർ നരേന്ദ്രമോദിയെത്തന്നെ ക്ഷണിച്ചുകൊണ്ടുവന്നത്. പക്ഷേ, നനഞ്ഞ പടക്കമായിപ്പോയി എന്നു മാത്രം.

https://www.facebook.com/thomasisaaq/photos/a.210357065647109/2527227837293342/?type=3&__xts__%5B0%5D=68.ARCP1wggTnEDV0xBDaS0ZVhwcUT5C2XZ_REauV6bUKZNYh8wtha_2BGxkLD64NmskaeG8Fdhq569cCbC8SheJrVm7EIg-9QLPtMEb51OA09EyBNAo3OY0GFHtvqrIOc2vB3t9dk3O0SrYTnaqRUSnp39jOSUwrVyv6audxPSnS5u-4_OCZN-84H4czGa2Kf1_TFDA_2abYaSrJYClEfi3S-D9pON2DUyQXZ9919Lw3h8Usby5z7GgO49USE5wS5NOLVTimzVzKN0alW9QW_E2aiSh44j2eTm8wWgyVMbcZrNo722DJ2xZPHhU0piPafzlwGLLQcDpaaSbhYhBb9dldNmbQ&__tn__=-R

 

shortlink

Related Articles

Post Your Comments

Related Articles


Back to top button